കോച്ചും, ക്യാപ്റ്റനും ഇല്ലെങ്കിലും ബ്ലാസ്റ്റേഴ്‌സ് കുലുങ്ങില്ല; പഞ്ചാബിന്റെ എല്ലൊടിച്ചു
ISL
കോച്ചും, ക്യാപ്റ്റനും ഇല്ലെങ്കിലും ബ്ലാസ്റ്റേഴ്‌സ് കുലുങ്ങില്ല; പഞ്ചാബിന്റെ എല്ലൊടിച്ചു
സ്പോര്‍ട്സ് ഡെസ്‌ക്
Thursday, 14th December 2023, 10:09 pm

ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ പഞ്ചാബ് എഫ്.സിക്കെതിരെ കേരളാ ബ്ലാസ്റ്റേഴ്സിന് തകര്‍പ്പന്‍ ജയം. ഏകപക്ഷീയമായ ഒരു ഗോളിനായിരുന്നു ബ്ലാസ്റ്റേഴ്സിന്റെ വിജയം. കേരളത്തിന്റെ പരിശീലകന്‍ ഇവാന്‍ വുകോമനോവിച്ചും നായകന്‍ അഡ്രിയാന്‍ ലൂണയും ഇല്ലാതെയായിരുന്നു ബ്ലാസ്റ്റേഴ്സ് കളത്തിലിറങ്ങിയത്.

ബ്ലാസ്റ്റേഴ്സ് പരിശീലകന്‍ റഫറിമാരെ വിമര്‍ശിച്ചതിന് പിന്നാലെ ഒരു മത്സരത്തിന് വിലക്ക് നേരിട്ടിരുന്നു. അതേസമയം ലൂണ കാല്‍ മുട്ടിനേറ്റപരിക്കിന് പിന്നാലെ ടീമില്‍ നിന്നും പുറത്തായിരുന്നു.

പഞ്ചാബിന്റെ ഹോം ഗ്രൗണ്ടായ ദല്‍ഹി ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ 4-4-2 എന്ന ഫോര്‍മേഷനിലാണ് ഇരുടീമുകളും കളത്തിലിറങ്ങിയത്.

മത്സരത്തിന്റെ ആദ്യപകുതിയില്‍ ഇരുടീമുകളും മികച്ച നീക്കങ്ങള്‍ നടത്തിയെങ്കിലും സ്‌കോര്‍ ലൈന്‍ ചലിപ്പിക്കാന്‍ ഇരുടീമിനും സാധിച്ചില്ല. രണ്ടാം പകുതി തുടങ്ങി 51ാം മിനിട്ടില്‍ കേരള ബ്ലാസ്റ്റേഴ്‌സിന്റെ മികച്ച മുന്നേറ്റം തടയാന്‍ ശ്രമിച്ച പഞ്ചാബ് ഡിഫന്‍ഡറുടെ പിഴവില്‍ നിന്നും ബ്ലാസ്റ്റേഴ്സിന് അനുകൂലമായി പെനാല്‍ട്ടി ലഭിക്കുകയായിരുന്നു.

പെനാല്‍ട്ടി എടുത്ത ബ്ലാസ്റ്റേഴ്സ് സൂപ്പര്‍ സ്ട്രൈക്കര്‍ ദിമിത്രിയോസ് ഡയമന്‍ഡക്കോസിന് പിഴച്ചില്ല. പഞ്ചാബ് ഗോള്‍ കീപ്പറെ ഇടതു ഭാഗത്തേക്ക് കബളിപ്പിച്ചു വീഴ്ത്തി കൃത്യമായി പന്ത് വലതു കോര്‍ണറിലേക്ക് അടിച്ചു കയറ്റുകയായിരുന്നു.

തൊട്ടടുത്ത നിമിഷങ്ങളില്‍ കേരളത്തിന് അനുകൂലമായി ലഭിച്ച ഫ്രീകിക്ക് പഞ്ചാബ് പോസ്റ്റിലിടിച്ചു തെറിച്ചു പോവുകയായിരുന്നു.

മത്സരത്തിന്റെ 74ാം മിനിട്ടില്‍ വിപിന്‍ സിങ്ങിന്റെ ഒരു ബുള്ളറ്റ് ഷോട്ട് പഞ്ചാബ് ഗോള്‍കീപ്പര്‍ തട്ടി അകറ്റുകയായിരുന്നു. മറുപടി ഗോളിനായി പഞ്ചാബ് മികച്ച നീക്കങ്ങള്‍ നടത്തിയെങ്കിലും ബ്ലാസ്റ്റേഴ്‌സ് പ്രതിരോധം മറികടക്കാന്‍ അവര്‍ക്ക് സാധിച്ചില്ല.

ഒടുവില്‍ ഫൈനല്‍ വിസില്‍ മുഴങ്ങുമ്പോള്‍ എതിരില്ലാത്ത ഒരു ഗോളിന് കേരള ബ്ലാസ്റ്റേഴ്സ് തകര്‍പ്പന്‍ വിജയം സ്വന്തമാക്കുകയായിരുന്നു.

ജയത്തോടെ പത്ത് മത്സരങ്ങളില്‍ നിന്നും 20 പോയിന്റുമായി രണ്ടാം സ്ഥാനത്താണ് ബ്ലാസ്റ്റേഴ്സ്. മറുഭാഗത്ത് പഞ്ചാബ് ഇത്രതന്നെ മത്സരങ്ങളില്‍ നിന്നും അഞ്ച് പോയിന്റുമായി 11ാം സ്ഥാനത്താണ്.

Content Highlight: Kerala blasters beat Punjab fc in Indian super league.