രാജ്യത്തെ ഭരണഘടന ഉറപ്പാക്കുന്ന പ്രധാന അവകാശങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ടതാണ് സഞ്ചാര സ്വാതന്ത്ര്യം. എന്നാല്‍ ഈ അവകാശം നിഷേധിക്കപ്പെട്ട് ഇടുക്കിയിലെ നാല്‍പ്പതോളം ദളിത് കുടുംബാംഗങ്ങള്‍ ദുരിതത്തില്‍ കഴിയാന്‍ തുടങ്ങിയിട്ട് വര്‍ഷം 26 കഴിയുന്നു.
ഇടുക്കിയിലെ തൊടുപുഴയ്ക്കടുത്തുള്ള മുട്ടം പാമ്പാനി ദളിത് കോളനിയിലേക്കുള്ള റോഡിന് കുറുകെ മലങ്കര എസ്റ്റേറ്റ് മാനേജ്‌മെന്റ് സ്ഥാപിച്ച ഗേറ്റാണ് നാല്‍പ്പത് കുടുംബങ്ങളുടെ ജീവിതം ദുരിതത്തിലാക്കിയിരിക്കുന്നത്. സ്ത്രീകളും കുട്ടികളുമടക്കം പ്രായമായ ആള്‍ക്കാര്‍ വരെ മതില്‍ ചാടിക്കടന്നു വേണം റോഡിലേക്കിറങ്ങാന്‍.
ഗേറ്റിനെതിരെ പ്രതിഷേധവുമായി രംഗത്ത് എത്തിയിരിക്കുകയാണ് കേരള ഭീം ആര്‍മി. കോളനി നിവാസികള്‍ക്ക് സഞ്ചാരസ്വാതന്ത്ര്യം അനുവദിക്കണമെന്നും എസ്റ്റേറ്റ് മാനേജ്മെന്റ് സ്ഥാപിച്ചത് ജാതിമതിലാണെന്നും ഭീം ആര്‍മി കേരള ഘടകം പറഞ്ഞു. ജാതിഗേറ്റ് പൊളിച്ചുമാറ്റി കോളനിവാസികള്‍ക്ക് സഞ്ചാരസ്വാതന്ത്ര്യം ഉറപ്പാക്കാന്‍ സര്‍ക്കാര്‍ തയ്യാറായില്ലെങ്കില്‍ തങ്ങള്‍ തന്നെ ഗേറ്റ് തകര്‍ക്കുമെന്നും ഭീം ആര്‍മി പ്രഖ്യാപിച്ചിരിക്കുകയാണ്.
സര്‍ക്കാര്‍ ഉത്തരവ് നിലനില്‍ക്കെ തന്നെ ഗേറ്റ് തുറക്കാന്‍ മാനേജ്‌മെന്റ് കൂട്ടാക്കുന്നില്ലെന്നാണ് ഭീം ആര്‍മി കേരള വക്താവ് റോബിന്‍ കുട്ടനാട് പറയുന്നത്. നിലവില്‍ ഗേറ്റ് തുറക്കണമെന്ന സര്‍ക്കാര്‍ ഉത്തരവ് നിലനില്‍ക്കെ ജാതിഗേറ്റ് അടച്ചുപൂട്ടിയ മാനേജ്‌മെന്റിനെതിരെ സമരം ശക്തമാക്കാന്‍ തന്നെയാണ് തീരുമാനമെന്നും റോബിന്‍ കുട്ടനാട് ഡൂള്‍ന്യൂസിനോട് പറഞ്ഞു.
‘വര്‍ഷങ്ങള്‍ക്ക് മുമ്പ് ഹാരിസണ്‍ ഗ്രൂപ്പിന് പാട്ടത്തിന് നല്‍കിയതാണ് ഈ ഭൂമി. പിന്നീട് മലങ്കര ഡാമിനോട് ചേര്‍ന്നുള്ള പ്രദേശത്തെ കുറച്ച് കുടുംബങ്ങള്‍ക്ക് ഭൂമി കൊടുത്ത് മേല്‍പ്പറഞ്ഞ പ്രദേശത്തേക്ക് മാറ്റിയിരുന്നു. അവര്‍ക്ക് വഴിയും അനുവദിച്ചു. കളക്ടറുടെ ഉത്തരവ് വരെയുണ്ട് അവരുടെ സഞ്ചാരസ്വാതന്ത്ര്യം തടയരുതെന്ന്. എന്നാല്‍ മലങ്കര മാനേജ്‌മെന്റ് അധികൃതര്‍ ഈ കുടുംബങ്ങള്‍ക്ക് വഴികൊടുക്കാന്‍ തയ്യാറാകുന്നില്ലെന്നും റോബിന്‍ ഡൂള്‍ന്യൂസിനോട് പറഞ്ഞു.
