ക്രൈസ്തവ വോട്ട് ബാങ്കും കേരള ബി.ജെ.പിയുടെ സ്നേഹ യാത്രയും | D Kerala
ഡൂള്‍ന്യൂസ് ഡെസ്‌ക്

ക്രിസ്മസ് ദിനത്തില്‍ ക്രൈസ്തവ വിശ്വാസികളുടെ വീടുകള്‍ സന്ദര്‍ശിച്ച് ആഘോഷങ്ങളില്‍ പങ്കുകൊണ്ടുള്ള സമ്പര്‍ക്ക പരിപാടികളുമായി കേരള ബി.ജെ.പി.

സ്‌നേഹ യാത്ര എന്ന് പേരിട്ട സമ്പര്‍ക്ക പരിപാടിയുടെ ഭാഗമായി ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രനും മറ്റ് നേതാക്കളും ക്രൈസ്തവ വിശ്വാസികളുടെ വീടുകളിലെ സ്‌നേഹ വിരുന്നിന്റെ ഭാഗമായി.

ചെങ്ങന്നൂര്‍ കാരയ്ക്കാട് തേരകത്തിനാല്‍ ഫിലിപ്പ് അച്ചായാന്റെ വീട്ടിലായിരുന്നു കെ. സുരേന്ദ്രനും നേതാക്കളും പ്രാതലിനെത്തിയത്. അപ്പവും മുട്ടക്കറിയും കപ്പയും മീന്‍കറിയുമായിരുന്നു വിഭവങ്ങള്‍. ഉച്ചക്കെത്തിയത് തുമ്പമണിലെ സുജാ വര്‍ഗീസിന്റെ വീട്ടില്‍. തുടര്‍ന്ന് ഓര്‍ത്തഡോക്‌സ് സഭ തുമ്പമണ്‍ ഭദ്രാസാന സെക്രട്ടറി ഫാദര്‍ ജോണ്‍സണ്‍ കല്ലിട്ടതിലിന്റെ വീട്ടിലെത്തി കേക്കും മുറിച്ചു.

വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പ് കൂടി മുന്‍ നിര്‍ത്തിയാണ് ക്രൈസ്തവ വിശ്വാസികളുടെ വീട്ടിലേക്കുള്ള ബി.ജെ.പി നേതാക്കളുടെ സന്ദര്‍ശനം. ക്രൈസ്തവ സഭയെയും വിശ്വാസികളെയും ഒപ്പം നിര്‍ത്താന്‍ കേന്ദ്ര നേതൃത്വമാണ് നിര്‍ദേശം നല്‍കിയത്.

കേന്ദ്രമന്ത്രിമാരടക്കമുള്ളവരുടെ നേതൃത്വത്തില്‍ നടത്തിയ വിവിധ കൂടിക്കാഴ്ചക്കളുടെ ഫലമായി സംസ്ഥാനത്തെ ബി.ജെ.പിയുമായി സഭ കൂടുതല്‍ അടുത്തുവെന്നാണ് പാര്‍ട്ടി വിലയിരുത്തല്‍.

മിഷന്‍ ദക്ഷിണേന്ത്യയുടെ ഭാഗമായി ആറ് ലോക്‌സഭാ മണ്ഡലങ്ങളില്‍ കേന്ദ്രമന്ത്രിമാര്‍ക്ക് ചുമതല നല്‍കികൊണ്ടുള്ള പ്രവര്‍ത്തനങ്ങള്‍ ബി.ജെ.പി നേരത്തെ തന്നെ തുടങ്ങിയിരുന്നു. അതിന്റെ തുടര്‍ച്ചയായാണ് സഭയെ ഒപ്പം നിര്‍ത്താനുള്ള ഈ സ്‌നേഹ യാത്രയും.

കേരളത്തില്‍ ക്രൈസ്തവ വോട്ട് ബാങ്കിനെ സ്വാധീനിക്കാന്‍ ബി.ജെ.പിക്ക് കഴിയുന്നില്ലെന്ന കേന്ദ്ര നേതൃത്വത്തിന്റെ റിപ്പോര്‍ട്ടും നേരത്തെ പുറത്തുവന്നിരുന്നു. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ വിജയ സാധ്യത ഉണ്ടായിട്ടും പരാജയപ്പെട്ട മണ്ഡലങ്ങളില്‍ കേന്ദ്ര മന്ത്രിമാര്‍ നേരിട്ട് സന്ദര്‍ശനം നടത്തി തയ്യാറാക്കിയ റിപ്പോര്‍ട്ടിലായിരുന്നു വിമര്‍ശനം.

