തിരുവനന്തപുരം: മലപ്പുറം ജില്ലാ സഹകരണബാങ്കിനെ കേരള ബാങ്കില്‍ ലയിപ്പിച്ച സര്‍ക്കാര്‍ നടപടി ഹൈക്കോടതി ശരിവെച്ചു. ലയന നടപടികളുമായി സര്‍ക്കാരിന് മുന്നോട്ട് പോകാമെന്നും നടപടികള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കാനും ഹൈക്കോടതി നിര്‍ദ്ദേശിച്ചു.
ജസ്റ്റിസ് എന്‍ രാജ വിജയരാഘവന്റേതാണ് ഉത്തരവ്. സര്‍ക്കാര്‍ ഓര്‍ഡിനന്‍സിനെതിരെയുള്ള എല്ലാ ഹരജികളും കോടതി തള്ളി.
മലപ്പുറം ജില്ലാ സഹകരണ ബാങ്ക് മാനേജിംഗ് കമ്മിറ്റിയും, ബാങ്കിന് കീഴിലുള്ള വിവിധ സഹകരണ സംഘങ്ങളും കമ്മിറ്റികളുമാണ് ഓര്‍ഡിനന്‍സ് ചോദ്യം ചെയ്ത് കോടതിയെ സമീപിച്ചത്.
അതേസമയം ഓര്‍ഡിനന്‍സ് വേഗത്തില്‍ നടപ്പാക്കണമെന്നാവശ്യപ്പെട്ട് ജില്ലാ സഹകരണ ബാങ്ക് എം.പ്ലോയീസ് ഫെഡറേഷനും കോടതിയെ സമീപിച്ചിരുന്നു.
സംസ്ഥാനത്തെ ജില്ലാ സഹകരണബാങ്കുകളെ സംസ്ഥാന സഹകരണ ബാങ്കില്‍ കൂട്ടിച്ചേര്‍ത്താണ് കേരള ബാങ്കിന്റെ രൂപീകരണം. എന്നാല്‍ മലപ്പുറം ജില്ലാ സഹകരണ ബാങ്ക് ഇതിനെതിരായിരുന്നു.
സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍കൂര്‍ ഇല്ലാതായതിന് പിന്നാലെയാണ് സംസ്ഥാനത്തിന് സ്വന്തമായി ഒരു ബാങ്ക് വേണം എന്ന ആവശ്യം ഉയര്‍ന്നു വന്നത്. എല്‍.ഡി.എഫിന്റെ തെരഞ്ഞെടുപ്പ് പ്രകടന പത്രികയിലെ പ്രധാന വാഗ്ദാനങ്ങളിലൊന്നായിരുന്നു കേരള ബാങ്ക്.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക