Kerala News
ബി.ജെ.പിയില്‍ പുനസംഘടന; വി. മുരളീധരന് ആന്ധ്രപ്രദേശിന്റെ ചുമതല, ലക്ഷദ്വീപ് അബ്ദുള്ളക്കുട്ടിയ്ക്ക്
ഡൂള്‍ന്യൂസ് ഡെസ്‌ക്
2020 Nov 13, 05:45 pm
Friday, 13th November 2020, 11:15 pm

ന്യൂദല്‍ഹി: കേരളത്തില്‍ ബി.ജെ.പിയ്ക്കുള്ളില്‍ തര്‍ക്കം തുടരുന്നതിനിടെ സംഘടനാ ചുമതലകള്‍ നിശ്ചയിച്ച് കേന്ദ്രനേതൃത്വം. കേന്ദ്രസഹമന്ത്രി വി. മുരളീധരന് സംഘടനാ ചുമതല നല്‍കി.

സംസ്ഥാനത്തിന്റെ ചുമതലയുള്ള ഏക കേന്ദ്രമന്ത്രി വി. മുരളീധരനാണ്. ആന്ധ്രാപ്രദേശിന്റെ ചുമതലയാണ് മുരളീധരന് നല്‍കിയിരിക്കുന്നത്.

അബ്ദുള്ളക്കുട്ടിയ്ക്ക് ലക്ഷദ്വീപിന്റെ ചുമതല നല്‍കി. തര്‍ക്കം തുടരുന്ന കേരളത്തിന്റെ ചുമതല സി.പി രാധാകൃഷ്ണനാണ്.

അതേസമയം മുരളീധര വിരുദ്ധപക്ഷത്തെ പി.കെ കൃഷ്ണദാസ് പട്ടികയിലില്ല.

നേരത്തെ സംസ്ഥാന നേതൃത്വത്തിനെതിരെ മുതിര്‍ന്ന നേതാക്കളായ ശോഭാ സുരേന്ദ്രനും പി.എം വേലായുധനും പരസ്യമായി രംഗത്തെത്തിയിരുന്നു. പാര്‍ട്ടി പുനഃസംഘടനയില്‍ അര്‍ഹമായ പ്രാതിനിധ്യം ലഭിച്ചില്ലെന്ന പരാതിയും അവര്‍ ഉന്നയിച്ചിരുന്നു.

വിഷയത്തില്‍ കേന്ദ്രനേതൃത്വത്തെ ശോഭ സമീപിച്ചിട്ടുമുണ്ട്. ഇതിന് പിന്നാലെ കേന്ദ്രനേതൃത്വം സുരേന്ദ്രനെ ഡല്‍ഹിയിലേക്ക് വിളിപ്പിച്ചിരുന്നു.

പ്രശ്‌നം ഉടന്‍ പരിഹരിക്കണമെന്ന് ആര്‍.എസ്.എസും സുരേന്ദ്രനോട് ആവശ്യപ്പെട്ടിട്ടുണ്ട്. വിഷയം ഇത്രയും വലുതാവുന്നതുവരെ നീട്ടിക്കൊണ്ടുപോയതിലുള്ള അതൃപ്തിയും ആര്‍.എസ്.എസ് സുരേന്ദ്രനെ അറിയിച്ചു.

കെ. സുരേന്ദ്രനെതിരെ ബി.ജെ.പി കേന്ദ്ര നേതൃത്വത്തിനും ആര്‍.എസ്.എസിനും ശോഭാ സുരേന്ദ്രന്‍ അടക്കമുള്ള നേതാക്കള്‍ പരാതി നല്‍കിയിരുന്നു.

ഇതിനെ തുടര്‍ന്ന് ദേശീയ നേതൃത്വത്തിന്റെ നിര്‍ദേശപ്രകാരം എറണാകുളം എളമക്കരയിലെ ആര്‍.എസ്.എസ് കാര്യാലയത്തിലേക്ക് സുരേന്ദ്രനെ വിളിച്ചുവരുത്തുകയായിരുന്നു. ആര്‍.എസ്.എസ് പ്രാന്ത പ്രചാരക് ഹരികൃഷ്ണന്‍, സംസ്ഥാന പ്രാന്തകാര്യവാഹക് ഗോപാലന്‍കുട്ടി മാസ്റ്റര്‍, സംസ്ഥാന സഹപ്രാന്ത കാര്യവാഹക് സുദര്‍ശന്‍ തുടങ്ങിയവരാണ് യോഗത്തില്‍ ഉണ്ടായിരുന്നത്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക