| Tuesday, 9th October 2018, 11:44 pm

കേരള ബാങ്ക് യാഥാര്‍ത്ഥ്യമാകുന്നു; പ്രതീക്ഷയോടെ മലയാളികള്‍

സൗമ്യ ആര്‍. കൃഷ്ണ

സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍കൂര്‍ എസ്.ബി.ഐ യുമായി ലയിച്ചതിന് ശേഷം കോരളത്തിന് സ്വന്തമായൊരു ബാങ്ക് ഇല്ലാതായിരിക്കുകയാണ്. ഈ വിടവ് നികത്താന്‍ ഏറ്റവും അനുയോജ്യമായ മാര്‍ഗ്ഗമായാണ് സാമ്പത്തിക വിദഗ്ദര്‍ കേരള ബാങ്കിനെ കാണുന്നത്. കേരളത്തിലെ 14 ജില്ലാ സഹകരണ ബാങ്കുകള്‍ കേരള സംസ്ഥാന സഹകരണ ബാങ്കുമായി ലയിപ്പിച്ച് പുതിയ ഒരു ബാങ്കിങ് സംവിധാനം രൂപപ്പെടുത്തുകയാണ് കേരള ബാങ്കിലൂടെ. കേരള സഹകരണ ബാങ്ക് ആണ് കേരളാ ബാങ്ക് എന്ന് അറിയപ്പെടുന്നത്.

കേരളത്തിന്റെ വേരുറച്ച ബാങ്കിങ് ശൃംഖലയാണ് സഹകരണ ബാങ്കുകള്‍ എന്ന് വിവിധ സാമ്പത്തിക വിദഗ്ദര്‍ അഭിപ്രായപ്പെടുന്നു. സാധാരണക്കാര്‍ ഏറെ ആശ്രയിക്കുന്ന ബാങ്കുകള്‍ കൂടിയാണ് ഇവ. എന്നാല്‍ നിലവിലെ രീതിയില്‍ കേരളത്തിന്റെ സമ്പദ്ഘടനക്ക്
ഗുണപരമായി സഹകരണ ബാങ്കുകളെ ഉപയോഗിക്കാന്‍ കഴിയുന്നില്ല എന്ന് ശ്രീറാം കമ്മിറ്റി റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. ഈ കുറവ് മറികടക്കാനും എസ്.ബി.ടി ഉണ്ടാക്കിയ വിടവ് നികത്താനുമായാണ് കേരള ബാങ്ക് എന്ന ആശയം രൂപപ്പെടുന്നത്. സഹകരണ ബാങ്കുകളുടെ സ്വീകാര്യത ഉപയോഗിക്കുകയും അതിന്റെ പരിമിതികള്‍ മറികടക്കുകയും ചെയ്യുകയാണ് ഉദ്ദേശം.

Also  Read:  അനധികൃതമായി നിര്‍മ്മിച്ചെന്നു കണ്ടെത്തിയതിനെ തുടര്‍ന്ന് സ്റ്റോപ്പ് മെമ്മോ നല്‍കിയ റിസോര്‍ട്ട് കണ്‍സെപ്റ്റിന്റെ ഉദ്ഘാടനം നിര്‍വഹിച്ച് മന്ത്രി കടകംപള്ളി

കേരളത്തിലെ സഹകരണ ബാങ്കുകള്‍ നിലവില്‍ പിന്തുടരുന്നത് ത്രിതല സംവിധാനമാണ്. അതായത് എറ്റവും താഴെ പ്രാഥമിക കാര്‍ഷിക സഹകരണ ബാങ്കുകള്‍ ഈ ബാങ്കുകളെ നിയന്ത്രിക്കുന്നതിനായി ജില്ലാ സഹകരണ ബാങ്കുകള്‍ അവക്കും മുകളിലായി സംസ്ഥാന തലത്തില്‍ കെ എസ് സി ബി (കേരള സംസ്ഥാന സഹകരണ ബാങ്ക്). 14 ജില്ലാ സഹകരണ ബാങ്കുകള്‍ക്ക് കീഴില്‍ 804 ബ്രാഞ്ചുകളുണ്ട്. ഇവക്കെല്ലാം ചേര്‍ന്ന് 60000 കോടി നിക്ഷേപവും കെ.എസ്.സി.ബിക്ക് 8000 കോടി നിക്ഷേപവുമുണ്ട്. ഈ രണ്ട് ബാങ്കുകളും ലയിപ്പിക്കുമ്പോള്‍ എസ്.ബി.ടി യുടെ നിക്ഷേപ ആസ്തിയുടെ അടുത്തെത്തും കേരള ബാങ്കിന്റെ ആസ്തി എന്ന് കണക്കുകള്‍ പറയുന്നു.