അമിത് ഷായും ജെ.പി. നദ്ദയും ഉള്‍പ്പെട്ട സമിതിയാണ് റിപ്പോര്‍ട്ട് പരിശോധിച്ചത്. തൃശൂര്‍, പത്തനംതിട്ട, തിരുവനന്തപുരം എന്നീ ലോക്സഭാ മണ്ഡലങ്ങളാണ് കേരളത്തില്‍ നിന്ന് റിപ്പോര്‍ട്ടില്‍ പരിഗണിച്ചത്.

ന്യൂനപക്ഷങ്ങളെ പാര്‍ട്ടിക്ക് ഒപ്പം നിര്‍ത്താന്‍ കഴിയുന്നില്ല, പ്രത്യേകിച്ച് ക്രൈസ്തവ വിഭാഗത്തെ സ്വാധീനിക്കാന്‍ പാര്‍ട്ടിക്ക് സാധിക്കുന്നില്ല, ക്രൈസ്തവ വോട്ട് ബാങ്കിലേക്ക് പാര്‍ട്ടിക്ക് എത്തിച്ചേരാനാകുന്നില്ല എന്നിങ്ങനെയായിരുന്നു റിപ്പോര്‍ട്ടിലെ പ്രധാന വിലയിരുത്തലുകള്‍.

ഹിന്ദു വോട്ടുകള്‍ ഏകീകരിക്കാന്‍ സംസ്ഥാനത്തെ ബി.ജെ.പിക്ക് സാധിക്കുന്നില്ലെന്ന വിമര്‍ശനവും റിപ്പോര്‍ട്ടിലുണ്ടായിരുന്നു.

ഹിന്ദു വോട്ടുകള്‍ ഏകീകരിക്കാനുളള അനുകൂല സാഹചര്യം കേരളത്തില്‍ ഉണ്ടെങ്കിലും അതിനെ ശക്തമായ വോട്ട് ബാങ്ക് ആക്കി മാറ്റാന്‍ സാധിക്കുന്നില്ല. മറ്റ് പാര്‍ട്ടികളില്‍ നിന്നും പലരും ബി.ജെ.പിയിലേക്ക് എത്താന്‍ ആഗ്രഹിക്കുന്നുണ്ടെങ്കിലും അവരെ കൊണ്ടുവരാനായി പാര്‍ട്ടി നേതൃത്വത്തിന്റെ ഭാഗത്ത് നിന്നും കാര്യക്ഷമമായിട്ടുളള പ്രവര്‍ത്തനങ്ങള്‍ നടക്കുന്നില്ലെന്നും കേന്ദ്ര നേതൃത്വം സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിച്ചിരുന്നു.

അതേസമയം, കേരളത്തിലെ നേതാക്കള്‍ ക്രൈസ്തവ വോട്ടകള്‍ സംഭരിക്കാന്‍ കിണഞ്ഞ് പരിശ്രമിക്കുമ്പോള്‍ ഉത്തര്‍പ്രദേശ് അടക്കമുള്ള ബി.ജെ.പി ഭരിക്കുന്ന നോര്‍ത്ത് ഇന്ത്യന്‍ സംസ്ഥാനങ്ങളുടെ സ്ഥിതി നേരെ വിപരീതമാണ്.

ഉത്തര്‍പ്രദേശില്‍ സമാധാനപരമായ അന്തരീക്ഷത്തില്‍ ക്രിസ്മസ് ആഘോഷിക്കുന്നുണ്ടെന്നും മതപരിവര്‍ത്തനം നടക്കുന്നില്ലെന്നും ഉറപ്പാക്കണമെന്നുമാണ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് കഴിഞ്ഞ ദിവസം സംസ്ഥാനത്തെ ഉദ്യോഗസ്ഥരോട് നിര്‍ദേശിച്ചത്.

സ്‌പെഷ്യല്‍ ഡ്രൈവിന്റെ ഭാഗമായി സംസ്ഥാനത്തെ ആരാധനാലയങ്ങളില്‍ നിന്ന് നീക്കം ചെയ്ത് ഉച്ചഭാഷിണികള്‍ ക്രിസ്മസിനോടനുബന്ധിച്ച് വീണ്ടും സ്ഥാപിക്കപ്പെട്ടിരുന്നു. അത് അംഗീകരിക്കാനാവില്ലെന്നും, കടുത്ത നടപടി സ്വീകരിക്കണമെന്നും യോഗി ഉദ്യോഗസ്ഥരോട് നിര്‍ദേശിച്ചിരുന്നു.

Content Highlight: Kerala BJP leaders Visited Christian homes on Christmas day