| Sunday, 27th September 2020, 9:17 am

ബി.ജെ.പി കേരളഘടകത്തെ മൗനത്തിലാക്കിയ ഭാരവാഹി പട്ടിക; കുമ്മനത്തെയും കൃഷ്ണദാസിനെയും തഴഞ്ഞതിന് പിന്നില്‍ വി.മുരളീധരനോ?

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: ബി.ജെ.പി ദേശീയഭാരവാഹികളുടെ പട്ടികയില്‍ കേരളത്തില്‍ നിന്നുള്ള മുതിര്‍ന്ന ബി.ജെ.പി നേതാക്കള്‍ ഇടംപിടിക്കാത്തത് ചര്‍ച്ചയാകുന്നു. കേരളത്തില്‍ ന്യൂനപക്ഷ വോട്ടുകള്‍ കൂടി ലക്ഷ്യമിട്ട് ജനകീയ അടിത്തറ സൃഷ്ടിക്കാന്‍ കൂടിയാണ് എ.പി അബ്ദുള്ളക്കുട്ടിയെ ദേശീയ ഉപാധ്യക്ഷനായി തെരഞ്ഞെടുത്തത്. എന്നാല്‍ ദേശീയഘടകം കേരളത്തിന് പ്രാതിനിധ്യം നല്‍കാത്തതില്‍ കടുത്ത രോഷത്തിലാണ് ബി.ജെ.പിയുടെ മുന്‍നിര നേതാക്കളെന്നാണ് റിപ്പോര്‍ട്ടുകള്‍.

കേരളത്തില്‍ തദ്ദേശസ്വംയഭരണ തെരഞ്ഞെടുപ്പും അടുത്ത വര്‍ഷം നിയമസഭ തെരഞ്ഞെടുപ്പും നടക്കാനിരിക്കെ പാര്‍ട്ടിയില്‍ ദീര്‍ഘകാല പ്രവര്‍ത്തന പാരമ്പര്യമുള്ള നേതാക്കളാരും ഭാരവാഹി പട്ടികയില്‍ ഇടംപിടിച്ചിട്ടില്ല.

ദേശീയ ഭാരവാഹി പട്ടികയില്‍ കുമ്മനം രാജശേഖരന്‍ ഇടംപിടിക്കുമെന്ന് നേരത്തെ സൂചനകളുണ്ടായിരുന്നെങ്കിലും നിരീക്ഷണങ്ങള്‍ തകിടം മറിച്ച് മുന്‍നിര ബി.ജെ.പി നേതാക്കളുടെ പേരുകള്‍ ഉള്‍പ്പെടാത്ത ലിസ്റ്റാണ് പുറത്തുവന്നത്.

കുമ്മനം പി.കെ കൃഷ്ണദാസ്, ശോഭസുരേന്ദ്രന്‍ എന്നിവര്‍ പരിഗണിക്കപ്പെടുമെന്നാണ് കരുതിയത്. എന്നാല്‍ ഇവരാരും പട്ടികയില്‍ ഉള്‍പ്പെട്ടില്ല. സംസ്ഥാനത്ത് രണ്ട് തെരഞ്ഞെടുപ്പ് അടുത്തിരിക്കെ കേരളത്തില്‍ നിന്ന് രണ്ട് പേര്‍ക്ക് മാത്രമാണ് ദേശീയ ഭാരവാഹി പട്ടികയില്‍ സ്ഥാനം ലഭിച്ചത്.

വൈസ് പ്രസിഡന്റായി എ.പി അബ്ദുള്ളകുട്ടി, വക്തവായി ടോം വടക്കന്‍ എന്നിവരെ പട്ടികയില്‍ ഉള്‍പ്പെടുത്തിയതൊഴിച്ചാല്‍ കേരളത്തില്‍ നിന്നുള്ള പ്രാതിനിധ്യം ദേശീയ ഭാരവാഹി പട്ടികയില്‍ ഇല്ല. സംസ്ഥാന തെരഞ്ഞെടുപ്പ് നടക്കുന്ന ബീഹാറിനും പശ്ചിമബംഗാളിനും അതേസമയം കൂടുതല്‍ പ്രാതിനിധ്യം ലഭിക്കുകയും ചെയ്തു.

കുമ്മനത്തെ ഉള്‍പ്പെടെ പട്ടികയില്‍ നിന്ന് ഒഴിവാക്കിയതിന് പിന്നില്‍ കേന്ദ്ര സഹമന്ത്രി വി. മുരളീധരനാണെന്നും നീരീക്ഷണങ്ങല്‍ ഉയരുന്നുണ്ട്. കേരളത്തിലെ ആര്‍.എസ്.എസിനും പി.കെ കൃഷ്ണദാസ് പക്ഷത്തിനും തിരിച്ചടി നല്‍കാനുള്ള മുരളീധരന്റെ നീക്കത്തിലാണ് മുതിര്‍ന്ന ബി.ജെ.പി നേതാക്കള്‍ പട്ടികയില്‍ നിന്നു പുറത്ത് പോയതെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

കെ.സുരേന്ദ്രന്‍ സംസ്ഥാന പ്രസിഡന്റായതിനു പിന്നാലെ ബി.ജെ.പിയുടെ പൊതുപരിപാടികളില്‍ നിന്നും ചാനല്‍ ചര്‍ച്ചകളില്‍ നിന്നും ശോഭ സുരേന്ദ്രന്‍ വിട്ടു നിന്നത് നേരത്തെ ഏറെ ചര്‍ച്ചയായിരുന്നു. കേരളത്തിലെ ബി.ജെ.പിയുടെ ശക്തമായ വനിതാ സാന്നിധ്യമായ ശോഭ സുരേന്ദ്രനെ വീണ്ടും സജീവമാക്കാന്‍ ദേശീയഭാരവാഹിപട്ടികയില്‍ ഇടം നല്‍കുമെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നെങ്കിലും അവരെയും ദേശീയ നേതൃത്വം തഴയുകയായിരുന്നു.

കുമ്മനം രാജശേഖരന് ദേശീയഭാരവാഹി പട്ടികയില്‍ ഇടംനല്‍കുക എന്നത് കേരളത്തില്‍ നിന്നുള്ള ആര്‍.എസ്.എസിന്റെ ആവശ്യമായിരുന്നു. വട്ടിയൂര്‍ക്കാവ് നിയമസഭ മണ്ഡലത്തില്‍ ഉപതെരഞ്ഞെടുപ്പില്‍ നിന്ന് അദ്ദേഹത്തെ മാറ്റി നിര്‍ത്തിയത് ആര്‍.എസ്.എസില്‍ കടുത്ത എതിര്‍പ്പ് ഉണ്ടാക്കിയിരുന്നു.

എന്നാല്‍ കേരളത്തിലെ ആര്‍.എസ്.എസിന് അനഭിമതനായ ബി.എല്‍ സന്തോഷ് ദേശീയ ജനറല്‍ സെക്രട്ടറിയായി തുടരുന്നതാണ് കുമ്മനത്തിന് വഴിമുടക്കിയതെന്ന റിപ്പോര്‍ട്ടുകളും പുറത്തുവരുന്നു. ബി.എല്‍ സന്തോഷിനുമേല്‍ വി.മുരളീധരനുള്ള സ്വാധീനവും കുമ്മനത്തിന് തടസമായോ എന്ന ചോദ്യങ്ങളും ഉയരുന്നുണ്ട്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Kerala bjp is dissatisfied over the rejection from national bjp

Latest Stories

We use cookies to give you the best possible experience. Learn more