“പരസ്പര സഹായ സംഘം എന്ന സങ്കല്പത്തില്‍ നിന്ന് സ്വാശ്രയം എന്ന ആശയത്തിലേക്ക് നിയോ ലിബറല്‍ പോളിസിയുടെ ഭാഗമായി ലോകത്താകമാനം ഓരു ഷിഫ്റ്റ് നടന്നതായി കാണാം. സഹകരണ സ്ഥാപനങ്ങള്‍ തഴയപ്പെടുന്ന് ഈ വേളയിലാണ് കേരള സര്‍ക്കാര്‍ അതിന്റെ ശക്തി തിരിച്ചറിഞ്ഞ് എല്ലാ സഹകരണ സ്ഥാപനങ്ങളെയും ഒരു കുടക്കീഴില്‍ കൊണ്ട് വരുന്നത്. എന്നാണ് കേരള ബാങ്കേഴ്സ് അസോസിയേഷന്‍ പ്രസിഡന്റ് എ കെ രമേഷ് പറയുന്നത്.

മാഞ്ചസ്റ്ററില്‍ നടന്ന അന്താരാഷ്ട്ര കോപ്പറേറ്റിവ് അലയന്‍സ് മീററില്‍ വച്ച് സഹകരണ തത്വങ്ങളില്‍ പോലും വെള്ളം ചേര്‍ത്തു. മൂലധന താല്പര്യങ്ങള്‍ക്കനുസരിച്ചുള്ള മാറ്റങ്ങള്‍ ഇന്ത്യയിലടക്കം വന്നിട്ടുണ്ട്. സഹകരണ സ്ഥാപനങ്ങള്‍ക്ക് പകരം സ്വാശ്രയ സ്ഥാപനങ്ങള്‍ ലോകത്തിലെങ്ങും പ്രചരിച്ചു. ഇതിനെ കുറിച്ച് പെട്രാസിസിന്റെ പഠനം ഉണ്ടായിട്ടുണ്ട്. പ്രാഥമിക കാര്‍ഷിക സഹകരണ ബാങ്കുകള്‍ക്കൊന്നും ഇടപാടുകള്‍ നടത്താന്‍ ആര്‍ ബി ഐ യുടെ അനുമതിയില്ല. അവര്‍ മറ്റ് ബാങ്കുകളുടെ ബിസിനസ്സ് കറസ്പോണ്‍ഡന്റ് ആകണമെന്നാണ് പലരുടേയും താല്പര്യം. ഈ സാഹചര്യത്തിലും എല്ലാ വെല്ലുവിളികളേയും വഗണിച്ച് ഇച്ഛാ ശക്തിയുള്ള സര്‍ക്കാരിന്റെ തീരുമാനങ്ങള്‍ക്കൊപ്പം നില്‍ക്കുക എന്നത് പാരസ്പര്യത്തിലും സഹകരണത്തിലും വിശ്വസിക്കുന്ന എല്ലാവരുടെയും കടമയാണെന്നും രമേശന്‍ ഡൂള്‍ന്യൂസിനോട് പറഞ്ഞു.”

Also Read: ഫേസ്ബുക്ക് പോസ്റ്റിന്റെ പേരില്‍ കാസര്‍ഗോഡ് കേന്ദ്രസര്‍വകലാശാലയില്‍ നിന്നും പുറത്താക്കിയ വിദ്യാര്‍ത്ഥി ആത്മഹത്യയ്ക്ക് ശ്രമിച്ചു

