Kerala News
എം.ടിക്ക് വിട നല്‍കി കേരളം; സംസ്‌കാര ചടങ്ങുകള്‍ പൂര്‍ത്തിയായി
ഡൂള്‍ന്യൂസ് ഡെസ്‌ക്
2024 Dec 26, 11:56 am
Thursday, 26th December 2024, 5:26 pm

കോഴിക്കോട്: മലയാള സാഹിത്യത്തിന്റെ വിഖ്യാത എഴുത്തുകാരൻ എം.ടി. വാസുദേവന്‍ നായരുടെ സംസ്‌കാരം പൂര്‍ത്തിയായി. കോഴിക്കോട് മാവൂര്‍ റോഡിലെ ശ്മശാനം ‘സ്മൃതി പഥം’ത്തിൽ ആയിരുന്നു സംസ്‌കാരം.

സംസ്ഥാന സര്‍ക്കാരിന്റെ ഔദ്യോഗിക ബഹുമതികളോടെയായിരുന്നു സംസ്‌കാരം നടന്നത്. പൊതുദര്‍ശനം, വിലാപയാത്ര തുടങ്ങിയവ ഒഴിവാക്കിയായിരുന്നു എം.ടിയുടെ അന്ത്യകര്‍മങ്ങള്‍ പൂര്‍ത്തിയാക്കിയത്.

മരണപ്പെടുന്നതിന് മുന്നോടിയായി പൊതുദര്‍ശനം ഉള്‍പ്പെടെയുള്ളവ ഒഴിവാക്കണമെന്ന് എം.ടി ബന്ധുക്കളോട് പറഞ്ഞതിന്റെ അടിസ്ഥാനത്തിലായിരുന്നു തീരുമാനം.

മുഖ്യമന്ത്രി പിണറായി വിജയന്‍, പി.എ. മുഹമ്മദ് റിയാസ്, എ.കെ. ശശീന്ദ്രന്‍, കടന്നപ്പള്ളി രാമചന്ദ്രന്‍, ടി. പത്മനാഭന്‍, ഹരിഹരന്‍, മോഹന്‍ലാല്‍, കമല്‍, രണ്‍ജി പണിക്കര്‍. എം.എന്‍. കാരശ്ശേരി, കെ.കെ. ശൈലജ, സിബി മലയില്‍ തുടങ്ങിയവർ എം.ടിക്ക് അന്തിമോപചാരം അര്‍പ്പിക്കാന്‍ അദ്ദേഹത്തിന്റെ വസതിയില്‍ എത്തിയിരുന്നു.

 Kerala bids farewell to MT; The funeral rites are over

എം.ടിക്ക് ആദരാഞ്ജലി അര്‍പ്പിക്കാന്‍ നിരവധി പേരാണ് കോഴിക്കോട്ടെ വീട്ടിലേക്ക് എത്തിയത്. എം.ടിയുടെ മരണത്തില്‍ സര്‍ക്കാര്‍ സംസ്ഥാനത്ത് രണ്ട് ദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ചു.

ഡിസംബര്‍ 16ാം തിയതി മുതല്‍ അദ്ദേഹം കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഇന്നലെ പത്തുമണിയോടെയാണ് എം.ടിയുടെ മരണം സ്ഥിരീകരിച്ചത്.

കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ആധുനിക സൗകര്യങ്ങളോട് കൂടി നവീകരിച്ച സ്മൃതി പഥത്തില്‍ നടന്ന ആദ്യ സംസ്‌കാര ചടങ്ങ് എം.ടിയുടേതാണ്. ഒന്നര വര്‍ഷമായി അടച്ചിട്ട ശ്മശാനം 29ന് ഉദ്ഘാടനം ചെയ്യാനിരിക്കയായിരുന്നു.

Content Highlight: Kerala bids farewell to MT; The funeral rites are over