കേരളത്തില്‍ നിയമസഭാ തെരഞ്ഞെടുപ്പ് ഏപ്രില്‍ 15 ന് മുന്‍പ്, ഒറ്റഘട്ടം; ശുപാര്‍ശ സമര്‍പ്പിച്ച് ടിക്കാറാം മീണ

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: കേരളത്തില്‍ നിയമസഭ തെരഞ്ഞെടുപ്പ് ഒറ്റഘട്ടമായി നടത്താന്‍ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനോട് ശുപാര്‍ശ ചെയ്ത് സംസ്ഥാനത്തെ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ.

ഏപ്രില്‍ 15 ന് മുമ്പ് തെരഞ്ഞെടുപ്പ് നടത്താനാണ് മീണ തെരഞ്ഞെടുപ്പ് കമ്മീഷന് നല്‍കിയ റിപ്പോര്‍ട്ടില്‍ നിര്‍ദേശിച്ചിട്ടുള്ളത്. തെരഞ്ഞെടുപ്പ് തീയതി സംബന്ധിച്ച് രാഷ്ട്രീയപാര്‍ട്ടികള്‍ അടക്കമുള്ളവരുമായി തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഈ മാസം അവസാനത്തോടെ ചര്‍ച്ച തുടങ്ങുമെന്നാണ് അറിയുന്നത്.

ചര്‍ച്ചകള്‍ക്കായി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രതിനിധികള്‍ അടുത്ത മാസം ആദ്യം കേരളത്തിലെത്തുമെന്നും ടിക്കാറാം മീണ സൂചിപ്പിച്ചു. ഇതിന് പിന്നാലെയായിരിക്കും തെരഞ്ഞെടുപ്പ് തീയ്യതി സംബന്ധിച്ചുള്ള ഔദ്യോഗിക പ്രഖ്യാപനം.

സംസ്ഥാനത്തെ കൊവിഡ് സ്ഥിതി കണക്കിലെടുത്ത് വോട്ടെടുപ്പ് രണ്ടു ഘട്ടമായി നടത്താനായിരുന്നു നേരത്തെ ആലോചിച്ചിരുന്നത്. എന്നാല്‍ ഒറ്റഘട്ടമായി തന്നെ തെരഞ്ഞെടുപ്പ് നടത്തിയാല്‍ മതിയെന്നാണ് ടിക്കാറാം മീണ ഇപ്പോള്‍ ശുപാര്‍ശ ചെയ്തിരിക്കുന്നത്. ഇതില്‍ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനാണ് അന്തിമ തീരുമാനം എടുക്കുക.

വിശേഷദിവസങ്ങള്‍, പരീക്ഷകള്‍ തുടങ്ങിയവ പരിഗണിച്ചാണ് കമ്മീഷന്‍ തെരഞ്ഞെടുപ്പ് ഏപ്രില്‍ പരിഗണിക്കുന്നത്.

മാര്‍ച്ച് മാസത്തില്‍ എസ്.എസ്.എല്‍.സി, ഹയര്‍ സെക്കന്‍ഡറി പരീക്ഷകളും മെയ് മാസത്തില്‍ സി.ബി.എസ്.ഇ പരീക്ഷകളും നടക്കുന്നുണ്ട്. ഇതിന് പുറമെ റമദാന്‍ വ്രതാരംഭം ഏപ്രില്‍ 15 ന് ആരംഭിക്കും.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Kerala Assembly Election May be set for  April

Latest Stories