| Friday, 11th October 2019, 4:36 pm

എന്തിനാണ് കേരള ബാങ്ക്?

ഡൂള്‍ന്യൂസ് ഡെസ്‌ക്

സംസ്ഥാനം ഏറെ പ്രതീക്ഷയോടേയും ആശങ്കയോടേയും കാത്തിരുന്ന ഒന്നാണ് കേരളബാങ്കിന്റെ രൂപവത്ക്കരണം. നിരവധി ഘട്ടങ്ങളിലൂടെ സഞ്ചരിച്ച് ഒടുവില്‍ കേരള ബാങ്ക് എന്ന സ്വപ്നം യാഥാര്‍ത്ഥ്യമായിരിക്കുകയാണ്. കേരള ബാങ്കിന്റെ രൂപവത്ക്കരണത്തിനുള്ള റിസര്‍വ്വ് ബാങ്കിന്റെ അനുമതി ലഭിച്ചിരിക്കുന്നു.

കേരളത്തിലെ 14 ജില്ലാസഹകരണ ബാങ്കുകളെ ലയിപ്പിച്ചുകൊണ്ടാണ് കേരളബാങ്ക് യാഥാര്‍ത്ഥ്യമാകുന്നത്. സഹകരണ മേഖലയ്ക്ക് കേരളത്തില്‍ അതിശക്തമായ വേരോട്ടമാണുള്ളത്. ഈ മേഖല തന്നെയാണ് കേരളബാങ്ക് പ്രധാനമായും ലക്ഷ്യമിടുന്നതും.

എന്തിനാണ് കേരളബാങ്ക് എന്ന ചോദ്യം പലരും ചോദിക്കുന്നുണ്ട്. ആധുനിക ബാങ്കുകള്‍ നല്‍കുന്ന സേവനങ്ങള്‍ നല്‍കുക എന്നതാണ് പ്രധാന ലക്ഷ്യം. പ്രാഥമിക സഹകരണ സംഘങ്ങള്‍ക്ക് ഒരു ബാങ്കിന്റെ പ്രാദേശിക ബ്രാഞ്ച് പോലെ പ്രവര്‍ത്തിക്കാന്‍ സാധിക്കുന്നുണ്ടെങ്കിലും ഒരു ആധുനിക ബാങ്ക് നല്‍കുന്ന എല്ലാ സേവനങ്ങളും നല്‍കാന്‍ കഴിയുന്നില്ല.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡെബിറ്റ് കാര്‍ഡ് അടക്കമുള്ള സൗകര്യങ്ങള്‍ ജില്ലാ സഹകരണ ബാങ്കുകള്‍ നല്‍കുന്നുണ്ടെങ്കിലും പ്രാഥമിക സംഘങ്ങളിലേക്ക് ഈ സൗകര്യം ഇനിയും എത്തിയിട്ടില്ല.

കേരള ബാങ്ക് വരുന്നതോടെ ഇത്തരം പ്രശ്‌നങ്ങള്‍ക്ക് പരിഹാരമാകും. പ്രാഥമിക സംഘങ്ങള്‍ക്ക് നേരിട്ട് ബാങ്കിങ് ഇടപാടുകള്‍ക്ക് തടസമുണ്ടെങ്കിലും അതിലെ അംഗങ്ങള്‍ക്ക് കേരള ബാങ്കില്‍ മിറര്‍ അക്കൗണ്ട് തുടങ്ങി ആധുനിക സേവനങ്ങള്‍ നല്‍കാം. വിവിധ തരത്തിലുള്ള നിക്ഷേപങ്ങള്‍ സംഘങ്ങള്‍ വഴി സ്വീകരിക്കുകയും വായ്പ വിതരണം ചെയ്യുകയും ചെയ്യും. ഏതെങ്കിലും ഇടപാടുകള്‍ സ്വന്തമായി ചെയ്യാന്‍ കഴിയാതെ വരുന്ന സാഹചര്യത്തില്‍ കേരള ബാങ്കിന്റെ പങ്കാളിത്തത്തോടെ നിര്‍വഹിക്കും.

കേരളത്തിന്റെ പ്രധാന പൊതുമേഖലാ ബാങ്കായിരുന്ന എസ.്ബി.ടി -എസ്.ബി.ഐ. ലയനം കേരളബാങ്കിന് നല്ലൊരു അവസരമാണ് നല്‍കുന്നത്. ഈ അവസരം ഉപയോഗിച്ച് മികച്ച പ്രകടനം കാഴ്ച്ച വയ്ക്കുകയാണെങ്കില്‍ കേരളബാങ്കിന് ഇടപാടുകാര്‍ക്കിടയില്‍ സ്വീകാര്യത കിട്ടുമെന്ന കാര്യത്തില്‍ തര്‍ക്കമില്ല. ഉപഭോക്തൃ സൗഹാര്‍ദമായിരിക്കും കേരള ബാങ്കിന്റെ സേവനങ്ങള്‍. ബാങ്ക് നല്‍കുന്ന സേവനങ്ങള്‍ക്ക് പ്രത്യേകമായി പണം ഈടാക്കില്ല. മുഖ്യധാരാ ബാങ്കുകളെപ്പോലെത്തന്നെ സ്ഥാപനങ്ങളടെയും മറ്റു ബിസിനസ് സംരംഭങ്ങളുടെയും ഇടപാടുകള്‍ കൈകാര്യം ചെയ്യും.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

