| Monday, 31st October 2022, 8:59 pm

ഇനി കേരളപ്രഭ മമ്മൂട്ടി; എം.ടിക്ക് കേരള ജ്യോതി; പ്രഥമ കേരള പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: കേന്ദ്ര സര്‍ക്കാരിന്റെ പത്മ പുരസ്‌കാരങ്ങളുടെ മാതൃകയില്‍ സംസ്ഥാന സര്‍ക്കാര്‍ ആദ്യമായി നല്‍കുന്ന പരമോന്നത പുരസ്‌കാരമായ കേരള പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു.

എം.ടി. വാസുദേവന്‍ നായര്‍ക്കാണ് കേരള ജ്യോതി പുരസ്‌കാരം. ഓംചേരി എന്‍.എന്‍. പിള്ള, ടി. മാധവ മേനോന്‍, മമ്മൂട്ടി എന്നിവര്‍ കേരള പ്രഭ പുരസ്‌കാരത്തിനും ഡോ. ബിജു, ഗോപിനാഥ് മുതുകാട്, കാനായി കുഞ്ഞിരാമന്‍, കൊച്ചൗസേഫ് ചിറ്റിലപ്പള്ളി, എം.പി. പരമേശ്വരന്‍, വൈക്കം വിജയലക്ഷ്മി എന്നിവര്‍ കേരള ശ്രീ പുരസ്‌കാരത്തിനും അര്‍ഹരായി.

ഒന്നാമത്തെ പരമോന്നത സംസ്ഥാന പുരസ്‌കാരമായ കേരള ജ്യോതി വര്‍ഷത്തില്‍ ഒരാള്‍ക്കും രണ്ടാമത്തെ പരമോന്നത സംസ്ഥാന പുരസ്‌കാരമായ കേരളപ്രഭ വര്‍ഷത്തില്‍ മൂന്ന് പേര്‍ക്കും മൂന്നാമത്തെ പരമോന്നത സംസ്ഥാന പുരസ്‌കാരമായ കേരള ശ്രീ വര്‍ഷത്തില്‍ ആറ് പേര്‍ക്കുമാണു നല്‍കുന്നത്.

ദ്വിതീയ പരിശോധനാ സമിതി സമര്‍പ്പിച്ച ശുപാര്‍ശകള്‍ അടൂര്‍ ഗോപാലകൃഷ്ണന്‍, ടി.കെ.എ. നായര്‍, ഡോ. ഖദീജ മുംതാസ് എന്നിവരടങ്ങുന്ന അവാര്‍ഡ് സമിതി പരിശോധിച്ചാണ് പ്രഥമ കേരള പുരസ്‌കാരങ്ങള്‍ക്കായി സര്‍ക്കാരിനു നാമനിര്‍ദേശം നല്‍കിയത്.

പുരസ്‌കാര ജേതാക്കള്‍

കേരള ജ്യോതി

എം.ടി. വാസുദേവന്‍ നായര്‍(സാഹിത്യം)

കേരള പ്രഭ

ഓംചേരി എന്‍.എന്‍. പിള്ള (കല, നാടകം, സാമൂഹ്യ സേവനം, പബ്ലിക് സര്‍വീസ്), ടി. മാധവമേനോന്‍ (സിവില്‍ സര്‍വീസ്, സാമൂഹ്യ സേവനം) പി.ഐ. മുഹമ്മദ് കുട്ടി(മമ്മൂട്ടി) (കല)കേരള ശ്രീ- ഡോ. സത്യഭാമാദാസ് ബിജു(ഡോ. ബിജു) (ശാസ്ത്രം), ഗോപിനാഥ് മുതുകാട് (സാമൂഹ്യ സേവനം, കല), കാനായി കുഞ്ഞിരാമന്‍ (കല) കൊച്ചൗസേഫ് ചിറ്റിലപ്പള്ളി (സാമൂഹ്യ സേവനം, വ്യവസായം), എം.പി. പരമേശ്വരന്‍(ശാസ്ത്രം, സാമൂഹ്യ സേവനം), വിജയലക്ഷ്മി മുരളീധരന്‍ പിള്ള(വൈക്കം വിജയലക്ഷ്മി)(കല).

Content Highlight:  Kerala Awards, the highest award given by the state government for the first time, have been announced mammootty mt vasudevan nair 

We use cookies to give you the best possible experience. Learn more