എല്‍.ഡി.എഫ് സര്‍ക്കാരാണ് കേരള ബാങ്ക് എന്ന് ആശയം ആദ്യമായി മുന്നോട്ട് വക്കുന്നത്. നിര്‍ദ്ദേശം വന്നതിന് ശേഷം കേരള ബാങ്കിനെ കുറിച്ച് പഠിക്കാന്‍ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് (ബാംഗ്ലൂര്‍) തലവന്‍ എം എസ് ശ്രീറാമിന്റെ നേതൃത്വത്തിലുള്ള കമ്മിറ്റിയെ നിയോഗിച്ചു. കേരള ബാങ്കിന്റെ രൂപീകരണവുമായി ബന്ധപ്പെട്ട പ്രധാന നിര്‍ദ്ദേശങ്ങളടങ്ങുന്ന റിപ്പോര്‍ട്ട് 2017 ഏപ്രില്‍ 28 ന് എം എസ് ശ്രീറാം മുഖ്യമന്ത്രിക്ക് സമര്‍പ്പിക്കുകയും ജൂലൈയില്‍ ഈ റിപ്പോര്‍ട്ട് ക്യാബിനറ്റ് അംഗീകരിക്കുകയും ചെയ്തു.

ത്രിതല ബാങ്കിങ്ങ് ഘടനക്ക് പകരം രണ്ട് തലങ്ങളുള്ള ബാങ്കിങ് ഘടനയാണ് കേരള ബാങ്കിനായി റിപ്പോര്‍ട്ടില്‍ നിര്‍ദ്ദേശിച്ചത്. അതായത് ജില്ലാ സഹകരണ ബാങ്കുകള്‍ സംസ്ഥാന സഹകരണ ബാങ്കുമായി ലയിപ്പിക്കുക. ഈ ബാങ്കിനെയാണ് കേരള ബാങ്ക് എന്ന് വിളിക്കുന്നത്. പ്രാഥമിക കാര്‍ഷികസഹകരണ സംഘങ്ങള്‍ നിലവിലേത് പോലെ തന്നെ നിലനില്‍ക്കും.പതിനെട്ട് മാസത്തിനുള്ളില്‍ ബാങ്കിന്റെ രൂപീകരണം പൂര്‍ത്തിയാക്കാനും റിപ്പോര്‍ട്ടില്‍ നിര്‍ദേശിച്ചിരുന്നു. പുതിയ ബാങ്കിന് വലിയ ചാര്‍ജ്ജുകള്‍ ഈടാക്കാതെ തന്നെ മറ്റ് ബാങ്കിങ് സേവനങ്ങള്‍ നല്‍കാന്‍ കഴിയുമെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു.

കേരള ബാങ്കിന്റെ നേട്ടങ്ങളായി സാമ്പത്തിക വിദഗ്ദര്‍ ചൂണ്ടികാണിക്കുന്ന കാര്യങ്ങള്‍:

1.കേരള ബാങ്ക് യാധാര്‍ത്ഥ്യമായാല്‍ ജനങ്ങളാല്‍ രൂപികരിക്കപ്പെട്ട് ജനങ്ങള്‍ തന്നെ നടത്തുന്ന ഒരു പുതു തലമുറ ബാങ്ക് നിലവില്‍ വരും. ഇത് കൂടുതല്‍ സുതാര്യവും ഉപഭോക്തൃ സൗഹൃദവും ആവും.

2.ഓരോ ബാങ്കിനു വേണ്ടിയും പ്രത്യേകം ഓഡിറ്റിങ്ങിനും മറ്റും ചിലവഴിക്കുന്ന പണം ലാഭിക്കാം.

3.വിവിധ ജില്ലാ ബാങ്കുകളെ നവ സാങ്കേതിക വിദ്യകള്‍ ഉപയോഗിക്കുന്ന ഒരേ വേദിയില്‍ കൊണ്ടു വരുമ്പോള്‍ ഉപഭോക്താക്കളുടെ വിശ്വാസ്യത വര്‍ദ്ധിക്കുകയും ലാഭം കൂടുകയും ചെയ്യും.

4. എസ്.ബി.ടി ക്ക് പകരമായി കേരളത്തിന് സ്വന്തമായൊരു ബാങ്ക്

5. കേരളത്തിന് ആവശ്യമായ ഫണ്ടുകള്‍ക്ക് ഇനി സ്വകാര്യ ബാങ്കുകളെ ആശ്രയിക്കേണ്ട

6. സഹകരണ ബാങ്കുകള്‍ക്ക് പ്രവാസി മലയാളികളുടെ പണം സ്വീകരിക്കാന്‍ കഴിയുമായിരുന്നില്ല. എന്നാല്‍ കേരള ബാങ്കിലേക്ക് മാറുമ്പോള്‍ ഇതും സാധ്യമാവും.

