|

എന്‍.പി.ആര്‍ ചോദ്യങ്ങള്‍ ഒഴിവാക്കി ചോദ്യാവലി; കേരളത്തില്‍ സെന്‍സസിന്റെ ആദ്യ ഘട്ടം മെയ് ഒന്നിന്

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: കേരളത്തില്‍ മെയ് ഒന്നു മുതല്‍ സെന്‍സസ് നടപടികള്‍ ആരംഭിക്കാനിരിക്കേ ദേശീയ ജനസംഖ്യാ രജിസ്റ്ററിനു വേണ്ട ചോദ്യങ്ങള്‍ ഉള്‍പ്പെടുത്തില്ലെന്ന് ചീഫ് സെക്രട്ടറി വ്യക്തമാക്കി. കേരളത്തില്‍ ദേശീയ ജനസംഖ്യാ രജിസ്റ്റര്‍ നടപ്പാക്കുകയില്ലെന്ന് ജില്ലാ കളക്ടര്‍മാര്‍ മുന്‍കൈയ്യെടുത്ത് ജനങ്ങളെ ബോധ്യപ്പെടുത്തണമെന്നും ചീഫ് സെക്രട്ടറി നിര്‍ദേശിച്ചു.

സെന്‍സസിനെ കുറിച്ച് ചര്‍ച്ച ചെയ്യാന്‍ വിളിച്ചു ചേര്‍ത്ത കളക്ടര്‍മാരുടെ യോഗത്തിലാണ് ഇക്കാര്യം തീരുമാനമായത്. മെയ് ഒന്നുമുതല്‍ 30 വരെയാണ് സെന്‍സിന്റെ ആദ്യഘട്ടം നടപ്പാക്കുക. വീടുകളുടെ രേഖപ്പെടുത്തലും കണക്കെടുപ്പുമാണ് ആദ്യഘട്ടത്തില്‍ നടപ്പാക്കുക.

രണ്ടാം ഘട്ടമായ ജനസംഖ്യാ കണക്കെടുപ്പ് 2021 ഫെബ്രുവരി ഒന്‍പതിനാരംഭിക്കും. ഫെബ്രുവരി 28 വരെയായിരിക്കും കണക്കെടുപ്പ് നടക്കുക.

‘സെന്‍സസും എന്‍.പി.ആറും ഒന്നല്ല. എന്‍പിആര്‍ പുതുക്കലുമായി ബന്ധപ്പെട്ട ചോദ്യാവലിക്കുമുള്ള ഉത്തരങ്ങള്‍ കേരളത്തില്‍ ശേഖരിക്കുന്നില്ലെന്ന് വ്യക്തത വരുത്താന്‍ ജില്ലാ കളക്ടര്‍മാര്‍ ശ്രദ്ധ പുലര്‍ത്തണം,’ ചീഫ് സെക്രട്ടറി പറഞ്ഞു.

രാജ്യത്ത് ആദ്യമായാണ് മൊബൈല്‍ ആപ്പ് വഴി ജനസംഖ്യാ വിവരശേഖരണം നടത്തുന്നത്.

കേരളം ദേശീയ പൗരത്വ രജിസ്റ്റര്‍ നടപ്പാക്കില്ലെന്നും നിലവില്‍ നടക്കുന്ന സെന്‍സസുമായി സഹകരിക്കുമെന്നും ജനുവരി 20ന് നടന്ന മന്ത്രിസഭായോഗത്തില്‍ തീരുമാനിച്ചിരുന്നു.

ആര്‍.എസ്.എസ്. അജന്‍ഡയായ പൗരത്വ രജിസ്റ്റര്‍ കേരളം നടപ്പാക്കില്ലെന്നും പൗരത്വ രജിസ്റ്റര്‍ നടപ്പാക്കാനുള്ള എല്ലാ നടപടികളും സംസ്ഥാനം സ്റ്റേ ചെയ്തു കഴിഞ്ഞതായും മുഖ്യമന്ത്രി പിണറായി വിജയന്‍ നേരത്തെ തന്നെ അറിയിച്ചിരുന്നു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