ദേശീയ ജൂനിയര്‍ അത്‌ലറ്റിക് മീറ്റില്‍ കേരളം ജേതാക്കളായി
DSport
ദേശീയ ജൂനിയര്‍ അത്‌ലറ്റിക് മീറ്റില്‍ കേരളം ജേതാക്കളായി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 1st November 2012, 12:45 am

ലക്‌നൗ: ഒരു വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ദേശീയ ജൂനിയര്‍ അത്‌ലറ്റിക് മീറ്റില്‍ കേരളം ചാമ്പ്യന്‍മാരായി. 465 പോയിന്റ് നേടിയാണ് കേരളം കിരീടം തിരിച്ചുപിടിച്ചത്. കഴിഞ്ഞ തവണത്തെ ചാമ്പ്യന്‍മാരായ ഹരിയാന തൊട്ടുതാഴെ 422 പോയിന്റുമായി രണ്ടാം സ്ഥാനത്തെത്തി.[]

328 പോയിന്റ് നേടിയ ഉത്തര്‍പ്രദേശ് മൂന്നാം സ്ഥാനത്ത് എത്തി. അവസാനദിവസം രണ്ടു സ്വര്‍ണമടക്കം ഒന്‍പത് മെഡലുകള്‍ കേരളം നേടി. കേരള ക്യാപ്റ്റന്‍ ആര്‍. അനു ട്രിപ്പിള്‍ സ്വര്‍ണം തികച്ചു. ചാംപ്യന്‍ഷിപ്പിലാകെ കേരളത്തിന് 21 സ്വര്‍ണവും 29 വെള്ളിയും 20 വെങ്കലവുമാണ് ലഭിച്ചത്. ഇതില്‍ 18 സ്വര്‍ണവും പെണ്‍കുട്ടികളുടെ വകയാണ്.

അഞ്ചാം ദിവസം നടന്ന 20 ഫൈനലുകളില്‍ കേരളം 11 ഇനങ്ങളില്‍ മത്സരിച്ചു. ദീര്‍ഘദൂര ഓട്ടങ്ങളിലും 400 മീറ്ററിലും നടത്തിയ പ്രകടനംവഴി ഉച്ചയോടെതന്നെ കിരീടം ഉറപ്പിക്കുകയും ചെയ്തു.

വനിതാവിഭാഗം ഓവറോള്‍ കിരീടവും കേരളം നേടി. ഇതിനുപുറമേ അണ്ടര്‍ 20, അണ്ടര്‍ 14 വിഭാഗം പെണ്‍കുട്ടികളുടെ കിരീടവും കേരളം നേടി. ഓവറോള്‍ കിരീടം നേടിയ കേരള ടീമിനെ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, മന്ത്രി കെ. ബി. ഗണേഷ്‌കുമാര്‍ എന്നിവര്‍ ഫോണില്‍ അഭിനന്ദിച്ചു. പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദനും അഭിനന്ദനം അറിയിച്ചു.