7. ഇടനിലക്കാരില്ലാതാവുമ്പോള്‍ കാര്‍ഷിക സഹകരണ ബാങ്കുകള്‍ക്ക് കുറഞ്ഞ നിരക്കില്‍ വായ്പ ലഭ്യമാവുകയും ഫലത്തില്‍ സാധാരണക്കാര്‍ക്ക് ഇതിന്റെ ഗുണം ലഭിക്കുകയും ചെയ്യും.

എം.എസ് ശ്രീറാം കമ്മിറ്റി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ വി.ആര്‍ രവീന്ദ്രനാഥിനെ അധ്യക്ഷനാക്കി ടാസ്‌ക് ഫോര്‍സിനെ കേരള ബാങ്ക് രൂപീകരിക്കാന്‍ നിയമിച്ചു. 2018 ഒക്ടോബര്‍ 3 ന് ആര്‍.ബി.ഐ ബാങ്കിന് അനുമതി നല്‍കി. കേരള കോപ്പറേറ്റിവ് സൊസൈറ്റീസ് ആക്റ്റ് ആന്റ് റൂള്‍്‌സില്‍ കൃത്യമായ മാറ്റങ്ങള്‍ വരുത്തിയതിന് ശേഷമേ ബാങ്ക് രൂപീകരിക്കാന്‍ സാധിക്കുകയുള്ളു.

ബാങ്കിന്റെ രൂപീകരണത്തിന് ആവശ്യമായ നിര്‍ദേശങ്ങള്‍ സര്‍ക്കാരിന് സമര്‍പ്പിച്ചിട്ടുണ്ട് എന്നാണ് ടാസ്‌ക് ഫോര്‍സ് ചെയര്‍മാനായ വി ആര്‍ രവീന്ദ്രനാഥ് അവസാനമായി മാധ്യമങ്ങളോട് പറഞ്ഞത്.

കേരളാ ബാങ്ക് നിലവില്‍ വന്നാല്‍:

*കെ.എസ്.സി.ബി ക്ക് ലഭിച്ച് ലൈസന്‍സ് നിലനില്‍ക്കും

*ജില്ലാ സഹകരണ ബാങ്കുകളുടെ ശാഖകള്‍ കെ എസ് സി ബി യുടെ ശാഖകളായി മാറും

*ഈ ശാഖകള്‍ക്ക് ആര്‍.ബി.ഐ ലൈസന്‍സ് ലഭിക്കുവാന്‍ കെ.എസ്.സി.ബി വീണ്ടും അപേക്ഷിക്കേണ്ടി വരും.

*ജില്ലാ സഹകരണ ബാങ്കുകളുടെ നിലവിലെ ലൈസന്‍സ് ആര്‍ ബി ഐ ക്ക് തിരിച്ചേല്‍പ്പിക്കണം

*ബാങ്കിന് പുതുതായി ലൈസന്‍സ് നേടാന്‍ മറ്റ് 18 മാനദണ്ഡങ്ങള്‍ ആര്‍.ബി.ഐ നിശ്ചയിച്ചിട്ടുണ്ട്

നിലവില്‍ ജില്ലാ സഹകരണ ബാങ്കുകള്‍ക്ക് വ്യത്യസ്ത ഭരണസമിതികളാണുള്ളത്, പുതിയ ബാങ്കിനെ കുറിച്ചുള്ള ചര്‍ച്ചകളില്‍ തങ്ങളുടെ ഭാവിയെ കുറിച്ച് ആശങ്കയുണ്ടെന്ന് വിവിധ ഭരണ സമിതികള്‍ ആരോപിച്ചിരുന്നു. പല രാഷ്ടീയ പാര്‍ട്ടികള്‍ക്ക് സ്വാധീനമുള്ള ഭരണസമിതികളുമായി അനുനയത്തിലെത്തുക എന്നത് വെല്ലുവിളിയാകുമെന്നാണ് പൊതുവേ വിലയിരുത്തല്‍. പുതിയ പ്രത്യേക പരിശീലനം നേടിയ ജീവനക്കാരെ നിയമിക്കുവാനും ടാസ്‌ക് ഫോഴ്‌സിനെ നിയോഗിച്ചിട്ടുണ്ട്.

കര്‍ഷകര്‍, ചെറുകച്ചവടക്കാര്‍, കുടില്‍ വ്യവസായം നടത്തുന്നവര്‍ തുടങ്ങിയ സാധാരണക്കാരാണ് സഹകരണ ബാങ്കുകളുടെ പ്രധാന ഉപഭോക്തക്കള്‍ ബാങ്കിങ്ങ് വിദഗ്ദര്‍ പറയുന്നു.

