| Thursday, 2nd March 2023, 5:48 pm

'ഇന്നത്തെ ത്രിപുരയാണ് നാളത്തെ കേരളം'; ലഡു വിതരണം ചെയ്ത് കെ. സുരേന്ദ്രന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളായ ത്രിപുര, മേഘാലയ, നാഗാലാന്‍ഡ് എന്നിവിടങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് ഫലത്തില്‍ പ്രതികരണവുമായി കേരളാ ബി.ജെ.പി ഘടകം. ഇന്നത്തെ ത്രിപുരയാണ് നാളത്തെ കേരളമെന്ന്, ബി.ജെ.പി കേരളത്തിന്റെ ഔദ്യോഗിക ഫേസ്ബുക്ക് പോസ്റ്റില്‍ ഷെയര്‍ ചെയ്ത കുറിപ്പില്‍ പറഞ്ഞു.

‘താമര കുമ്പിളില്‍ വടക്കു കിഴക്കന്‍ സംസ്ഥാനങ്ങള്‍ സുരക്ഷിതം
മിച്ചമുണ്ടായിരുന്ന കനലും മണ്ണുതൊടുന്നു. ത്രിപുരയില്‍ തകര്‍ന്നടിഞ്ഞ് സി.പി.ഐ.എം- കോണ്‍ഗ്രസ് സഖ്യം. ഇന്നത്തെ ത്രിപുരയാണ് നാളത്തെ കേരളം,’ കേരള ബി.ജെ.പി ഷെയര്‍ ചെയ്ത സോഷ്യല്‍ മീഡിയ പോസ്റ്റിലൂടെ പറഞ്ഞു.

ഹിന്ദുക്കള്‍ മാത്രമേ ബി.ജെ.പിക്ക് വോട്ട് ചെയ്യൂ എന്ന് പറഞ്ഞവര്‍ക്കുള്ള കനത്ത പ്രഹരമാണ് നാഗാലാന്റിലെ തെരഞ്ഞെടുപ്പ് ഫലമെന്നും ബി.ജെ.പി കേരളാ ഘടകം പ്രസ്താവനയില്‍ പറഞ്ഞു.

’90 ശതമാനത്തിലധികം ക്രൈസ്തവ വോട്ടര്‍മാരുള്ള നാഗാലാന്റില്‍ വിജയം ഉറപ്പിച്ച് ബി.ജെ.പി. 60 നിയമസഭ മണ്ഡലങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ ബി.ജെ.പി കേവല ഭൂരിപക്ഷം കടന്നു. ഹിന്ദുക്കളും ഹിന്ദിക്കാരും മാത്രമേ ബി.ജെ.പിക്ക് വോട്ട് ചെയ്യൂ എന്ന് പറഞ്ഞവര്‍ക്കുള്ള കനത്ത പ്രഹരമാണ് നാഗാലാന്റ് ജനത വോട്ടിലൂടെ നല്‍കിയത്,’ ബി.ജി.പി കേരള ഘടകം പ്രസ്താവനയില്‍ പറഞ്ഞു.

ബി.ജെ.പി നേടിയ വിജയത്തോടനുബന്ധിച്ച് എറണാകുളത്ത് സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്റെ നേതൃത്വത്തില്‍ നടന്ന ആഹ്ലാദ പ്രകടനവും ലഡു വിതരണവും നടത്തി.

അതേസമയം, ത്രിപുരയിലും നാഗാലാന്‍ഡിലുമാണ് ബി.ജെ.പി ഭരണം ഉറപ്പിച്ചത്. മേഘാലയയില്‍ ബി.ജെ.പി സഖ്യം ഉപേക്ഷിച്ച് ഒറ്റക്ക് മത്സരിച്ച കോണ്‍റാഡ് സാങ്മയുടെ നാഷനല്‍ പീപ്പിള്‍സ് പാര്‍ട്ടി(എന്‍.പി.പി) യാണ് ഏറ്റവും കൂടുതല്‍ സീറ്റുകള്‍ നേടിയ ഒറ്റകക്ഷി.

60 നിയമസഭാ മണ്ഡലമുള്ള മേഘാലയയില്‍ 31 സീറ്റ് വേണം ആര്‍ക്കെങ്കിലും അധികാരത്തിലെത്താന്‍. എന്‍.പി.പിക്ക് 25 ഉം ബി.ജെ.പിയുടെ മൂന്ന് സീറ്റും ഉള്‍പ്പെടെ സഖ്യമുണ്ടാക്കിയാലും 28 സീറ്റിലെത്താനെ കഴിയുകയുള്ളു.


Content Highlight: Kerala BJP unit reacted to the results of the assembly elections in the north-eastern states of Tripura, Meghalaya and Nagaland

We use cookies to give you the best possible experience. Learn more