രഞ്ജി ട്രോഫി മത്സരത്തില്‍ കേരളവും ആന്ധ്രയും ഏറ്റുമുട്ടിക്കൊണ്ടിരിക്കുകയാണ്. ആദ്യ ഇന്നിങ്‌സില്‍ ടോസ് നേടിയ ആന്ധ്ര 272 റണ്‍സിന് ഓള്‍ ഔട്ട് ആയപ്പോള്‍ തുടര്‍ ബാറ്റിങ്ങിന് ഇറങ്ങിയ കേരളം അത്ഭുതപ്പെടുത്തുകയായിരുന്നു. ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 514 റണ്‍സ് ആണ് കേരളം നേടിയത്.
ഓപ്പണര്‍ രോഹന്‍ കുന്നുമ്മല്‍ 11 പന്തില്‍ നിന്ന് 61 റണ്‍സ് നേടിയപ്പോള്‍ ജലജ് സക്‌സേന നാല് റണ്‍സിന് പുറത്തായി. അര്‍ധ സെഞ്ച്വറി നേടാന്‍ സാധിക്കാതെ കൃഷ്ണപ്രസാദ് 78 പന്തില്‍ നിന്ന് 43 റണ്‍സ് നേടിയാണ് മടങ്ങിത്. എന്നാല്‍ ക്യാപ്റ്റന്‍ സച്ചിന്‍ ബേബിയുടെയും മിഡില്‍ ഓര്‍ഡര്‍ ബാറ്റര്‍ അക്ഷയ് ചന്ദ്രന്റെയും തകര്‍പ്പന്‍ പ്രകടനമാണ് കേരളത്തെ കൂറ്റന്‍ സ്‌കോറില്‍ എത്തിച്ചത്.
സച്ചിന്‍ ബേബി 219 പന്തില്‍ നിന്ന് 15 ബൗണ്ടറികള്‍ അടക്കം 111 റണ്‍സ് ആണ് നേടിയത്. 51.60 എന്ന മികച്ച സ്‌ട്രൈക്ക് റേറ്റിലാണ് താരം ബാറ്റ് വീശിയത്. അക്ഷയ് ചന്ദ്രനാണ് ഏവരെയും അത്ഭുതപ്പെടുത്തിയത് 368 പന്തുകള്‍ കളിച്ച് 20 ബൗണ്ടറികള്‍ അടക്കം 184 റണ്‍സ് ആണ് താരം സ്വന്തമാക്കിയത്. 47.67 എന്ന് ക്ലാസിക് സ്‌ട്രൈക്ക് റേറ്റിലാണ് താരം കളിച്ചത്. വെറും 16 റണ്‍സിനാണ് അക്ഷയ്ക്ക് തന്റെ ഡബിള്‍ സെഞ്ച്വറി നഷ്ടമായത്.
ഇരുവര്‍ക്കും പുറമേ സല്‍മാന്‍ നിസാര്‍ 121 പന്തില്‍ നിന്ന് രണ്ട് സിക്‌സറുകളും മൂന്ന് ബൗണ്ടറികളും അടക്കം 58 റണ്‍സ് നേടി മികച്ച പ്രകടനം കാഴ്ചവെച്ചു. കൂടാതെ 41 പന്തില്‍ നിന്ന് മുഹമ്മദ് അസറുദ്ദീന്‍ 40 റണ്‍സും നേടി. 97.56 എന്ന സ്‌ട്രൈക്ക് റേറ്റിലാണ് താരം ബാറ്റ് വീശിയത്.
ആന്ധ്രയുടെ മനീഷ് ഗൊലമാരുവിന് മാത്രമാണ് നാലു വിക്കറ്റുകള്‍ സ്വന്തമാക്കാന്‍ സാധിച്ചത്. ആറ് മെയ്ഡന്‍ അടക്കം 161 റണ്‍സ് താരം വിട്ടുകൊടുത്തു. ഷോയിബ് ഖാന്‍ രണ്ട് വിക്കറ്റുകളും നേടിയിരുന്നു. 45.4 ഓവറില്‍ 11 മെയ്ഡന്‍ അടക്കം 123 റണ്‍സ് ആണ് താരം വിട്ടുകൊടുത്തത്. 2.69 എന്ന മികച്ച ഇക്കണോമിയും താരത്തിലുണ്ട്. മറ്റു ബൗളര്‍മാര്‍ക്ക് ഒന്നും കേരളത്തിന്റെ റണ്‍ ഒഴുക്ക് തടയാന്‍ സാധിച്ചില്ല.
നിലവില്‍ രണ്ടാം ഇന്നിങ്‌സില്‍ ഏഴ് ഓവര്‍ പിന്നിടുമ്പോള്‍ ആന്ധ്ര ഒരു വിക്കറ്റ് നഷ്ടത്തില്‍ 19 റണ്‍സ് ആണ് നേടിയത്. ഓപ്പണര്‍ കെ. രേവന്താണ് പുറത്തായത്. നെടുംകുഴി ബേസിലിനാണ് വിക്കറ്റ്.
Content Highlight: Kerala Blast In Ranji Trophy Against Andhra