തിരുവനന്തപുരം: ക്രൈസ്ത-മുസ്‌ലിം വിഭാഗങ്ങളില്‍ നിന്നുള്ളവരില്‍ നിന്ന് 5,000ല്‍ അധികം പേര്‍ ബി.ജെ.പി ഭാരവാഹി പട്ടികയില്‍ ഇടം പിടിച്ചതായി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന്‍. 11 മണ്ഡലം പ്രസിഡന്റുമാര്‍ ക്രിസ്ത്യന്‍ വിഭാഗത്തില്‍ നിന്നും ഒരാള്‍ മുസ്‌ലിം വിഭാഗത്തില്‍ നിന്നുമാണെന്ന് കെ. സുരേന്ദ്രന്‍ പറഞ്ഞു.
ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനാണ് ഇതുസംബന്ധിച്ച വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുന്നത്. മുന്‍പുള്ളതിനേക്കാള്‍ ഏറെ അധികമാണ് ന്യൂനപക്ഷ പ്രാതിനിധ്യമെന്നും കെ. സുരേന്ദ്രന്‍ പറഞ്ഞു.
‘എറണാകുളം മുതല്‍ തെക്കന്‍ ജില്ലകളിലാണ് ന്യൂനപക്ഷ മേഖലയില്‍ നിന്നുള്ളവര്‍ ഭാരവാഹിത്വത്തിലേക്ക് എത്തിയത്.
സംസ്ഥാനത്തുടനീളം ഭാരവാഹി പട്ടികയിലെ സ്ത്രീ പ്രാതിനിധ്യം ഉറപ്പിക്കാനും സമ്മേളനങ്ങള്‍ക്ക് സാധിച്ചു. 22 മണ്ഡലം പ്രസിഡന്റുമാര്‍ വനിതകളാണ്. സംസ്ഥാനത്ത് ബി.ജെ.പിക്ക് മണ്ഡലം ഭാരവാഹിത്വത്തിലേക്ക് വനിതകള്‍ എത്തുന്നത് ആദ്യമാണ്.
ഭാരവാഹിത്വത്തിലേക്ക് ട്രാന്‍സ് സാന്നിധ്യവുമുണ്ട്. എറണാകുളം ജില്ലയില്‍ ജില്ലാ കമ്മിറ്റിയിലേക്കാണ് ട്രാന്‍സ് വ്യക്തിയെത്തുന്നത്. 20000 ബൂത്ത് കമ്മിറ്റികള്‍ ലക്ഷ്യമിട്ടതില്‍ 18000 ബൂത്ത് സമ്മേളനങ്ങള്‍ ഇതിനോടകം പൂര്‍ത്തിയായി. ബാക്കിയുള്ളവ വൈകാതെ തന്നെ പൂര്‍ത്തിയാക്കാനാവും,’ കെ. സുരേന്ദ്രന്‍ പറഞ്ഞു.