കൊച്ചി ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ഇരുടീമുകളും 4-2-2 എന്ന ഫോര്‍മേഷനിലാണ് കളത്തിലിറങ്ങിയത്.
മത്സരത്തിന്റെ 15ാം മിനിട്ടില്‍ ഡിഗോ മൗറീഷ്വസിലൂടെ ഒഡീഷയാണ് ആദ്യ ഗോള്‍ നേടിയത്. ബ്ലാസ്റ്റേഴ്സിന്റെ പ്രതിരോധത്തിലുണ്ടായ പിഴവ് മുതലെടുത്ത താരം ബോക്‌സില്‍ നിന്നും ഗോള്‍ നേടുകയായിരുന്നു.
21ാം മിനിട്ടില്‍ ഒഡീഷക്ക് ലഭിച്ച പെനാല്‍ട്ടി മലയാളി ഗോള്‍കീപ്പര്‍ സച്ചിന്‍ ഒരു മിന്നും സേവിലൂടെ രക്ഷപെടുത്തുകയായിരുന്നു. ഒടുവില്‍ ആദ്യ പകുതി പിന്നിടുമ്പോള്‍ 1-0ത്തിന് ഒഡിഷ മുന്നിട്ട് നിന്നു.
രണ്ടാം പകുതിയില്‍ കേരളം മത്സരത്തിലേക്ക് ശക്തമായി തിരിച്ചു വരുകയായിരുന്നു. 66ാം മിനിട്ടില്‍ ദിമിത്രിയോസ് ഡയമെട്രൊകോസിന്റെ ഗോളിലൂടെയാണ് കേരളം മറുപടി നല്‍കിയത്. ലൂണയുടെ പെട്ടന്നുള്ള ഫ്രീകിക്കില്‍ നിന്നും പന്ത് സ്വീകരിച്ച താരം ബോക്‌സില്‍ നിന്നും ഫസ്റ്റ് ടച്ചിലൂടെ ഗോള്‍ നേടുകയായിരുന്നു.
84ാം മിനിട്ടില്‍ അഡ്രിയാന്‍ ലൂണയുടെ ഗോളിലൂടെ ബ്ലാസ്റ്റേഴ്സ് വിജയം പിടിച്ചെടുക്കുകയായിരുന്നു. പെനാല്‍ട്ടി ബോക്‌സിന് പുറത്തും നിന്നും ലൂണ ഒഡിഷ ഗോള്‍ കീപ്പറെ കാഴ്ച്ചകാരനാക്കികൊണ്ട് ഒരു മഴവില്‍ ഗോള്‍ നേടുകയായിരുന്നു. ബ്ലാസ്റ്റേഴ്സിനായി ഈ സീസണില്‍ ലൂണ നേടുന്ന മൂന്നാമത്തെ ഗോള്‍ ആയിരുന്നു ഇത്. ലൂണ ഗോള്‍ നേടിയ ഒരു മത്സരത്തിലും ബ്ലാസ്റ്റേഴ്സ് തോറ്റിട്ടില്ലെന്ന റെക്കോഡും തകരാതെ നിലനിര്‍ത്താന്‍ ലൂണക്ക് സാധിച്ചു.