‘ഇതാണ് മുട്ടം കോളനിയിലെ കോളനിവാസികള്‍ അനുഭവിക്കുന്ന പ്രധാന പ്രശ്‌നം. ഒക്ടോബര്‍ എട്ടിന് ഈ തര്‍ക്കം സംബന്ധിച്ച കേസിന്റെ വിധി വരാനിരിക്കുകയാണ്. വിധി എന്താണെന്നറിഞ്ഞ ശേഷം സമരവുമായി മുന്നോട്ടുപോകാനാണ് തീരുമാനം. ഇതിനുമുമ്പും വിഷയം പല മാധ്യമങ്ങളിലും ചര്‍ച്ച ചെയ്തിരുന്നു. എന്നാല്‍ കൃത്യമായ രീതിയില്‍ ഫോളോ അപ്പുകള്‍ ഉണ്ടായിട്ടില്ല. ക്യാന്‍സര്‍ രോഗികള്‍ മുതല്‍ പ്രായാധിക്യരോഗങ്ങള്‍ അനുഭവിക്കുന്നവര്‍ കോളനിയിലുണ്ട്. ഗേറ്റ് സ്ഥാപിച്ചിരിക്കുന്ന മതിലിനു മുകളിലൂടെയാണ് കോളനിയിലുള്ളവര്‍ പുറത്തേക്ക് പോകുന്നത്’- റോബിന്‍ പറഞ്ഞു.
വിവാദങ്ങള്‍ക്ക് തുടക്കം ഇങ്ങനെ…
മുട്ടം പാമ്പാനി കോളനിയിലെ ജനങ്ങള്‍ക്ക് സഞ്ചാരസ്വാതന്ത്ര്യം നിഷേധിച്ചതുമായി ബന്ധപ്പെട്ട തര്‍ക്കത്തിന് നീണ്ട 26 വര്‍ഷത്തെ പഴക്കമുണ്ട്. 1993-ല്‍ പട്ടിക ജാതി വിഭാഗങ്ങളില്‍ നിന്നുള്ള 30 കുടുംബങ്ങള്‍ക്ക് സര്‍ക്കാര്‍ ഇവിടെ ഭൂമി അനുവദിച്ചിരുന്നു. എന്നാല്‍ കോളനിയിലേക്കുള്ള വഴിയുടെ പ്രശ്‌നം കൊണ്ട് 11 കുടുംബങ്ങളാണ് താമസിക്കാനെത്തിയത്.
ഇവരില്‍ കുറച്ചുപേര്‍ വഴിയില്ലാത്തത് കൊണ്ട് മാത്രം സ്ഥലം ഉപേക്ഷിച്ച് പോയിരുന്നു. ഇപ്പോള്‍ ഇവിടെ അവശേഷിക്കുന്ന നാല്‍പ്പത് കുടുംബങ്ങള്‍ക്ക് പുറത്തേക്കുപോകാനുള്ള വഴി തടഞ്ഞാണ് മലങ്കര മാനേജ്‌മെന്റ് ജാതിഗേറ്റ് സ്ഥാപിച്ചിരിക്കുന്നത്. 26 വര്‍ഷമായി മതിലിനു മുകളിലൂടെയാണ് കോളനി നിവാസികള്‍ പുറത്തേക്ക് പോകുന്നത്.
രോഗങ്ങള്‍ മൂലം ദുരിതമനുഭവിക്കുന്ന കുടുംബങ്ങളും കോളനിയിലുണ്ട്. അടിയന്തിരമായി ഹോസ്പിറ്റലില്‍ പോകേണ്ടി വന്നാല്‍ കിലോമീറ്ററുകള്‍ സഞ്ചരിച്ച് എസ്റ്റേറ്റ് വാച്ചറുടെ റൂമില്‍ പോയി ഗേറ്റിന്റെ താക്കോല്‍ വാങ്ങി ഗേറ്റ് തുറന്ന് വേണം പുറത്തേക്ക് കടക്കാന്‍. അല്ലാത്തപക്ഷം മതിലിനു മുകളിലൂടെ ചാടിക്കടക്കണം.
