ഇതൊക്കെ സിംപിളല്ലേ...; പരിശീലനത്തിലും വോളിയിലൂടെ ഗോള്‍ നേടി അല്‍വാരോ, വീഡിയോ
ISL
ഇതൊക്കെ സിംപിളല്ലേ...; പരിശീലനത്തിലും വോളിയിലൂടെ ഗോള്‍ നേടി അല്‍വാരോ, വീഡിയോ
സ്പോര്‍ട്സ് ഡെസ്‌ക്
Wednesday, 22nd December 2021, 3:37 pm

കൊച്ചി: ഐ.എസ്.എല്ലില്‍ കരുത്തരായ മുംബൈ എഫ്.സിയെ തകര്‍ത്തുവിട്ടതിന്റെ ആവേശത്തിലാണ് ബ്ലാസ്റ്റേഴ്‌സ് ആരാധകര്‍. മറുപടിയില്ലാത്ത മൂന്ന് ഗോളിനായിരുന്നു ബ്ലാസ്‌റ്റേഴ്‌സിന്റെ വിജയം.

മത്സരത്തില്‍ അല്‍വാരോ വാസ്‌കേസിന്റെ തകര്‍പ്പന്‍ പ്രകടനം ബ്ലാസ്റ്റേഴ്‌സിന് ചെറിയ ഊര്‍ജമൊന്നുമല്ല നല്‍കിയത്. അല്‍വാരോ ഒരു ഗോളും നേടിയിരുന്നു.

ഇപ്പോഴിതാ പരിശീലനത്തിനിടയിലെ അല്‍വാരോയുടെ ഒരു തകര്‍പ്പന്‍ വോളി ഗോളിന്റെ വീഡിയോ കൂടെ പങ്കുവെച്ചിരിക്കുകയാണ് കേരള ബ്ലാസ്റ്റേഴ്‌സ്. മുംബൈയ്‌ക്കെതിരേയും അല്‍വാരോ വോളിയിലൂടെ ഗോള്‍ നേടിയിരുന്നു.

ഈ രണ്ട് വീഡിയോയും ഒന്നിച്ചാക്കിയാണ് കേരള ബ്ലാസ്‌റ്റേഴ്‌സ് ആരാധകര്‍ക്കായി പങ്കുവെച്ചിരിക്കുന്നത്. കുറെ നാളായി മോശം ഫോമിലുള്ള ബ്ലാസ്റ്റേഴ്സ് ഞായറാഴ്ച നടന്ന മത്സരത്തില്‍ കരുത്തരായ മുംബൈയെ അക്ഷരാര്‍ത്ഥത്തില്‍ പിടിച്ചുകെട്ടുകയായിരുന്നു.

ആദ്യ പകുതിയില്‍ അല്‍വാരോ വാസ്‌കേസിനെയും ഹോസെ പെരേര ഡയസിനെയും ബ്ലാസ്റ്റേഴ്സ് അഴിച്ചുവിട്ടു. രണ്ട് വിദേശ സ്ട്രൈക്കര്‍മാരെ വെച്ചുള്ള കളി ബ്ലാസ്റ്റേഴ്സിന് ഗുണം ചെയ്തു.

 

View this post on Instagram

 

A post shared by Kerala Blasters FC (@keralablasters)


27ാം മിനിറ്റില്‍ മലയാളി താരം സഹല്‍ അബ്ദുല്‍ സമദ് ആദ്യ വെടിപൊട്ടിച്ചു. തടയാന്‍ ആരും ഇല്ലാതെ മുംബൈ ഗോള്‍ പോസ്റ്റിന് തൊട്ടടുത്തു നില്‍ക്കുകയായിരുന്ന ഹോസെ പെരേര പന്ത് ഷോട്ടെടുക്കാന്‍ തയാറായി നിന്ന സഹലിന് നല്‍കുകയായിരുന്നു. പന്ത് പിടിച്ചെടുത്ത സഹല്‍ തകര്‍പ്പന്‍ വോളിയിലൂടെ മുംബൈ വല കുലുക്കി.

ആദ്യ പകുതിയില്‍ ലീഡെടുത്തതിന്റെ ആത്മവിശ്വാസം ബ്ലാസ്റ്റേഴ്സിന്റെ പിന്നീടുള്ള പ്രകടനത്തിലാകെ കണ്ടു. രണ്ടാം പകുതിയുടെ തുടക്കം മുതല്‍ ബ്ലാസ്റ്റേഴ്സ് ആക്രമിച്ചു കളിച്ചു. 47ാം മിനിറ്റില്‍ അല്‍വാരോ വാസ്‌കേസിലൂടെ ബ്ലാസ്റ്റേഴ്സ് രണ്ടാം ഗോള്‍ നേടി.

ബോക്സിന് പുറത്ത് വലതു മൂലയില്‍നിന്ന് സഹല്‍ ഉയര്‍ത്തി നല്‍കിയ പന്ത് മിന്നല്‍ വോളിയിലൂടെ വാസ്‌കേസ് ഗോളിലേക്കെത്തിക്കുകയായിരുന്നു.

മൂന്ന് മിനിറ്റുകള്‍ക്കപ്പുറത്ത് ബ്ലാസ്റ്റേഴ്സിന്റെ മൂന്നാം ഗോളും പിറന്നു. പെനല്‍റ്റി ഗോളാക്കി മാറ്റിയാണ് ഡയസ് സ്‌കോര്‍ മൂന്നിലെത്തിച്ചത്.

ബുധനാഴ്ച ചെന്നൈയിന്‍ എഫ്.സിയുമായാണ് ബ്ലാസ്റ്റേഴ്‌സിന്റെ അടുത്ത മത്സരം.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: Kerala Blasters Alvaro Vazques ISL