കേരള ബാങ്ക് പ്രവര്‍ത്തനസജ്ജമായി കൊണ്ടിരിക്കുകയാണ് ആര്‍.ബി.ഐ യുടെ ഇന്‍ പ്രിന്‍സിപ്പല്‍ അനുമതി ലഭിചു. ഇപ്പോള്‍ മറ്റ് സാങ്കേതിക സൗകര്യങ്ങള്‍ ഒരുക്കാനുള്ള ശ്രമത്തിലാണ് ടാസ്‌ക്‌ഫോസ്. ആര്‍.ബി.ഐയുടെ നിര്‍ദ്ദേശമനുസരിച്ച് ഇനി പ്രവര്‍ത്തിക്കേണ്ടത് അതത് സംസ്ഥാന സഹകരണ ബാങ്കുകളും ജില്ലാ സഹകരണ ബാങ്കുകളുമാണ്. മാര്‍ച്ച് 31 വരെയാണ് ആര്‍.ബി.ഐ അനുവദിച്ച കാലാവധി അതിനുമുമ്പുതന്നെ കേരള കോ ഓപ്പറേറ്റീവ് ബാങ്ക് യാഥാര്‍ത്ഥ്യമാകുമെന്നാണ് പ്രതീക്ഷ .ഇതിനുവേണ്ടിയുള്ള എല്ലാശ്രമങ്ങളും തുടങ്ങിക്കഴിഞ്ഞു.

ചെറിയ ചെറിയ ബാങ്കുകള്‍ക്ക് ഉണ്ടായിരുന്ന പരിമിതികള്‍ കുറയ്ക്കുകയാണ് പ്രധാന ലക്ഷ്യം. സഹകരണ ബാങ്കുകള്‍ ഏകീകരിക്കുമ്പോള്‍ കേരള ബാങ്കിന്റെ ബാലന്‍സ്സ് ഷീറ്റ് ഒരു സാധാരണ വാണിജ്യ ബാങ്കിന്റെ അത്രയും തന്നെ ആസ്തി ഉള്ളതാകും. ഇത് വഴി കേരള ബാങ്കിന് വാണിജ്യ ബാങ്കുകള്‍ നല്‍കുന്ന എല്ലാ സേവനങ്ങളും നല്‍കാന്‍ കഴിയും . സഹകരണ ബാങ്കുകളുടെ പ്രധാന ഉപ്‌ഭോക്താക്കളായ സാധാരണക്കാര്‍ക്ക് ഇതുവഴി മറ്റ് ബാങ്കുകള്‍ നല്‍കി പോരുന്ന എല്ലാ സേവനങ്ങളും കേരളാ ബാങ്ക്ഭ്യഇല്‍ നിന്ന്ക്കാ തന്നെ ലഭ്യമാക്കാന്‍ സാധിക്കും. അതോടൊപ്പംതന്നെ സഹകരണബാങ്കുകള്‍ക്ക് ശരാശറിക്ക് മുകളില്‍ വരുമാനം ഉള്ള ഭീമന്‍ ഉപഭോക്താക്കളെയും തങ്ങളുടെ സേവനങ്ങളിലേക്ക് ആകര്‍ഷിക്കാന്‍ കഴിയും .ഇതുതന്നെയാണ് കേരള സഹകരണ ബാങ്ക് നല്‍കാന്‍ പോകുന്ന പ്രധാന നേട്ടമെന്ന് ടാസ്‌ക് ഫോഴ്സ് മേധാവി രവീന്ദ്രനാഥ് പറഞ്ഞു

സൗമ്യ ആര്‍. കൃഷ്ണ

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍. കാലിക്കറ്റ് യൂണിവേര്‍സിറ്റിയില്‍ നിന്ന് ബിരുദവും കേരള മീഡിയ അക്കാദമിയില്‍ നിന്ന് ജേണലിസത്തില്‍ പി.ജി.ഡിപ്ലോമയും പൂര്‍ത്തിയാക്കി. 2018 സെപ്തംബര്‍ മുതല്‍ ഡൂള്‍ന്യൂസില്‍ പ്രവര്‍ത്തിക്കുന്നു.

We use cookies to give you the best possible experience. Learn more