| Tuesday, 4th May 2021, 10:01 am

എല്‍.ഡി.എഫ് വിട്ട് എന്‍.ഡി.എയ്‌ക്കൊപ്പം ചേര്‍ന്ന നേതാക്കളെ കയ്യൊഴിഞ്ഞ് വോട്ടര്‍മാര്‍; ഫലം പുറത്തുവന്നപ്പോള്‍ തിരിച്ചടി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ആലപ്പുഴ: എല്‍.ഡി.എഫില്‍ നിന്നും കളംമാറ്റി ബി.ജെ.പിയിലും ബി.ഡി.ജെ.എസിലും എത്തി ജനവിധി തേടിയ നേതാക്കള്‍ക്ക് തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നപ്പോള്‍ ലഭിച്ചത് കനത്ത തിരിച്ചടി.

സി.പി.ഐ.എം ലോക്കല്‍ കമ്മിറ്റി അംഗവും തണ്ണീര്‍മുക്കം മുന്‍ പഞ്ചായത്ത് പ്രസിഡന്റുമായിരുന്ന പി.എസ്.ജ്യോതിസിനെ ചേര്‍ത്തലയിലെ സ്ഥാനാര്‍ഥിയാക്കിയായിരുന്നു ബി.ഡി.ജെ.എസ് രംഗത്തെത്തിയത്.

എന്നാല്‍ ചേര്‍ത്തലയിലെ ഫലം വന്നപ്പോള്‍ ആകട്ടെ എന്‍.ഡി.എയുടെ ആകെ വോട്ടു വിഹിതത്തില്‍ 2016ലെ നിയമസഭാ തെരഞ്ഞെടുപ്പിനെക്കാള്‍ 5052 വോട്ടുകളുടെ കുറവാണ് ഉണ്ടായത്. 14,562 വോട്ടാണ് പി.എസ്.ജ്യോതിസ് നേടിയത്. 2016ല്‍ ബി.ഡി.ജെ.എസ് സ്ഥാനാര്‍ഥി നേടിയത് 19,614 വോട്ടുകളായിരുന്നു.

സി.പി.ഐ ജില്ലാ കൗണ്‍സില്‍ അംഗവും ജില്ലാ പഞ്ചായത്ത് മുന്‍ അംഗവുമായിരുന്ന തമ്പി മേട്ടുതറയെയാണ് കുട്ടനാട്ടില്‍ ബി.ഡി.ജെ.എസ് കളത്തിലിറക്കിയത്.

തമ്പി മേട്ടുതറയെ സ്ഥാനാര്‍ത്ഥിയാക്കുക വഴി 2016ല്‍ ബി.ഡി.ജെ.എസിനുവേണ്ടി സുഭാഷ് വാസു നേടിയ 33,044 വോട്ട് നിലനിര്‍ത്തുക എന്നതായിരുന്നു പാര്‍ട്ടിയുടെ ലക്ഷ്യം. എന്നാല്‍ തമ്പി മേട്ടുതറയ്ക്കു കിട്ടിയത് ആകെ 14,946 വോട്ട്. 18,098 വോട്ടിന്റെ കുറവാണ് ഇവിടെ രേഖപ്പെടുത്തിയത്.

സി.പി.ഐ.എം ലോക്കല്‍ കമ്മിറ്റി അംഗവും ഭരണിക്കാവ് ബ്ലോക്ക് പഞ്ചായത്ത് അംഗവുമായിരുന്ന കെ.സഞ്ജുവിനെയാണ് മാവേലിക്കരയില്‍ എന്‍.ഡി.എ തങ്ങളുടെ സ്ഥാനാര്‍ത്ഥിയായി രംഗത്തിറക്കിയത്.

കെ. സഞ്ജു പാര്‍ട്ടി വിട്ട കാര്യം സ്ഥാനാര്‍ഥി പ്രഖ്യാപനദിവസം മാത്രമാണ് സി.പി.ഐ.എം നേതാക്കള്‍പോലും അറിഞ്ഞത്. എന്നാല്‍ 2016ല്‍ ബി.ജെ.പി 30,929 വോട്ടു നേടിയ മണ്ഡലത്തില്‍ വെറും 26 വോട്ടുകള്‍ മാത്രം കൂട്ടാനേ സഞ്ജുവിനെക്കൊണ്ടായുള്ളൂ. ചുരുക്കത്തില്‍ എല്‍.ഡി.എഫില്‍ നിന്നും കളംമാറ്റി എന്‍.ഡി.എയിലെത്തിയ സ്ഥാനാര്‍ത്ഥികളെയെല്ലാം ജനങ്ങള്‍ തഴയുന്നതായാണ് തെരഞ്ഞെടുപ്പുഫലം കാണിക്കുന്നത്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Kerala Assembly Result NDA Candidates

We use cookies to give you the best possible experience. Learn more