| Friday, 29th May 2020, 7:19 pm

കേരളം കൊറിയയുടെ നിലവാരത്തില്‍ ; സംസ്ഥാനത്ത് പരിശോധിക്കുന്ന 100 പേരില്‍ 1.7 ശതമാനം പേര്‍ക്ക് മാത്രം കൊവിഡ് ; മരണ നിരക്കിലും കുറവ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് പരിശോധനയിലൂടെ പോസിറ്റീവാകുന്നവരുടെ തോത് ദേശീയ ശരാശരിയേക്കാള്‍ താഴെയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു.

ദേശീയ ശരാശരി പ്രകാരം പരിശോധിക്കുന്ന 100 പേരില്‍ 5 ശതമാനം ആളുകള്‍ കൊവിഡ് പോസ്റ്റീവ് ആവുമ്പോള്‍ കേരളത്തില്‍ 1.7 ശതമാനം മാത്രമാണ് പോസിറ്റീവ്.

ഇക്കാര്യത്തില്‍ കൊറിയയെയാണ് എല്ലാ ലോകരാജ്യങ്ങളും മാതൃകയാക്കുന്നതെന്നും കൊറിയയുടെ ടെസ്റ്റ് പോസിറ്റീവ് റേറ്റ് രണ്ടുശതമാനത്തില്‍ താഴെയാണ്. കേരളം ഇക്കാര്യത്തില്‍ നിലവാരം കൈവരിച്ചതായി മുഖ്യമന്ത്രി പറഞ്ഞു.

ഒരു ദശലക്ഷത്തിന് 2035 എന്നതാണ് കേരളത്തിന്റെ പരിശോധന കണക്കുകള്‍. കേരളത്തില്‍ 71 ടെസ്റ്റ് നടത്തുമ്പോള്‍ മാത്രമാണ് ഒരു കോവിഡ് പോസിറ്റീവ് കേസ് കണ്ടെത്തുന്നത്. ദേശീയ ശരാശരി 23 ന് ഒന്ന് എന്ന നിലയിലാണ്. അതായത് അഖിലേന്ത്യാ ശരാശരിയുമായി താരതമ്യം ചെയ്യുമ്പോള്‍ ടെസ്റ്റുകളുടെ എണ്ണം കേരളത്തില്‍ 3 ഇരട്ടിയാണ്. കാര്യക്ഷമമായ പൊതുജനാരോഗ്യം, സമ്പര്‍ക്കത്തിലുളളവരെ കണ്ടെത്തല്‍, ശാസ്ത്രീയമായ ക്വാറന്റൈന്‍ എന്നിവയാണ് കേരളത്തിന്റെ നേട്ടത്തിന് നിദാനമെന്നും മുഖ്യമന്ത്രി പറഞ്ഞു.

സംസ്ഥാനത്തെ മരണനിരക്കും ദേശീയ ശരാശരിയേക്കാള്‍ താഴെയാണെന്നും അദ്ദേഹം പറഞ്ഞു. 0.5 ശതമാനമാണ് കേരളത്തിന്റെ കൊവിഡ് മരണനിരക്ക്. ടി.പി.ആറും മരണനിരക്കും ഉയര്‍ന്നു നില്‍ക്കുന്നു എന്നത് കൊണ്ട് അര്‍ത്ഥമാക്കുന്നത് പരിശോധനയുടെ കുറവിനെയാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

കേരളത്തില്‍ വിവിധ തലങ്ങളില്‍ 80091 കോവിഡ് ടെസ്റ്റുകളാണ് ഇതുവരെ നടത്തിയത്. ടെസ്റ്റുകളുടെ എണ്ണത്തില്‍ സംസ്ഥാനം മുന്നേറ്റം കാഴ്ചവെച്ചതായും മുഖ്യമന്ത്രി അവകാശപ്പെട്ടു.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

We use cookies to give you the best possible experience. Learn more