സംസ്ഥാനത്ത് ലഹരി മാഫിയകള്‍ക്കും ഗുണ്ടാസംഘങ്ങള്‍ക്കും പ്രവര്‍ത്തിക്കാന്‍ സര്‍ക്കാര്‍ സഹായം നല്‍കുകയാണെന്നും ബി.ജെ.പി ആരോപിക്കുന്നുണ്ട്. തൃശൂരില്‍ നിക്ഷേപത്തട്ടിപ്പുകാരന്‍ പ്രവീണ്‍ റാണയെ സംരക്ഷിക്കുന്നതും ഇടതുപക്ഷ സര്‍ക്കാരും പൊലീസിലെ ഉന്നതരുമാണെന്നും ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍ ആരോപിച്ചു.
കഴിഞ്ഞ ദിവസം മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കോഴക്കേസില്‍ കെ. സുരേന്ദ്രനെ ഒന്നാം പ്രതിയാക്കക്കൊണ്ട് ക്രൈംബ്രാഞ്ച് കുറ്റപത്രം സമര്‍പ്പിച്ചത് ലഹരിക്കടത്ത് ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ നിന്നും ശ്രദ്ധതിരിക്കാനാണെന്നും ബി.ജെ.പി ആരോപിച്ചു.
സുരേന്ദ്രന്‍ അടക്കം ആറ് പേരാണ് കേസിലെ പ്രതികള്‍. ജാമ്യമില്ലാ വകുപ്പ് ഉള്‍പ്പടെ കേസില്‍ ചുമത്തിയിട്ടുണ്ട്. കാസര്‍കോട് ജില്ലാ സെഷന്‍സ് കോടതിയിലാണ് ക്രൈംബ്രാഞ്ച് കുറ്റപത്രം സമര്‍പ്പിച്ചത്.
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ മഞ്ചേശ്വരത്തെ ബി.എസ്.പി സ്ഥാനാര്‍ത്ഥിയായിരുന്ന കെ. സുന്ദരയ്ക്ക് സ്ഥാനാര്‍തിത്വം പിന്‍വലിക്കാന്‍ രണ്ടര ലക്ഷം രൂപയും സ്മാര്‍ട്ഫോണും നല്‍കിയെന്നും ഭീഷണിപ്പെടുത്തിയെന്നുമാണ് കേസ്.
സുരേന്ദ്രന്റെ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറും ബി.ജെ.പി മുന്‍ ജില്ലാ പ്രസിഡന്റുമായ അഡ്വ. കെ. ബാലകൃഷ്ണ ഷെട്ടി, യുവമോര്‍ച്ച നേതാവ് സുനില്‍ നായിക്, വൈ. സുരേഷ്, മണികണ്ഠ റൈ, ലോകേഷ് ലോണ്ട എന്നിവരാണ് മറ്റ് പ്രതികള്‍.
സുരേന്ദ്രനെതിരെ ജനാധിപത്യ നിയമത്തിലെ 171 ബി, ഇ വകുപ്പുകളും പട്ടികജാതി-വര്‍ഗ വിഭാഗക്കാര്‍ക്കെതിരായ അതിക്രമം തടയല്‍ വകുപ്പുകളാണ് ചുമത്തിയിട്ടുള്ളത്.