| Sunday, 10th September 2023, 8:51 am

നിയമസഭാ കയ്യാങ്കളി കേസ്; മുൻ കോൺഗ്രസ്‌ എം.എൽ.എമാരെ പ്രതിചേർക്കും

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: വനിതാ എം.എൽ.എയെ തടഞ്ഞുവെന്ന കുറ്റത്തിന് നിയമസഭാ കയ്യാങ്കളി കേസിൽ രണ്ട് മുൻ കോൺഗ്രസ്‌ എം.എൽ.എമാർക്കെതിരെ കേസ് എടുക്കും. എം.എ വാഹിദ്, ശിവദാസൻ നായർ എന്നിവർക്കെതിരെയാണ് ക്രൈം ബ്രാഞ്ച് കേസ് എടുക്കാൻ ഒരുങ്ങുന്നത്.

ഇടത് നേതാക്കൾ മാത്രം പ്രതിപട്ടികയിൽ ഉണ്ടായിരുന്ന കേസിൽ ഏഴ് വർഷങ്ങൾക്ക് ശേഷമാണ് രണ്ട് കോൺഗ്രസ്‌ നേതാക്കളെ പ്രതിചേർക്കുന്നത്. ഇരുവരെയും പ്രതി ചേർത്ത് ക്രൈംബ്രാഞ്ച് കോടതിയിൽ റിപ്പോർട്ട് നൽകും.

മന്ത്രി വി. ശിവൻകുട്ടി, ഇ.പി. ജയരാജൻ എന്നിവർ ഉൾപ്പെടെ ആറ് ഇടത് നേതാക്കളാണ് പൊതുമുതൽ നശിപ്പിച്ചു എന്ന കുറ്റത്തിന് പ്രതിപ്പട്ടികയിൽ ഉൾപ്പെട്ടിട്ടുള്ളത്. കേസ് റദ്ദാക്കാൻ സർക്കാരും കുറ്റപത്രത്തിൽ നിന്ന് ഒഴിവാക്കാൻ പ്രതികളും നൽകിയ ഹരജി സുപ്രീംകോടതി തള്ളിയിരുന്നു. കേസ് തള്ളാനുള്ള നടപടിക്കെതിരെ പ്രതിപക്ഷവും കോടതിയെ സമീപിച്ചിരുന്നു.

പ്രതിപക്ഷത്തെ കൂടുതൽ സമ്മർദ്ദത്തിലാക്കുകയാണ് കോൺഗ്രസ്‌ എം.എൽ.എമാരെ പ്രതിചേർത്തതിലൂടെ ലക്ഷ്യമിടുന്നത് എന്നും കുറ്റപത്രം റദ്ദാക്കണമെന്ന ആവശ്യവുമായി ഇനി കോൺഗ്രസിനും കോടതിയെ സമീപിക്കേണ്ടി വരുമെന്നും ഏഷ്യാനെറ്റ്‌ ന്യൂസ്‌ റിപ്പോർട്ട് ചെയ്തു.

യു.ഡി.എഫ് എം.എൽ.എമാർ ആക്രമിച്ചു പരിക്കേല്പിച്ചുവെന്നും അവർക്കെതിരെ നടപടി ഉണ്ടായില്ലെന്നും വനിതാ എം.എൽ.എമാർ പരാതി നൽകിയതോടെ ഡി.ജി.പി തുടരന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. വിചാരണ തുടങ്ങാനിരിക്കെയായിരുന്നു തുടരന്വേഷണം ആവശ്യപ്പെട്ട് പൊലീസ് കോടതിയെ സമീപിച്ചത്.

കയ്യാങ്കളി സംഭവത്തിന് ശേഷം ഇടത് വനിതാ എം.എൽ.എമാർ പോലീസിൽ പരാതി നൽകിയെങ്കിലും തള്ളുകയായിരുന്നു. ജമീല പ്രകാശം കോടതിയിൽ നൽകിയ പരാതിയിൽ നടപടികൾ തുടരുന്നുണ്ട്.
സംഭവ സമയത്ത് എൽ.ഡി.എഫ് എം.എൽ.എ ആയിരുന്ന ജമീല പ്രകാശത്തെ അന്യായമായി തടഞ്ഞ് വച്ചതിനും കൈയേറ്റം ചെയ്തതിനുമാണ് എം.എ വാഹിദിനെയും ശിവദാസൻ നായരേയും പ്രതികളാക്കുന്നത്. പൊതുമുതൽ നശിപ്പിച്ച കുറ്റം ഇവർക്ക് മേൽ ഉണ്ടാകില്ല.

Content Highlight: Kerala Assembly ruckus case; Crime branch to file FIR against congress ex MLAs

We use cookies to give you the best possible experience. Learn more