ഹീറോ ഇന്ത്യൻ സൂപ്പർ ലീഗിൽ ഒരു ഇടവേളക്ക് ശേഷം കേരള ബ്ലാസ്റ്റേഴ്‌സ് വീണ്ടും മത്സരത്തിനിറങ്ങുകയാണ്. ഗ്രൂപ്പിൽ പത്താം സ്ഥാനത്തുള്ള ജംഷഡ്പൂർ എ.ഫ് സിയെയാണ് ബ്ലാസ്റ്റേഴ്‌സ് ഞായറാഴ്ച ജെ.ആർ.ഡി. ടാറ്റാ സ്പോർട്സ് കോംപ്ലക്സ് സ്റ്റേഡിയത്തിൽ നേരിടുന്നത്.
തുടർച്ചയായി മൂന്ന് മത്സരങ്ങൾ വിജയിച്ച് പോയിന്റ് ടേബിളിൽ അഞ്ചാം സ്ഥാനത്തുള്ള കൊമ്പന്മാർക്ക് ഞായറാഴ്ചത്തെ മത്സരം വിജയിക്കാനായാൽ പതിനഞ്ച് പോയിന്റുകൾ സ്വന്തമാക്കാൻ സാധിക്കും.
കഴിഞ്ഞ നാല് മത്സരങ്ങളിലായി വിജയം കണ്ടെത്താൻ സാധിക്കാത്ത ജംഷഡ്പൂരിന് ഞായറാഴ്ചത്തെ മത്സരത്തിൽകൂടി പരാജയം ഏറ്റുവാങ്ങിയാൽ ലീഗിലെ മുന്നോട്ട് പോക്ക് വലിയ ബുദ്ധിമുട്ടാകും. ഡാനിയൽ ചീമ, ഹാരി സ്വായർ, ജെയ് ഇമ്മാനുവൽ തോമസ്, ഇഷാൻ പണ്ഡിത, കോമൽ തട്ടാൽ മുതലായ സൂപ്പർ താരങ്ങൾ കൈവശമുണ്ടെങ്കിലും എതിരാളികൾക്ക് ഒരു തരത്തിലും ഭീഷണിയാകാൻ ജംഷഡ്പൂരിന് സാധിക്കുന്നില്ല.
കഴിഞ്ഞ വർഷത്തെ ഗ്രൂപ്പ് ജേതാക്കളായി ഷീൽഡ് വിന്നേഴ്സ് എന്ന രീതിയിൽ 2022-23 വർഷത്തെ ഏഷ്യൻ ചാമ്പ്യൻസ് ലീഗിന് യോഗ്യത നേടിയ ടീമിന്റെ മോശം പ്രകടനത്തെ ആരാധകർ വലിയ നിരാശയോടെയാണ് നോക്കിക്കാണുന്നത്.
മറുവശത്ത് തുടക്കത്തിലേറ്റ പരാജയങ്ങളിൽ നിന്നും പാഠം പഠിച്ച് മികച്ച ഒത്തൊരുമയോടെ ടീം ഗെയിം കളിച്ച് മുന്നേറുകയാണ് ബ്ലാസ്റ്റേഴ്‌സ്.
നന്നായി കളിച്ചിരുന്നെങ്കിലും മിഡ്‌ഫീൽഡിലെ മോശം പ്രകടനമാണ് ബ്ലാസ്റ്റേഴ്സിന് തുടർ പരാജയങ്ങൾ നൽകിയിരുന്നത്. എന്നാൽ തോൽവിയിൽ നിന്നും ഉയിർത്തെഴുന്നേറ്റ ബ്ലാസ്റ്റേഴ്‌സ് സൂപ്പർ താരങ്ങളായ അഡ്രിയാൻ ലൂണ, ഇവാൻ കലുഷ്നി, സഹൽ അബ്ദുൽ സമദ്, കെ.പി രാഹുൽ, ഡിമിത്രിയോസ് എന്നിവരുടെ നേതൃത്വത്തിൽ മെച്ചപ്പെട്ട പ്രകടനമാണ് കാഴ്ച വെയ്ക്കുന്നത്.
നവംബർ 19ന് ഹൈദരാബാദിനെതിരെയായിരുന്നു ബ്ലാസ്റ്റേഴ്സിന്റെ അവസാന മത്സരം. മത്സരം ബ്ലാസ്റ്റേഴ്‌സ് 1-0 ത്തിന് വിജയിച്ചു.
Content Highlights: Kerala Blasters are coming back if they win it will be their fourth win