കൊച്ചി: നിയമസഭാ തെരഞ്ഞെടുപ്പില്‍ വനിതാ പ്രാതിനിധ്യവുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ വലിയ ചര്‍ച്ചയാകുകയാണ്. യു.ഡി.എഫില്‍ സ്ത്രീകള്‍ക്ക് പതിനൊന്ന് സീറ്റാണ് നല്‍കിയിരിക്കുന്നത്. ഇതില്‍ ഒമ്പത് സീറ്റും കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ യു.ഡി.എഫ് തോറ്റ മണ്ഡലങ്ങളാണ്. രണ്ട് സിറ്റിംഗ് സീറ്റുകള്‍ മാത്രമാണ് വനിതകള്‍ക്ക് യു.ഡി.എഫ് കൊടുത്തത്.
പതിനഞ്ച് സീറ്റിലാണ് എല്‍.ഡി.എഫില്‍ സ്ത്രീകള്‍ മത്സരിക്കുന്നത്. ഇതില്‍ പത്ത് സീറ്റും മുന്നണിയുടെ സിറ്റിംഗ് സീറ്റുകളാണ്. ബാക്കി അഞ്ച് സീറ്റുകളും കഴിഞ്ഞ തവണത്തെ തെരഞ്ഞെടുപ്പ് ഫലത്തിന്റെ അടിസ്ഥാനത്തില്‍ മുന്നണി ഏഴായിരത്തില്‍ താഴെ വോട്ടുകള്‍ക്ക് പരാജയപ്പെട്ടതാണ്.
യു.ഡി.എഫില്‍ വനിതാ സ്ഥാനാര്‍ത്ഥികള്‍ക്ക് നല്‍കിയിരിക്കുന്ന മണ്ഡലം വിജയസാധ്യത കുറഞ്ഞതാണെന്ന തരത്തിലുള്ള വിമര്‍ശനങ്ങള്‍ സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപിച്ചതിന് പിന്നാലെ ഉയര്‍ന്നിരുന്നു.
സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ വനിതാ പ്രാതിനിധ്യം പരിഗണിക്കാത്തതില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് നേതാവ് ലതികാ സുഭാഷ് മഹിളാ കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനാവും, എ.ഐ.സി.സി അംഗത്വവും രാജിവെച്ചിരുന്നു. കോണ്‍ഗ്രസിന്റെ പ്രാഥമിക അംഗത്വം രാജിവെക്കുമെന്നും അവര്‍ അറിയിച്ചിരുന്നു.
അതേസമയം തദ്ദേശതെരഞ്ഞെടുപ്പില്‍ അമ്പത് ശതമാനത്തിലധികം സ്ത്രീകളെ നിര്‍ത്തിയെന്ന് അവകാശപ്പെട്ട എല്‍.ഡി.എഫില്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ സ്ത്രീ പ്രാതിനിധ്യം കുറവാണെന്നും വിമര്‍ശനം ഉയര്‍ന്നിരുന്നു.
നിയമസഭാ തെരഞ്ഞെടുപ്പില്‍ വനിതകള്‍ക്ക് പ്രാതിനിധ്യം നല്‍കുന്നതില്‍ കേരളത്തിലെ മൂന്ന് മുന്നണികളും പരാജയപ്പെട്ടുവെന്ന് സി.പി.ഐയുടെ മുതിര്‍ന്ന നേതാവ് ആനി രാജ അഭിപ്രായപ്പെട്ടിരുന്നു.
‘കേരളത്തിലെ മുഴുവന്‍ രാഷ്ട്രീയ പാര്‍ട്ടികളുടെയും കൂട്ടതോല്‍വിയാണ് ഈ സ്ഥാനാര്‍ത്ഥി പട്ടിക. സ്ഥാനാര്‍ത്ഥികളെ നിശ്ചയിക്കുന്ന കാര്യം പരിശോധിക്കുമ്പോള്‍ സ്ത്രീകളോട് ഒരു പ്രതികാര ബുദ്ധിയോടെയുള്ള സമീപനമാണോ സ്വീകരിച്ചിരിക്കുന്നത് എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. അത്തരത്തിലുള്ള പ്രതികരണങ്ങള്‍ പുരുഷന്മാരുടെ ഭാഗത്തു നിന്നു തന്നെ വന്നിട്ടുണ്ട് അതുകൊണ്ടാണ് ഈ സംശയം ഒന്നു കൂടി ബലപ്പെടുന്നത്,” എന്നായിരുന്നു ആനി രാജ പറഞ്ഞത്.