കഴിഞ്ഞ ദിവസം ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ജംഷഡ്പൂര്‍ എഫ്.സിക്കെതിരായ മത്സരത്തില്‍ 3-1നായിരുന്നു ബ്ലാസ്റ്റേഴ്സിന്റെ ജയം. അപ്പൊസ്തലോസ് ജിയാനു, ദിമിത്രിയോസ് ഡയമന്റകോസ്, അഡ്രിയാന്‍ ലൂണ എന്നിവരാണ് ബ്ലാസ്റ്റേഴ്സിന്റെ ഗോളുകള്‍ നേടിയത്.
തകര്‍പ്പന്‍ ഫോമില്‍ തുടരുകയാണ് ഈ സീസണില്‍ കേരളാ ബ്ലാസ്‌റ്റേഴ്‌സ്. കളത്തില്‍ വേറിട്ട കളിയും ശൈലിയും പുറത്തെടുക്കുന്ന മഞ്ഞപ്പടയെ വാനോളം പുകഴ്ത്തുകയാണ് ഫുട്‌ബോള്‍ ആരാധകര്‍.
ജംഷഡ്പൂര്‍ എഫ്.സിക്കെതിരെ അഡ്രിയാന്‍ ലൂണ നേടിയ ഗോള്‍ കണ്ട സ്റ്റാര്‍ സ്പോര്‍ട്സ് കമന്റേറ്റര്‍മാര്‍ പറഞ്ഞത് ഇത് യൂറോപ്യന്‍ ലീഗാണോ എന്നാണ്. അത്രത്തോളം മനോഹര ഗോളാണ് കൊച്ചിയില്‍ പിറന്നത്. തുടക്കത്തില്‍ തന്നെ കേരള ബ്ലാസ്റ്റേഴ്സ് ആക്രമിച്ച് കളിച്ചു. ആദ്യ അഞ്ച് മിനിട്ടുകള്‍ക്കിടെ രണ്ട് ഗോള്‍ ശ്രമങ്ങളാണ് പുറത്തേക്ക് പോയത്.
സഹലും രാഹുലും നടത്തിയ മുന്നേറ്റം ഗോളെന്നുറപ്പിച്ചെങ്കിലും സഹലിന്റെ ഗോള്‍ശ്രമം പ്രതിരോധ താരത്തിന്റെ കാലില്‍തട്ടി പുറത്തേക്ക് പോവുകയായിരുന്നു. അഡ്രിയാന്‍ ലൂണയുടെ ആദ്യ ഗോള്‍ ശ്രമം പ്രതിരോധത്തില്‍ തട്ടിത്തെറിച്ചു.
എന്നാല്‍ ഒമ്പതാം മിനിട്ടില്‍ ബ്ലാസ്റ്റേഴ്സ് അര്‍ഹിച്ച ലീഡ് നേടി. തുടര്‍ന്ന് 31ാം മിനിട്ടില്‍ ദിമിത്രിയുടെ പെനാല്‍ട്ടി ഗോളിലൂടെയും 65ാം മിനിട്ടില്‍ ലൂണയിലൂടെയും ബ്ലാസ്‌റ്റേഴ്‌സ് വിജയ ഗോളുകള്‍ കണ്ടെത്തി.
ജംഷഡ്പൂരിനെ വീഴ്ത്തിയതോടെ ബ്ലാസ്റ്റേഴ്സ് പ്ലേഓഫിലേക്ക് അടുത്തിരിക്കുകയാണ്. ഷീല്‍ഡിലേക്കുള്ള ഗ്യാപ് വീണ്ടും കുറച്ചു. ഇനി ഒരൊറ്റ വലിയ ഷീല്‍ഡ് ഫൈനല്‍ കളിക്കാനുണ്ട് ബ്ലാസ്‌റ്റേഴ്‌സിന്. ജനുവരി എട്ടിന് മുംബൈ സിറ്റിക്കെതിരെയാണ് മത്സരം.
ഷീല്‍ഡ് കിട്ടുമോ എന്നറിയാന്‍ ഈ മത്സരത്തിലെ അനുകൂല റിസല്‍ട്ട് നിര്‍ണായകമാണ്. മുംബൈയെ അവരുടെ തട്ടകത്തില്‍ മറിക്കാനായാല്‍ ഷീല്‍ഡ് പോരാട്ടത്തില്‍ അവസാന മത്സരം വരെ ബ്ലാസ്റ്റേഴ്സും ഉണ്ടാകും. മറിച്ചാണെങ്കില്‍ ഇത്തവണ ഷീല്‍ഡ് മുംബൈക്കാണെന്ന് ഏകദേശം ഉറപ്പിക്കാനാകും.
അതേസമയം, പോയിന്റ് പട്ടികയില്‍ മോഹന്‍ ബഗാനെ മറികടന്ന് മൂന്നാം സ്ഥാനത്താണ് ബ്ലാസ്‌റ്റേഴ്‌സ്. 12 മത്സരങ്ങളില്‍ 25 പോയിന്റാണ് ബ്ലാസ്റ്റേഴ്സിന്. ജംഷഡ്പൂര്‍ 10ാം സ്ഥാനത്താണ്. 12 മത്സരങ്ങളില്‍ അഞ്ച് പോയിന്റ് മാത്രമാണ് അവര്‍ക്കുള്ളത്. 30 പോയിന്റാണ് മുംബൈയുടെ അക്കൗണ്ടിലുള്ളത്.
അടുത്ത മത്സരത്തില്‍ മുംബൈയെ വീഴ്ത്താന്‍ സാധിച്ചാല്‍ 28 പോയിന്റിലേക്ക് എത്താന്‍ ബ്ലാസ്റ്റേഴ്‌സിന് സാധിക്കും. ഇരുടീമുകളും തമ്മിലുള്ള വ്യത്യാസം രണ്ട് പോയിന്റായി ചുരുങ്ങും. അങ്ങനെവന്നാല്‍ ബ്ലാസ്റ്റേഴ്സിന് ഒന്ന് ആഞ്ഞു പരിശ്രമിച്ചാല്‍ ഷീല്‍ഡ് അടിക്കാന്‍ സാധിക്കും. ഇപ്പോഴത്തെ അവസ്ഥയില്‍ ഷീല്‍ഡ് കിട്ടിയാല്‍ ടീമിന് സാമ്പത്തികമായി ലഭിക്കുന്ന ഊര്‍ജം വളരെ വലുതാകും.