| Tuesday, 7th March 2023, 4:04 pm

ഛേത്രിക്കുള്ള പരിപ്പുവടയും ചായയും അടുത്ത മാസം; വരുന്നു ബ്ലാസ്റ്റേഴ്‌സ്-ബെംഗളൂരു സൂപ്പർ പോരാട്ടം

സ്പോര്‍ട്സ് ഡെസ്‌ക്

ഐ.എസ്.എല്ലിലെ വിവാദ ക്വാളിഫയർ മത്സരത്തിന് ശേഷം വീണ്ടും കേരള ബ്ലാസ്റ്റേഴ്‌സ്-ബെംഗളൂരു എഫ്.സി സൂപ്പർ പോരാട്ടം വീണ്ടും. ഹീറോ സൂപ്പർ കപ്പിലാണ് ബ്ലാസ്റ്റേഴ്‌സും ബെംഗളൂരുവും വീണ്ടും ഒരു ഗ്രൂപ്പിൽ ഏറ്റുമുട്ടുന്നത്. ഏപ്രിൽ 16ന് കോഴിക്കോട് ഇ.എം.എസ് സ്റ്റേഡിയത്തിൽ വെച്ചാണ് ബ്ലാസ്റ്റേഴ്‌സും ബെംഗളൂരുവും തമ്മിൽ ഏറ്റുമുട്ടുന്നത്.

വീണ്ടും ബെംഗളൂരു കേരളത്തിൽ ബ്ലാസ്റ്റേഴ്‌സിനെതിരെ കളിക്കാനിറങ്ങുമ്പോൾ മത്സരത്തിന് മൂർച്ച കൂടും എന്ന് തന്നെയാണ് ആരാധകർ പ്രതീക്ഷിക്കുന്നത്. കേരളത്തെയും ബെംഗളൂരുവിനെയും കൂടാതെ നിലവിലെ ഐ.ലീഗ് ചാമ്പ്യൻമാരായ റൗണ്ട് ഗ്ലാസ്‌ പഞ്ചാബ് എഫ്.സിയുമാണ് ബ്ലാസ്റ്റേഴ്‌സ് ഉൾപ്പെട്ട ഗ്രൂപ്പ്‌ ‘എ’ യിലേക്ക് ഇതുവരെ യോഗ്യത നേടിയത്. ഇനി ക്വാളിഫയർ ജയിച്ച് വരുന്ന ഒരു ടീം കൂടി ഗ്രൂപ്പ്‌ എയിലേക്ക് യോഗ്യത നേടാനുണ്ട്.

16 ക്ലബ്ബുകളാണ് ഹീറോ സൂപ്പർ കപ്പിൽ പരസ്പരം മത്സരിക്കുന്നത്. ഐ.എസ്.എൽ കളിക്കുന്ന 11 ടീമും നിലവിലെ ഐ.ലീഗ് ചാമ്പ്യൻമാരും നേരിട്ട് സൂപ്പർ കപ്പിലേക്ക് യോഗ്യത നേടും. ഐ ലീഗിലെ രണ്ട് മുതൽ പത്ത് വരെ സ്ഥാനത്തുള്ള ടീം ക്വാളിഫയറിൽ പരസ്പരം ഏറ്റുമുട്ടി അതിൽ നിന്നും യോഗ്യത നേടുന്ന അഞ്ച് ടീമുകളും പിന്നീട് സൂപ്പർ കപ്പിലേക്ക് യോഗ്യത നേടുകയാണ് ചെയ്യുന്നത്.

എന്നാൽ സൂപ്പർ കപ്പിൽ കേരളത്തെയും ബെംഗളൂരുവിനെയും ഒരു ഗ്രൂപ്പിൽ ഇട്ടതിനെതിരെ നിരവധി പ്രതിഷേധങ്ങളും സമൂഹ മാധ്യമങ്ങളിലൂടെ ഉയരുന്നുണ്ട്.

കേരളത്തിലെ ആരാധകരെ ഉപയോഗിച്ച് സ്റ്റേഡിയം നിറക്കാനും അത് വഴി കൂടുതൽ വരുമാനം നേടാനുമാണ് ബ്ലാസ്റ്റേഴ്‌സിനെ ഫുട്ബോൾ ഫെഡറേഷൻ ബെംഗളൂരുവിന്റെ ഗ്രൂപ്പിൽ ഉൾപ്പെടുത്തിയത് എന്നതാണ് ഉയർന്ന് വരുന്ന ഒരു പ്രധാന വിമർശനം.

കൂടാതെ ബ്ലാസ്റ്റേഴ്‌സ് ബി ടീമിനെ ഇറക്കി കളിപ്പിക്കണമെന്നും ആരാധകർ വാദിക്കുന്നുണ്ട്. ഏപ്രിൽ മൂന്ന് മുതൽ 25 വരെയാണ് സൂപ്പർ കപ്പ് നടത്തപ്പെടുന്നത്.

കോഴിക്കോട് കോർപറേഷൻ സ്റ്റേഡിയത്തിലും മഞ്ചേരി പയ്യനാട് സ്റ്റേഡിയത്തിലും വെച്ചാണ് സൂപ്പർ കപ്പ് നടത്തപ്പെടുന്നത്.

Content Highlights:kerala blasters and bengalurun fc play same group in hero super cup

We use cookies to give you the best possible experience. Learn more