| Tuesday, 16th February 2021, 4:06 pm

'ശബരിമല കൊണ്ട് ഇനി കാര്യമില്ല'; പുതിയ സുവര്‍ണാവസരം കണ്ടെത്തി ബി.ജെ.പി

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: നിയമസഭ തെരഞ്ഞെടുപ്പിനുള്ള പുതിയ ‘സുവര്‍ണാവസരം’ കണ്ടെത്തി ബി.ജെ.പി. എസ് ഹരീഷിന്റെ മീശ നോവലിന് കേരള സാഹിത്യ അക്കാദമി അവാര്‍ഡ് ലഭിച്ചതാണ് ബി.ജെ.പി കാണുന്ന പുതിയ സുവര്‍ണാവസരം.

തെരഞ്ഞെടുപ്പില്‍ മുഖ്യ വിഷയമാക്കാന്‍ തീരുമാനിച്ചിരുന്ന ശബരിമല സ്ത്രീ പ്രവേശനം പാര്‍ട്ടിക്ക് തന്നെ തിരിച്ചടിയാവുമെന്ന തിരിച്ചറിവിനെ തുടര്‍ന്നാണ് പുതിയ വിവാദങ്ങള്‍ ബി.ജെ.പി കണ്ടെത്തുന്നത്.

സംസ്ഥാന നിയമസഭയിലേക്കുള്ള തെരഞ്ഞെടുപ്പിലും ശബരിമല സ്ത്രീ പ്രവേശന വിധിയല്ലാതെ പ്രധാനപ്പെട്ട പ്രചരണ തന്ത്രങ്ങള്‍ ഒന്നും ബി.ജെ.പിക്ക് ഉണ്ടായിരുന്നില്ല. ഇതിനിടെയാണ് വീണു കിട്ടിയ അവസരം പോലെ എസ്.ഹരീഷിന്റെ മീശയ്ക്ക് കേരള സാഹിത്യ അക്കാദമി അവാര്‍ഡ് ലഭിക്കുന്നത്.

മുമ്പ് മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ പ്രസിദ്ധീകരിച്ച ഹരീഷിന്റെ മീശ എന്ന നോവല്‍ സംഘപരിവാറിന്റെ എതിര്‍പ്പിനെ തുടര്‍ന്ന് വിവാദമായിരുന്നു. നോവലിലെ കഥാപാത്രങ്ങള്‍ തമ്മില്‍ നടത്തുന്ന സംഭാഷണം ഹിന്ദുമത വിശ്വാസികളെ അവഹേളിക്കുന്നു എന്നായിരുന്നു പ്രധാന ആരോപണം.

ഇതിന് പിന്നാലെ ഹരീഷിനെതിരെയും കുടുംബാംഗങ്ങള്‍ക്കെതിരെയും ഭീഷണിയുമായി ചിലര്‍ രംഗത്തെത്തിയിരുന്നു. ഇതോടെ നോവല്‍ മാതൃഭൂമിയില്‍ നിന്ന് പിന്‍വലിക്കുന്നുവെന്ന് ഹരീഷ് അറിയിച്ചു. പിന്നീട് ഡി.സി ബുക്‌സ് നോവല്‍ പുസ്തക രൂപത്തില്‍ പ്രസിദ്ധീകരിക്കുകയായിരുന്നു.

അതേസമയം ഇന്ത്യയില്‍ സാഹിത്യരചനകള്‍ക്ക് ഏറ്റവും ഉയര്‍ന്ന സമ്മാനത്തുക നല്‍കുന്ന ജെ.സി.ബി സാഹിത്യപുരസ്‌കാരം എസ്. ഹരീഷിന്റെ ‘മീശ’ നോവലിനായിരുന്നു. ‘മീശ’ യുടെ ഇംഗ്ലീഷ് പരിഭാഷയാണ് പുരസ്‌കാരത്തിനായി പരിഗണിച്ചത്. കോട്ടക്കല്‍ സ്വദേശിനി ജയശ്രീ കളത്തിലാണ് നോവല്‍ ഇംഗ്ലീഷിലേക്ക് പരിഭാഷപ്പെടുത്തിയത്.

ശബരിമല തന്നെ സംസ്ഥാന നിയമസഭയിലേക്കുള്ള തെരഞ്ഞെടുപ്പ് വിഷയമാക്കുന്നതിനെതിരെ പാര്‍ട്ടിയില്‍ നിന്ന് തന്നെ എതിര്‍പ്പുകള്‍ ഉയര്‍ന്നിരുന്നു. ഇതിനിടെ കര്‍ഷക സമരവും പാചക വാതകത്തിന്റെയും പെട്രോള്‍ – ഡീസല്‍ വിലയും കുതിച്ചത്.

ഇതോടെ ബി.ജെ.പി പ്രതിരോധത്തിലായിരുന്നു. ഇതിന് പിന്നാലെയാണ് സംസ്ഥാന നേതൃത്വത്തിനെതിരെ പരസ്യമായി നേതാക്കള്‍ തന്നെ പ്രതിഷേധവുമായി രംഗത്ത് എത്തുകയും ശോഭാ സുരേന്ദ്രന്‍ സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രനെതിരായ പരാതി ഉന്നയിക്കുകയും ചെയ്തത്.

ഇതുകൂടി ആയതോടെ സംസ്ഥാന ബി.ജെ.പിയുടെ നില പരിതാപകരമായിരുന്നു. ഇതിനിടെയാണ് പുതിയ ‘വര്‍ഗീയ’ കാര്‍ഡ് ഇറക്കാനുള്ള സുവര്‍ണാവസരമെന്നോണം മീശ നോവലിന് പുരസ്‌ക്കാരം ലഭിക്കുന്നത്.

