കേരളത്തില്‍ ഫുട്‌ബോളിന് പുതിയ ഭാവുകത്വം സൃഷ്ടിച്ച ടീമാണ് കേരള ബ്ലാസ്റ്റേഴ്‌സ്. ഇത്രയും നാള്‍ മറ്റ് ടീമിന് വേണ്ടി ആര്‍പ്പുവിളിച്ച കേരളത്തിലെ ഫുട്‌ബോള്‍ ഭ്രാന്തന്‍മാര്‍ക്ക് ആര്‍പ്പുവിളിക്കാനും ആവേശത്തിരയേറാനും സ്വന്തമായി ലഭിച്ച ടീമായിരുന്നു ബ്ലാസ്റ്റേഴ്‌സ്.
ഐ.എസ്.എല്ലിന്റെ ആരംഭം മുതല്‍ക്കു തന്നെ കേരളത്തെയൊന്നാകെ മഞ്ഞക്കടലാക്കിയ ബ്ലാസ്റ്റേഴ്‌സ് ഇപ്പോള്‍ പുതിയ ചുവടുവെപ്പിനൊരുങ്ങുകയാണ്. പുതുതായി വനിതാ ടീം അനൗണ്‍സ് ചെയ്താണ് ബ്ലാസ്റ്റേഴ്‌സ് പുതിയ തുടക്കത്തിനൊരുങ്ങുന്നത്.
തങ്ങളുടെ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകള്‍ വഴി പങ്കുവെച്ച വീഡിയോയിലാണ് ബ്ലാസ്‌റ്റേഴ്‌സ് പുതിയ ടീമിനെ കുറിച്ച് പറയുന്നത്.
‘ഞങ്ങളുടെ ഗെയിം എല്ലാവര്‍ക്കും വേണ്ടിയുള്ളതാണ്.ഇപ്പോള്‍ ഞങ്ങളുടെ വനിതാ ടീമിന്റെ ഫോര്‍മേഷന്‍ പ്രഖ്യാപിക്കുന്നതില്‍ ഞങ്ങള്‍ സന്തുഷ്ടരാണ്’ എന്ന ക്യാപ്ഷനോടെയാണ് ബ്ലാസ്‌റ്റേഴ്‌സ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്.
അതേസമയം, ബ്ലാസ്റ്റേഴ്‌സിന്റെ പുരുഷ ടീം ഡ്യൂറന്റ് കപ്പിനുള്ള മുന്നൊരുക്കത്തിലാണ്. ഡ്യൂറന്റ് കപ്പിന്റെ 131ാമത് എഡിഷന് വേണ്ടിയാണ് ബ്ലാസ്റ്റേഴ്‌സ് തയ്യാറെടുക്കുന്നത്.
നാല് ഗ്രൂപ്പുകളിലായി 20 ടീമുകളാണ് ഇത്തവണ ഇന്ത്യന്‍ ഫുട്ബോളിലെ ഏറ്റവും പ്രസ്റ്റീജ്യസായ ഡ്യൂറന്റ് കപ്പിനായി കച്ചകെട്ടിയൊരുങ്ങുന്നത്.
കേരളത്തിന്റെ സ്വന്തം കൊമ്പന്‍മാര്‍ ഗ്രൂപ്പ് ഡിയിലാണ്. ഒഡീഷ എഫ്.സി, സുദേവ എഫ്.സി, നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ്, ഗ്രീന്‍ ആര്‍മി ഫുട്ബോള്‍ ടീം എന്നിവര്‍ക്കൊപ്പമാണ് ബ്ലാസ്റ്റേഴ്സ്.
ഡ്യൂറന്റ് കപ്പിനുള്ള സ്‌ക്വാഡിനെ ബ്ലാസ്റ്റേഴ്സ് ഉടന്‍ പ്രഖ്യാപിച്ചേക്കും. യുവതാരങ്ങള്‍ക്ക് അവസരം നല്‍കിയായിരിക്കും ടീം പ്രഖ്യാപിക്കുന്നത് എന്നാണ് വിലയിരുത്തപ്പെടുന്നത്.
ഐ.എസ്.എല്ലിന്റെ പുതിയ സീസണിന് മുമ്പ് കൊമ്പന്‍മാരുടെ തേരോട്ടത്തിനുള്ള വേദിയായിട്ടാണ് ആരാധകര്‍ ഡ്യൂറന്റ് കപ്പിനെ കണക്കാക്കുന്നത്.
കേരളാ ബ്ലാസ്റ്റേഴ്സ് കളിക്കാനിറങ്ങുമ്പോള്‍ കേരളത്തിന്റെ സ്വന്തം ടീമായ, മലബാറിന്റെ രാജാക്കന്‍മാര്‍ ഗോകുലം എഫ്.സി ഇത്തവണ കളത്തിലിറങ്ങില്ല.
നേരത്തെ കളിക്കുമെന്ന് പ്രഖ്യാപിച്ചെങ്കിലും മുന്‍ ചാമ്പ്യന്‍മാര്‍ തീരുമാനം മാറ്റുകയായിരുന്നു. ഇതോടെ കേരള ഡാര്‍ബിക്ക് വേണ്ടി കാത്തിരുന്ന ആരാധകര്‍ നിരാശരായിരിക്കുകയാണ്.
മൂന്ന് വേദികളിലായിട്ടാണ് ടൂര്‍ണമെന്റ് നടക്കുന്നത്. ഗുവാഹത്തിയിലെ ഇന്ദിരാ ഗാന്ധി അതിലറ്റിക് സ്റ്റേഡിയം, മണിപ്പൂര്‍ തലസ്ഥാനം ഇംഫാലിലെ കുമാന്‍ ലാംപാക് സ്റ്റേഡിയം, കൊല്‍ക്കത്ത വി.വൈ.ബി.കെ സ്റ്റേഡിയം എന്നിവിടങ്ങളിലായാണ് മത്സരങ്ങള്‍ നടക്കുന്നത്.
Content highlight: Kerala Blasters announces women’s team