| Wednesday, 5th May 2021, 11:58 am

അഞ്ച് ടേം തുടര്‍ച്ചയായി വിജയിച്ചത് പരിഗണിക്കണം; മന്ത്രിസ്ഥാനം ആവശ്യപ്പെടാനൊരുങ്ങി കോവൂര്‍ കുഞ്ഞുമോന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊല്ലം: രണ്ടാം പിണറായി സര്‍ക്കാരില്‍ മന്ത്രിസ്ഥാനം ആവശ്യപ്പെടാനൊരുങ്ങി നിയുക്ത എം.എല്‍.എ കോവൂര്‍ കുഞ്ഞുമോന്‍. ഇടത് മന്ത്രിസഭയില്‍ പ്രാതിനിധ്യം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്ത് നല്‍കുമെന്ന് കുഞ്ഞുമോന്‍ അറിയിച്ചു.

അഞ്ച് ടേം തുടര്‍ച്ചയായി വിജയിച്ചത് പരിഗണിക്കണമെന്നാണ് കുഞ്ഞുമോന്‍ പറയുന്നത്. തന്നെ മന്ത്രിയാക്കുന്നത് ആര്‍.എസ്.പി അണികളെ ഇടതുമുന്നണിയിലെത്തിക്കാന്‍ സഹായിക്കുമെന്നാണ് കുഞ്ഞുമോന്‍ പറയുന്നത്.

ആര്‍.എസ്.പിയുടെ യുവനേതാവായി പാര്‍ട്ടിയുടെ ഉറച്ച കോട്ടയില്‍ നിന്ന് എം.എല്‍.എയായ കുഞ്ഞുമോന്‍ പക്ഷേ പാര്‍ട്ടി മുന്നണി വിട്ടപ്പോള്‍ ഇടത്പക്ഷത്ത് തന്നെ ഉറച്ച് നില്‍ക്കുകയായിരുന്നു.

പാര്‍ട്ടിയില്‍ നിന്ന് പുറത്ത് വന്നിട്ടും കഴിഞ്ഞ രണ്ട് തവണയും മണ്ഡലം കൈവിട്ട് പോകാതെ കാക്കാന്‍ കുഞ്ഞുമോന് സാധിച്ചിരുന്നു. പരമ്പരാഗത ഇടതുകോട്ടയെന്നു വിശേഷണമുള്ള കുന്നത്തൂരില്‍ 2790 വോട്ടുകള്‍ക്കാണ് ആര്‍.എസ്.പിയുടെ യുവ നേതാവ് ഉല്ലാസ് കോവൂരിനെ കുഞ്ഞുമോന്‍ പരാജയപ്പെടുത്തിയത്.

ശൂരനാട് വടക്ക്, പോരുവഴി, ശൂരനാട് തെക്ക്, ശാസ്താംകോട്ട, കുന്നത്തൂര്‍, മൈനാഗപ്പളളി, പടിഞ്ഞാറെ കല്ലട, പവിത്രേശ്വരം, കിഴക്കേ കല്ലട, മണ്‍റോതുരുത്ത് എന്നിങ്ങനെ 10 പഞ്ചായത്തുകളിലും എല്‍.ഡി.എഫും യു.ഡി.എഫും തമ്മില്‍ ശക്തമായ മത്സരമാണുണ്ടായത്.

വോട്ടെണ്ണലിന്റെ ആദ്യഘട്ടത്തില്‍ ഉല്ലാസ് കോവൂര്‍ നേരിയ ലീഡ് ഉയര്‍ത്തിയത് യു.ഡി.എഫ് ക്യാംപുകളില്‍ ആഹ്ലാദവും എല്‍.ഡി.എഫിന് ആശങ്കയും പകര്‍ന്നിരുന്നു. എന്നാല്‍, പിന്നീട് ചെറിയതോതില്‍ ആണെങ്കിലും ലീഡ് ഉയര്‍ത്താന്‍ കുഞ്ഞുമോന് കഴിഞ്ഞു.

കഴിഞ്ഞ തവണ 20,529 വോട്ടിനാണ് ഉല്ലാസ് കോവൂരിനെ കോവൂര്‍ കുഞ്ഞുമോന്‍ പരാജയപ്പെടുത്തിയത്.