മീശ നോവലിന് സാഹിത്യ അക്കാദമി പുരസ്‌കാരം നല്‍കിയത് ഹിന്ദു സമൂഹത്തോടുള്ള വെല്ലുവിളിയാണെന്നാണ് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍ പറഞ്ഞത്. പിണറായി വിജയന്‍ സര്‍ക്കാരിന് ഹിന്ദുക്കളോടുള്ള കലി അടങ്ങിയിട്ടില്ലെന്നും ശബരിമലയില്‍ ചെയ്ത അതേ കാര്യമാണ് പിണറായി വിജയന്‍ ആവര്‍ത്തിച്ച് ചെയ്യുന്നതെന്നുമായിരുന്നു സുരേന്ദ്രന്‍ പറഞ്ഞത്.

കേരളത്തിലെ ഹിന്ദു സമൂഹത്തിന്റെ മുഖത്തടിക്കുന്ന നെറികേടാണെന്നും പിണറായി വിജയന് വരുന്ന തെരഞ്ഞെടുപ്പില്‍ മറുപടി കിട്ടുമെന്നുമായിരുന്നു നേതൃത്വവുമായി പിണങ്ങി നില്‍ക്കുന്ന ശോഭ സുരേന്ദ്രന്‍ പറഞ്ഞത്. കേരളത്തിലെ ഹിന്ദു വിശ്വാസികളുടെ പ്രതിഷേധം സര്‍ക്കാര്‍ മുഖവിലയ്ക്കുപോലും എടുക്കുന്നില്ല എന്നതിന്റെ തുടര്‍ച്ചയായി വേണം മീശയ്ക്ക് പുരസ്‌കാരം നല്‍കിയ പ്രഖ്യാപനത്തെ കാണാന്‍ എന്നാണ് കേന്ദ്രമന്ത്രി വി മുരളീധരന്‍ പറഞ്ഞത്.

പാളിപോയ ശബരിമല

ശബരിമലയിലെ സ്ത്രീപ്രവേശനം സുവര്‍ണാവസരമായി കാണണമെന്ന് അന്നത്തെ സംസ്ഥാന അധ്യക്ഷനും ഇപ്പോഴത്തെ മിസോറാം ഗവര്‍ണറുമായിരുന്ന പി.എസ് ശ്രീധരന്‍പിള്ളയായിരുന്നു നിര്‍ദ്ദേശിച്ചത്.

എന്നാല്‍ കഴിഞ്ഞ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പില്‍ ശബരിമല സ്ത്രീ പ്രവേശനം മുഖ്യ വിഷയമാക്കാന്‍ ബി.ജെ.പി ശ്രമിച്ചിരുന്നെങ്കിലും തിരിച്ചടി നേരിടുകയും എല്‍.ഡി.എഫിന് മികച്ച വിജയം സംസ്ഥാനത്ത് ഉടനീളം സ്വന്തമാക്കാന്‍ സാധിക്കുകയും ചെയ്തിരുന്നു.

ഇതിന് പിന്നാലെ ശബരിമല യുവതീ പ്രവേശനത്തെ ആര്‍.എസ്.എസ് എതിര്‍ത്തിരുന്നില്ലെന്ന് സി.പി.ഐ.എമ്മില്‍ ചേര്‍ന്ന അയ്യപ്പ ധര്‍മ സംരക്ഷണ സമിതി ചെയര്‍മാന്‍ എസ്. കൃഷ്ണകുമാര്‍ വെളിപ്പെടുത്തിയിരുന്നു.

ഭൂരിപക്ഷം ആര്‍.എസ്.എസുകാര്‍ക്കും ശബരിമലയില്‍ സ്ത്രീകള്‍ പ്രവേശിക്കണമെന്നായിരുന്നു താത്പര്യമെന്നും പിന്നീട് രാഷ്ട്രീയ ലക്ഷ്യത്തിനായി നിലപാട് മാറ്റിയതാണെന്നും അദ്ദേഹം വെളിപ്പെടുത്തിയിരുന്നു.

ശബരിമല പ്രശ്‌നം നിയമസഭാ തെരഞ്ഞെടുപ്പില്‍ ആയുധമാക്കാന്‍ യു.ഡി.എഫ്-ബി.ജെ.പി നീക്കത്തിനിടെയാണ് പന്തളത്ത് ബി.ജെ.പി പ്രവര്‍ത്തകര്‍ കൂട്ടത്തോടെ സി.പി.ഐ.എമ്മിലേക്ക് ചേക്കേറിയത്.

കൃഷ്ണകുമാറടക്കം മുപ്പതോളം ബി.ജെ.പി പ്രവര്‍ത്തകരാണ് പന്തളത്ത് സി.പി.ഐ.എമ്മില്‍ ചേര്‍ന്നത്. ശബരിമല നാമജപയാത്രയ്ക്ക് നേതൃത്വം നല്‍കിയ ആളാണ് എസ്. കൃഷ്ണകുമാര്‍. എന്നാല്‍ സി.പി.ഐ.എമ്മിലേക്ക് പോയവരുമായി പാര്‍ട്ടിക്ക് ഒരു ബന്ധവുമില്ലെന്നാണ് ബി.ജെ.പി പറയുന്നത്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlights: Kerala BJP finds new golden opportunity kerala election politics

We use cookies to give you the best possible experience. Learn more