| Sunday, 12th February 2023, 1:00 pm

തകര്‍പ്പന്‍ മത്സരമായിരുന്നെങ്കിലും ഞങ്ങള്‍ക്ക് പിഴച്ചത് അവിടെ; ബെംഗളൂരുവിനെതിരായ തോല്‍വിക്ക് പിന്നാലെ ഇവാന്‍ വുകോമനോവിച്ച്

സ്പോര്‍ട്സ് ഡെസ്‌ക്

സെമി ഫൈനല്‍ മോഹവുമായി കണ്ഠീരവയിലേക്കിറങ്ങിയ കേരള ബ്ലാസ്‌റ്റേഴ്‌സിന് അടിപതറിയിരുന്നു. മുന്‍ ചാമ്പ്യന്‍മാരായ ബെംഗളൂരു എഫ്.സിയോട് തോല്‍വി വഴങ്ങിയാണ് കൊമ്പന്‍മാര്‍ തലകുനിച്ച് മടങ്ങിയത്.

ബ്ലാസ്റ്റേഴ്‌സ് തുടര്‍ച്ചയായ ആറാം എവേ മത്സരത്തിലും തോല്‍വി വഴങ്ങിയപ്പോള്‍ തുടര്‍ച്ചയായ അഞ്ചാം മത്സരത്തിലും വിജയിച്ച് ബെംഗളൂരു എഫ്.സി അഞ്ചാം സ്ഥാനത്തേക്ക് പറന്നിറങ്ങി. എതിരില്ലാത്ത ഒരു ഗോളിനായിരുന്നു ബി.എഫ്.സിയുടെ വിജയം.

മത്സരത്തിന്റെ 32ാം മിനിട്ടിലായിരുന്നു ബെംഗളൂരു മത്സരത്തിലെ ഏക ഗോള്‍ നേടിയത്. മോഹന്‍ ബഗാനില്‍ നിന്നും ടീമിലെത്തിച്ച റോയ് കൃഷ്ണയായിരുന്നു ബ്ലൂസിനായി സ്‌കോര്‍ ചെയ്തത്.

മത്സരത്തില്‍ തോറ്റെങ്കിലും ബ്ലാസ്‌റ്റേഴ്‌സ് മികച്ച പ്രകടനമായിരുന്നു കാഴ്ചവെച്ചതെന്ന് പറയുകയാണ് ബ്ലാസ്റ്റേഴ്‌സ് കോച്ച് ഇവാന്‍ വുകോമനോവിച്ച്. ബ്ലാസ്റ്റേഴ്‌സ് മികച്ച പ്രകടനമാണ് കാഴ്ച വെച്ചതെന്നും മത്സരത്തിന്റെ ഭൂരിഭാഗവും നിയന്ത്രിച്ചത് തങ്ങളാണെന്നും വുകോമനോവിച്ച് പറഞ്ഞു.

ഫൈനല്‍ തേര്‍ഡില്‍ മികച്ച അവസരങ്ങളൊരുക്കാന്‍ ടീമിന് സാധിച്ചുവെന്നും എന്നാല്‍ ഗോള്‍ നേടാന്‍ പോന്ന നിര്‍ണായകമായ ഫൈനല്‍ ടച്ച് ഇല്ലാതെ പോയതാണ് ടീമിന് വിനയായതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ബ്ലാസ്റ്റേഴ്‌സിലെ ഓരോ താരങ്ങളും തങ്ങളുടെ കഴിവിന്റെ പരമാവധി കളത്തില്‍ കാഴ്ചവെച്ചുവെന്ന് പറഞ്ഞ ഇവാന്‍ ബെംഗളൂരു മികച്ച ടീമാണെന്നും സമ്മതിച്ചു.

ശക്തമായ മത്സരമായിരുന്നു കണ്ഠീരവയിലേതെന്നും സെറ്റ് പീസുകള്‍ തടുക്കുന്നതിലെ പോരായ്മകള്‍ ടീമിനുണ്ടെന്നും അത് മറികടക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കഴിഞ്ഞ മത്സരത്തില്‍ തോറ്റെങ്കിലും മൂന്നാം സ്ഥാനത്ത് തുടരാന്‍ ബ്ലാസ്‌റ്റേഴ്‌സിനായി. കളിച്ച 18 മത്സരത്തില്‍ നിന്നും പത്ത് ജയവും ഒരു സമനിലയും ഏഴ് തോല്‍വിയുമായി 31 പോയിന്റാണ് ബ്ലാസ്‌റ്റേഴ്‌സിനുള്ളത്.

18 മത്സരത്തില്‍ നിന്നും ഒമ്പത് ജയവും ഒരു സമനിലയും എട്ട് തോല്‍വിയുമാണ് ബെംഗളൂരിനുള്ളത്. 28 പോയിന്റോടെ അഞ്ചാമതാണ് ബി.എഫ്.സി

ലീഗില്‍ രണ്ട് മത്സരങ്ങളാണ് ബ്ലാസ്റ്റേഴ്‌സിന് ഇനി കളിക്കാനുള്ളത്. ഫെബ്രുവരി 18ന് എ.ടി.കെ മോഹന്‍ ബഗാനുമായാണ് ബ്ലാസ്‌റ്റേഴ്‌സിന്റെ അടുത്ത മത്സരം. മോഹന്‍ ബഗാന്റെ ഹോം സ്‌റ്റേഡിയമായ സോള്‍ട്ട് ലേക്കില്‍ വെച്ചാണ് മത്സരം നടക്കുന്നത്.

ഫെബ്രുവരി 26ന് ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തില്‍ വെച്ച് ഹൈദരാബാദ് എഫ്.സിക്കെതിരെ ബ്ലാസ്റ്റേഴ്‌സ് അവസാന മത്സരത്തിനിറങ്ങും.

Content highlight: Kerala Blaster coach Ivan Vukomanovich about last match against Bengaluru FC

We use cookies to give you the best possible experience. Learn more