അവിശ്വാസ പ്രമേയത്തിന് അനുമതി നല്‍കി സ്പീക്കര്‍; സ്പീക്കറെ നീക്കണമെന്ന പ്രമേയത്തെ ചൊല്ലി സഭയില്‍ തര്‍ക്കം
Kerala
അവിശ്വാസ പ്രമേയത്തിന് അനുമതി നല്‍കി സ്പീക്കര്‍; സ്പീക്കറെ നീക്കണമെന്ന പ്രമേയത്തെ ചൊല്ലി സഭയില്‍ തര്‍ക്കം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 24th August 2020, 10:22 am

തിരുവനന്തപുരം: നിയമസഭയില്‍ അവിശ്വാസ പ്രമേയം നേരിട്ട് ഇടതുമുന്നണി സര്‍ക്കാര്‍. പ്രതിപക്ഷത്തിന്റെ അവിശ്വാസ പ്രമേയത്തിന് സ്പീക്കര്‍ അനുമതി നല്‍കി.

വി.ഡി.സതീശന്‍ എം.എല്‍.എ ആയിരുന്നു അവിശ്വാസ പ്രമേയം അവതരിപ്പിക്കാന്‍ അനുവാദം തേടിയത്. 20 ല്‍ കുറയാത്ത അംഗങ്ങളുടെ പിന്തുണ ഉള്ളതിനാല്‍ സ്പീക്കര്‍ പ്രമേയം അനുവദിച്ചു. ഔദ്യോഗിക നടപടികള്‍ക്ക് ശേഷം പ്രമേയം പരിഗണിക്കുമെന്ന് സ്പീക്കര്‍ അറിയിക്കുകയായിരുന്നു.

ഇതിനിടെ സ്പീക്കറെ നീക്കണമെന്ന ആവശ്യം ഉന്നയിച്ച പ്രമേയം അവതരിപ്പിക്കാന്‍ അനുവദിക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു.

സ്പീക്കര്‍ക്കെതിരെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല രൂക്ഷവിമര്‍ശനമാണ് ഉന്നയിച്ചത്. സ്പീക്കര്‍ക്കെതിരെ യു.ഡി.എഫിന്റെ പ്രമേയത്തിന് അനുമതി നല്‍കാത്തതിനെയാണ് പ്രതിപക്ഷം ചോദ്യം ചെയ്തത്. സ്പീക്കര്‍ എതിരായ പ്രമേയം പരിഗണിക്കണമെന്ന് പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.

ശ്രീരാമകൃഷ്ണന്‍ ചെയറില്‍ നിന്ന് മാറി നില്‍ക്കണമെന്നുമെന്നും സ്വര്‍ണക്കടത്ത് കേസിലെ പ്രതികളുമായി സ്പീക്കര്‍ക്ക് സംശയാസ്പദമായ ബന്ധമുണ്ടെന്നും ചെന്നിത്തല ആരോപിച്ചു.

എന്നാല്‍ സഭയില്‍ ഏത് അംഗത്തിന്റേയും അവകാശം അംഗീകരിക്കുമെന്ന് പി. ശ്രീരാമകൃഷ്ണന്‍ അറിയിച്ചു. എന്നാല്‍ ഭരണഘടന അനുസരിച്ച് മാത്രമേ പ്രവര്‍ത്തിക്കാവൂവെന്നും ഭരണഘടന ചട്ടം മാറ്റാന്‍ തനിക്ക് അധികാരമില്ലെന്നും അദ്ദേഹം പറഞ്ഞു.

ഭരണഘടനാ ചട്ടം അനുസരിച്ച് 15 ദിവസം വേണം. സഭ ചേരുന്നതിന് 14 ദിവസം മുന്‍പ് വേണം സ്പീക്കറെ നീക്കണം എന്ന പ്രമേയ നോട്ടീസ് നല്‍കേണ്ടതെന്നും സ്പീക്കര്‍ പറഞ്ഞു. സഭ ചേരാന്‍ തീരുമാനിച്ചത് മുഖ്യമന്ത്രി പ്രതിപക്ഷ നേതാവുമായി ആലോചിച്ചാണ്. പ്രമേയം എടുക്കാന്‍ പറ്റില്ല. ഭരണഘടനാ ചട്ടം പാലിക്കണമെന്നും അദ്ദേഹം പറഞ്ഞു.

എന്നാല്‍ ചട്ടം അനുസരിച്ചാണ് സ്പീക്കറെ നീക്കാനുള്ള നോട്ടീസ് നല്‍കിയതെന്ന് എം ഉമ്മര്‍ എം.എല്‍.എ പറഞ്ഞു. 15 ദിവസത്തെ നോട്ടീസ് നല്‍കിയല്ല സഭ വിളിച്ചതെന്ന് പ്രതിപക്ഷ നേതാവ് ചെന്നിത്തലയും സഭയെ അറിയിച്ചു.

അവിശ്വാസ പ്രമേയ കാര്യവും സ്പീക്കറെ മാറ്റാന്‍ ഉള്ള പ്രമേയവും ഉണ്ടാകുമെന്ന് മുഖ്യമന്ത്രിയെ അറിയിച്ചതാണെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. പദവിയുടെ ഔന്നത്യം ഉയര്‍ത്തി പിടിക്കുന്നതില്‍ സ്പീക്കര്‍ പരാജയപ്പെട്ടുവെന്ന് ചെന്നിത്തല പറഞ്ഞു. സ്പീക്കര്‍ക്കെതിരായ പരാമര്‍ശം സഭാ രേഖയില്‍ ഉള്‍പ്പെടുത്തരുതെന്ന് മന്ത്രി എ.കെ ബാലന്‍ ആവശ്യപ്പെട്ടു.

ഇതിനിടെ അവിശ്വാസ പ്രമേയത്തിന് അഞ്ചുമണിക്കൂര്‍ സമയം എടുക്കാമെന്ന് മുഖ്യമന്ത്രിയെ സഭയെ അറിയിച്ചു. സഭയുടെ മറ്റ് നടപടികള്‍ പൂര്‍ത്തിയാക്കി അവിശ്വാസ പ്രമേയം അനുവദിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

content highlight; kerala assembly proceedings