ബാങ്കിങ്ങിതര സംഘങ്ങള്‍ക്ക് അതായത് പാല്‍, കയര്‍, റബ്ബര്‍, തൊഴില്‍, ഉപഭോക്തൃ മേഖലയിലെ സംഘങ്ങളുടെയെല്ലാം ബാങ്കായി കേരള ബാങ്ക് മാറും എന്ന കാര്യത്തില്‍ സംശയമില്ല. സംസ്ഥാനത്തിന്റെ വികസന പദ്ധതികള്‍ക്കും തദ്ദേശ ഭരണ സ്ഥാപനങ്ങളുടെ പദ്ധതികള്‍ക്കും ധനസഹായം നല്‍കും. മുന്‍പ് ഗോശ്രീ പാലത്തിനും കൊച്ചി മെട്രോക്കും എറണാകുളം ജില്ലാ സഹകരണബാങ്ക് വായ്പകള്‍ അനുവദിച്ചത് പോലെ സര്‍ക്കാരിന്റെ വിവിധ പദ്ധതികള്‍ക്ക് ഫണ്ട് ലഭ്യമാക്കാന്‍ കഴിയുന്ന ഒരു സംവിധാനം ഉണ്ടാകും. അതിലൂടെ സംസ്ഥാനത്തിന്റെ സാമ്പത്തിക വളര്‍ച്ച നിര്‍ണയിക്കുന്ന അത്യാധുനിക ബാങ്കായി മാറാന്‍ കേരള ബാങ്കിനു സാധിക്കുകയും ചെയ്യും.

ഏത് വിദേശ രാജ്യത്ത് നിന്നും കേരള ബാങ്ക് വഴി പണം ഇങ്ങോട്ടും തിരിച്ചങ്ങോട്ടും അയക്കാന്‍ സാധിക്കും. ഇത് പ്രവാസി നിക്ഷേപം വര്‍ദ്ധിക്കാന്‍ കാരണമാകും. പ്രാഥമിക സഹകരണ സംഘങ്ങള്‍ക്ക് സേവനം നല്‍കുക എന്നത് കേരളബാങ്കിന്റെ പ്രധാന ലക്ഷ്യമായിരിക്കും. സംഘങ്ങളില്‍ അംഗത്വം ഇല്ലാത്തവര്‍ക്കും സേവനം ഉറപ്പാക്കും. ഇപ്പോള്‍ മൂന്ന് തട്ടിലുള്ള സഹകരണമേഖല രണ്ട് തട്ടായി മാറുമ്പോള്‍ കാര്‍ഷിക വായ്പകള്‍ ഇപ്പോഴുള്ളതിനെക്കാള്‍ കുറഞ്ഞ നിരക്കില്‍ ലഭ്യമാക്കാന്‍ പറ്റും. കേരള സര്‍ക്കാരിനെ സംബന്ധിച്ചിടത്തോളം ഒരു ഔദ്യോഗിക ബാങ്ക് ഉണ്ടാകും എന്നതിനാല്‍ സര്‍ക്കാര്‍ പണമിടപാടുകള്‍ മുഴുവന്‍ സുഗമമായി കൈകാര്യം ചെയ്യാന്‍ സാധിക്കും.

ഇ-കൊമേഴ്‌സ് രംഗത്തേക്ക് ഇനി ബാങ്കിന്റെ സേവനങ്ങള്‍ വിപുലപ്പെടുത്താനാകും. ഇടപാടുകാര്‍ക്ക് ബാങ്കില്‍ വരാതെ തന്നെ മൊബൈല്‍ ആപ്പ് വഴി പണം കൈമാറ്റം നടത്താനാകും. ബാങ്കിന്റെ നിലവിലെ റുപേ ഡെബിറ്റ് കാര്‍ഡ് ഉപയോഗിച്ച് ഓണ്‍ലൈന്‍ പര്‍ച്ചേഴ്‌സ്, ടിക്കറ്റ് ബുക്കിങ്ങുകള്‍ എന്നിവ ചെയ്യാനാകും. ഡിജിറ്റല്‍ സാങ്കേതിക വിദ്യ പ്രയോജനപ്പെടുത്തി എല്ലാ ആധുനിക സൗകര്യങ്ങളും ലഭ്യമാക്കുക എന്ന കേരളബാങ്കിന്റെ ലക്ഷ്യത്തെ ഇത് കൂടുതല്‍ എളുപ്പമാക്കും. ഇടപാടുകാര്‍ക്കും ഇത് ഏറെ ഗുണം ചെയ്യും.

ഡൂള്‍ന്യൂസ് ഡെസ്‌ക്