ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ കേരള ബ്ലാസ്റ്റേഴ്‌സിന് തകര്‍പ്പന്‍ വിജയം. എഫ്.സി ഗോവയെ രണ്ടിനെതിരെ നാല് ഗോളുകള്‍ക്കാണ് ബ്ലാസ്റ്റേഴ്‌സ് പരാജയപ്പെടുത്തിയത്.
കേരളത്തിന്റെ തട്ടകമായ കൊച്ചി ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ 4-4-2 എന്ന ഫോര്‍മേഷനിലായിരുന്നു ബ്ലാസ്റ്റേഴ്സ് കളത്തില്‍ ഇറങ്ങിയത്. മറുഭാഗത്ത് 4-2-3-1 എന്ന ശൈലിയും ആയിരുന്നു ഗോവ പിന്തുടര്‍ന്നത്.
മത്സരത്തിന്റെ ഏഴാം മിനിട്ടില്‍ റൗളിങ് ബോര്‍ജസിലൂടെ ഗോവയാണ് ആദ്യം ലീഡ് നേടിയത്. 17ാം മിനിട്ടില്‍ സമ്മതി യാസിര്‍ ഗോവയ്ക്കായി രണ്ടാം ഗോള്‍ നേടി. ഒടുവില്‍ ആദ്യപകുതി പിന്നിടുമ്പോള്‍ സന്ദര്‍ശകര്‍ എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്ക് മുന്നിട്ടു നില്‍ക്കുകയായിരുന്നു.
രണ്ടാം പകുതിയില്‍ കേരള ബ്ലാസ്റ്റേഴ്‌സ് മത്സരത്തിലേക്ക് ശക്തമായി തിരിച്ചുവരികയായിരുന്നു. രണ്ടാം പകുതിയില്‍ നാലു ഗോളുകളാണ് കേരളം ഗോവയുടെ പോസ്റ്റിലേക്ക് അടിച്ചു കയറ്റിയത്. 51ാം മിനിട്ടില്‍ ഡൈസുക്കെ സക്കായ് ആണ് കേരളത്തിനായി ആദ്യ ഗോള്‍ നേടിയത്.
81, 84 മിനിട്ടുകളില്‍ ദിമിത്രിയോസ് ഡയമന്റക്കോസ് ഇരട്ട ഗോള്‍ നേടി കേരളത്തെ മുന്നിലെത്തിച്ചു. സൂപ്പര്‍താരം അഡ്രിയ ലൂണയുടെ പകരക്കാരനായി കേരളം കൊണ്ടുവന്ന ഫെഡോര്‍ സെര്‍നിച്ചാണ് കേരളത്തിന്റെ നാലാം ഗോള്‍ നേടിയത്. ഒടുവില്‍ ഫൈനല്‍ വിസില്‍ മുഴങ്ങിയപ്പോള്‍ 4-2ന്റെ ആവേശകരമായ വിജയം കേരളം സ്വന്തമാക്കുകയായിരുന്നു.
ജയത്തോടെ ഐ.എസ്. എല്ലില്‍ 16 മത്സരങ്ങളില്‍ നിന്നും ഒമ്പത് വിജയവും രണ്ട് സമനിലയും അഞ്ച് തോല്‍വിയും അടക്കം 29 പോയിന്റോടെ നാലാം സ്ഥാനത്താണ് കേരളം.
മാര്‍ച്ച് രണ്ടിന് ബെംഗളൂരു എഫ്.സിക്കെതിരെയാണ് ബ്ലാസ്റ്റേഴ്‌സിന്റെ അടുത്ത മത്സരം. ബെംഗളൂരുവിന്റെ തട്ടകമായ ശ്രീ കണ്ഠീരവ സ്റ്റേഡിയമാണ് വേദി.
Content Highlight: Kerala Blasters beat FC Goa in ISL