വര്‍ഷങ്ങളായി ഇതുതന്നെയാണ് കോളനി നിവാസികളുടെ ജീവിതം. പ്രതിഷേധങ്ങള്‍ ശക്തമായതോടെ തഹല്‍സില്‍ദാര്‍ക്കും കളക്ടര്‍ക്കും പരായുമായി കോളനിയിലെ ജനങ്ങള്‍ രംഗത്തെത്തിയിരുന്നു. എന്നാല്‍ പരാതികളെല്ലാം എസ്റ്റേറ്റ് മാനേജ്‌മെന്റ് ഇടപെട്ട് അട്ടിമറിച്ചെന്നാണ് സമരസമിതി അംഗങ്ങള്‍ ആരോപിക്കുന്നത്. പരാതി നല്‍കിയ പലരെയും മാനേജ്‌മെന്റ് ഭീഷണിപ്പെടുത്തിയെന്നും വ്യാപക പരാതിയുയര്‍ന്നിരുന്നു.
എസ്റ്റേറ്റില്‍ തന്നെ പണിയെടുക്കുന്നവരാണ് കോളനി നിവാസികളില്‍ ഭൂരിഭാഗം പേരും. തങ്ങളുടെ സഞ്ചാരസ്വാതന്ത്ര്യം ഇല്ലാതാക്കി ഭൂമി കയ്യേറാനാണ് എസ്റ്റേറ്റ് മാനേജ്‌മെന്റിന്റെ ശ്രമമെന്ന് കോളനിക്കാര്‍ ആരോപിച്ചിരുന്നു.
5000 രൂപയ്ക്ക് സ്ഥലം ഏറ്റെടുക്കാന്‍ തയ്യാറാണെന്നും കോളനി ഒഴിഞ്ഞുപോകണമെന്നും മാനേജ്‌മെന്റ് പറഞ്ഞതായി കോളനിവാസികള്‍ പറഞ്ഞിരുന്നു. അതിന് തയ്യാറാകാത്തതിനാണ് തങ്ങളുടെ വഴി മുടക്കിയതെന്ന് കോളനിനിവാസികള്‍ പറയുന്നു.
നേരത്തേ ജാതി ഗേറ്റിനെതിരെ പ്രതിഷേധവുമായി കോളനി നിവാസികള്‍ തന്നെ ഒരു സമരസമിതി രൂപീകരിച്ചിരുന്നു. ഇതിന്റെ ഭാഗമായി തൊടുപുഴ സിവില്‍ സ്റ്റേഷന്‍ ഉപരോധിച്ച് പ്രതിഷേധസമരങ്ങള്‍ സംഘടിപ്പിക്കുകയും ചെയ്തിരുന്നു.
സമരങ്ങള്‍ ശക്തമായതോടെ കോളനി നിവാസികളെയും എസ്റ്റേറ്റ് മാനേജ്‌മെന്റ് ഉദ്യോഗസ്ഥരെയും ഉള്‍പ്പെടുത്തി കളക്ടര്‍ സമാധാന ചര്‍ച്ച സംഘടിപ്പിക്കുകയും ചെയ്തിരുന്നു.
ഇതേത്തുടര്‍ന്ന് കോളനിയിലെ ജനങ്ങള്‍ക്ക് സഞ്ചാരസ്വാതന്ത്ര്യം അനുവദിക്കണമെന്നും ഗേറ്റ് അടച്ചിടരുതെന്നും കളക്ടര്‍ എച്ച്. ദിനേശന്‍ നിര്‍ദ്ദേശം നല്‍കിയിരുന്നു. എന്നാല്‍ ഉത്തരവ് നിലവില്‍ വന്നിട്ടും ഗേറ്റ് ഇതുവരെ തുറക്കാന്‍ മാനേജ്‌മെന്റ് തയ്യാറായിട്ടില്ല. ഇപ്പോഴും മതിലിനു മുകളിലൂടെയാണ് കോളനിയിലെ ജനങ്ങള്‍ റോഡിലേക്കിറങ്ങുന്നത്.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്‌സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
Content Highlights: Kerala Bhim Army Protest Aganist ‘Caste Gate’ In Malankara Estate