| Monday, 23rd January 2023, 1:48 pm

ഒരാള്‍ കളിക്കാനില്ലാത്തത് കൊണ്ട് തോറ്റു എന്ന് പറയുന്ന പരിശീലകനല്ല ഞാന്‍; തോല്‍വിക്ക് പിന്നാലെ ബ്ലാസ്റ്റേഴ്‌സ് കോച്ച്

സ്പോര്‍ട്സ് ഡെസ്‌ക്

ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ കഴിഞ്ഞ ദിവസം നടന്ന മത്സരത്തില്‍ കേരള ബ്ലാസ്റ്റേഴ്സ് തോല്‍വി വഴങ്ങിയിരുന്നു. മത്സരത്തില്‍ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് എഫ്.സി ഗോവ ബ്ലാസ്‌റ്റേഴ്‌സിനെ തോല്‍പ്പിക്കുകയായിരുന്നു.

ഇകര്‍ ഗുവാരോസെന, നോഹ് സദോയി, റെദീം ലാങ് എന്നിവരാണ് ഗോവക്ക് വേണ്ടി ഗോള്‍ നേടിയ താരങ്ങള്‍. ദിമിത്രിയോസ് ഡയമന്റകോസ് ആണ് ബ്ലാസ്‌റ്റേഴ്‌സിന്റെ ഗോള്‍ നേടിയത്.

സൂപ്പര്‍താരം മാര്‍ക്കോ ലെസ്‌കോവിച്ചിന്റെ അഭാവത്തില്‍ ഏഴ് ഗോളുകളാണ് ബ്ലാസ്‌റ്റേഴ്‌സ് വഴങ്ങിയത്. താരത്തിന്റെ അഭാവമാണോ തോല്‍വിയുടെ പിന്നില്‍ എന്ന മാധ്യമ പ്രവര്‍ത്തകന്റെ ചോദ്യത്തിന് കോച്ച് ഇവാന്‍ വുകോമനോവിച്ച് പ്രതികരിച്ചു.

‘ഇല്ല, എനിക്കങ്ങനെ തോന്നുന്നില്ല. മത്സരത്തില്‍ മികവ് കാട്ടാന്‍ പറ്റിയ നിരവധി താരങ്ങള്‍ ടീമിലുണ്ടെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. പ്ലെയിങ് ഇലവനെ തിരഞ്ഞെടുക്കുമ്പോള്‍ മുന്നില്‍ വന്ന് നില്‍ക്കാന്‍ പോന്ന താരങ്ങള്‍ ടീമിലുണ്ട്.

ഒന്നോ രണ്ടോ താരത്തിന്റെ അഭാവം മൂലമാണ് തോല്‍ക്കേണ്ടി വന്നത് എന്ന് പറയുന്ന കോച്ച് അല്ല ഞാന്‍. കളിയില്‍ പരിക്കും കാര്‍ഡ് കാട്ടലും സസ്‌പെന്‍ഡ് ചെയ്യലുമൊക്കെ സാധാരണയാണ്.

അതെല്ലാം തരണം ചെയ്യാന്‍ കഴിയുന്നിടത്താണ് വിജയം. കഴിഞ്ഞ രണ്ട് മത്സരങ്ങളില്‍ ഒത്തിരി പിഴവുകള്‍ സംഭവിച്ചിട്ടുണ്ട്. ഈ തോല്‍വി അംഗീകരിക്കാന്‍ പറ്റാത്തതാണ്. ഇതുപോലെയുള്ള പിഴവുകള്‍, പ്രത്യേകിച്ചും ആദ്യപകുതിയില്‍ ഉണ്ടായത് മത്സരം കൈവിട്ടു പോകാന്‍ കാരണമായി. മത്സരം എങ്ങനെ തുടങ്ങണമെന്ന കാര്യത്തില്‍ ഞങ്ങള്‍ക്കൊരു ധാരണയുണ്ടായിരുന്നു.

രണ്ട് മത്സരങ്ങള്‍ തുടര്‍ച്ചയായി തോല്‍വി വഴങ്ങുന്നത് ഒരിക്കലും സന്തോഷം നല്‍കുന്ന കാര്യമല്ല. ഈ സാഹചര്യവുമായി ഞങ്ങള്‍ പൊരുത്തപ്പെട്ടു പോകണം. ആറ് ചുവടുകള്‍ കൂടി വെക്കാനുണ്ട്. അതിലേക്കാണ് ഇനിയുള്ള തയ്യാറെടുപ്പുകള്‍,’ കോച്ച് പറഞ്ഞു.

മത്സരത്തില്‍ തോല്‍വി വഴങ്ങിയെങ്കിലും ലീഗില്‍ ഇപ്പോഴും ബ്ലാസ്റ്റേഴ്സ് മൂന്നാം സ്ഥാനത്ത് തന്നെ തുടരുകയാണ്. എ.ടി.കെ മോഹന്‍ ബഗാന്‍ കഴിഞ്ഞ മത്സരത്തില്‍ സമനില വഴങ്ങിയതാണ് ബ്ലാസ്റ്റേഴ്സിനെ മൂന്നാം സ്ഥാനത്ത് തുടരാന്‍ സഹായിച്ചത്.

ഇനി ലീഗില്‍ ആറ് മത്സരങ്ങള്‍ കൂടി ബ്ലാസ്റ്റേഴ്സിന് ബാക്കിയുള്ളതില്‍ എല്ലാം വിജയിച്ചില്ലെങ്കില്‍ പ്ലേ ഓഫ് സാധ്യതക്ക് ഭീഷണിയാകുമെന്നതില്‍ സംശയമില്ല.

Content Highlights: Kerala Blaster’s coach Ivan Vukomanovic reacts after the loss against FC Goa

We use cookies to give you the best possible experience. Learn more