പതിവിനു വിപരീതമായി കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ യു.ഡി.എഫ് നേതാക്കളും പ്രവര്‍ത്തകരും ഉല്ലാസിനായി രംഗത്തിറങ്ങിയ തെരഞ്ഞെടുപ്പ് കൂടിയായിരുന്നു ഇത്. ചിട്ടയായ സംഘടനാ പ്രവര്‍ത്തനം നടത്താന്‍ യു.ഡി.എഫിനു കഴിഞ്ഞതാണ് തോല്‍വിയുടെ ആഘാതം 20,529ല്‍ നിന്നു 2790ലേക്ക് കുറയ്ക്കാനായത്. തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ സ്വന്തം ക്യാംപില്‍ നിന്നുതന്നെ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിട്ടും അന്തിമ വിജയം തനിക്കൊപ്പം ചേര്‍ത്തു നിര്‍ത്താനായത് കുഞ്ഞുമോന്റെ വ്യക്തിപരമായ മികവ് കൂടിയാണ്.

അതേസമയം രണ്ടാം പിണറായി സര്‍ക്കാരില്‍ മുഖ്യമന്ത്രി ഒഴികെയുള്ള മന്ത്രിമാരില്‍ ഏറിയ പങ്കും പുതുമുഖങ്ങളായിരിക്കുമെന്ന് ഏറെക്കുറെ ഉറപ്പായിട്ടുണ്ട്. മുഴുവന്‍ പുതുമുഖങ്ങളെ കൊണ്ടു വരാന്‍ ആലോചനയുണ്ടെങ്കിലും ആരോഗ്യമന്ത്രി കെ.കെ ശൈലജ മാത്രം പിണറായിക്ക് പിന്നാലെ ക്യാബിനറ്റില്‍ ഇടംപിടിച്ചേക്കുമെന്നാണ് അറിയുന്നത്.

പുതുമുഖ മന്ത്രിമാരെ കൂടാതെ പുതിയ സര്‍ക്കാരില്‍ സി.പി.ഐയ്ക്ക് പ്രാതിനിധ്യം കുറഞ്ഞേക്കും എന്ന വാര്‍ത്തയും വരുന്നുണ്ട്. സി.പി.ഐയ്ക്ക് കഴിഞ്ഞ സര്‍ക്കാരില്‍ കിട്ടിയ ആറ് ക്യാബിനറ്റ് പദവികളില്‍ ഒന്നു കുറയാനാണ് സാധ്യത. കഴിഞ്ഞ തവണ കൈവശം വെച്ച ചില വകുപ്പുകളും അവര്‍ക്ക് നഷ്ടപ്പെടും. ജനദാതള്‍ ഗ്രൂപ്പുകള്‍ ലയിച്ചു വന്നാല്‍ ഒരു മന്ത്രിസ്ഥാനം അവര്‍ക്ക് നല്‍കാനാണ് തീരുമാനം. ജോസ് വിഭാഗത്തിനും ഒരു മന്ത്രിസ്ഥാനമെങ്കിലും കിട്ടിയേക്കും. കെ.ബി ഗണേഷ് കുമാര്‍, ആന്റണി രാജു എന്നിവരുടെ പേരുകളും ഉയര്‍ന്ന് കേള്‍ക്കുന്നുണ്ട്.

അതേസമയം രണ്ടാം പിണറായി സര്‍ക്കാരിന്റെ സത്യപ്രതിജ്ഞ മെയ് 18ന് നടക്കുമെന്നാണ് അറിയുന്നത്. 2016 മെയ് 25നാണ് ഒന്നാം പിണറായി സര്‍ക്കാര്‍ അധികാരമേറ്റത്. 17ന് രാവിലെ എല്‍.ഡി.എഫ് യോഗം ചേര്‍ന്ന് ഏതൊക്കെ പാര്‍ട്ടികള്‍ക്ക് എത്ര മന്ത്രിസ്ഥാനം എന്ന കാര്യത്തില്‍ തീരുമാനമെടുക്കും.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Kerala Assembly Election Kovoor Kunjumon Ministry birth

We use cookies to give you the best possible experience. Learn more