| Tuesday, 2nd March 2021, 12:11 pm

'കോണ്‍ഗ്രസിന് 50 സീറ്റുകള്‍ വരെ'; കേരളത്തില്‍ യു.ഡി.എഫിന് നേരിയ ഭൂരിപക്ഷമെന്ന് ഹൈക്കമാന്‍ഡ് സര്‍വേഫലം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: നിയമസഭാ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ യു.ഡി.എഫിന് നേരിയ ഭൂരിപക്ഷം ലഭിക്കുമെന്ന് ഹൈക്കമാന്‍ഡ് തെരഞ്ഞെടുപ്പ് സര്‍വേ ഫലം. കോണ്‍ഗ്രസ് ഒറ്റയ്ക്ക് 45 മുതല്‍ 50 സീറ്റുകള്‍ വരെ നേടുമെന്നാണ് സര്‍വേ പറയുന്നത്.

മുന്നണിയ്ക്ക് ഇത്തവണ 73 സീറ്റുകള്‍ വരെ നേടാനാകുമെന്നാണ് സര്‍വേയില്‍ പറയുന്നത്. ഹൈക്കമാന്‍ഡ് ഏല്‍പ്പിച്ച സ്വകാര്യ ഏജന്‍സിയുടെ സര്‍വേ റിപ്പോര്‍ട്ടിലാണ് യു.ഡി.എഫിന് ഭൂരിപക്ഷം പ്രവചിക്കുന്നത്.

പി.എസ്.സി നിയമന വിവാദവും മത്സ്യബന്ധന വിവാദവും യു.ഡി.എഫിന് ഗുണം ചെയ്തിട്ടുണ്ടെന്നാണ് വിലയിരുത്തല്‍. രാഹുലും പ്രിയങ്കയും പ്രചാരണ രംഗത്ത് സജീവമായാല്‍ കേരളത്തില്‍ ഭരണം പിടിക്കാന്‍ എളുപ്പമാകുമെന്നും സര്‍വേയില്‍ പറയുന്നു.

ഓരോ മണ്ഡലത്തിലെയും ജയസാധ്യതയുള്ള സ്ഥാനാര്‍ത്ഥികളെ നിശ്ചയിക്കുന്നതുമായി ബന്ധപ്പെട്ട സര്‍വേയും പൂര്‍ത്തിയായിട്ടുണ്ട്. ഈ റിപ്പോര്‍ട്ടും ഹൈക്കമാന്‍ഡിന് കൈമാറിയേക്കും.

ഇതിന് ശേഷമായിരിക്കും യു.ഡി.എഫില്‍ സ്ഥാനാര്‍ത്ഥി നിര്‍ണയം പൂര്‍ത്തിയാക്കുക.

അതേസമയം കോണ്‍ഗ്രസിനുള്ളില്‍ സ്ഥാനാര്‍ത്ഥി നിര്‍ണയം സംബന്ധിച്ച് തര്‍ക്കങ്ങള്‍ ഉടലെടുക്കുന്നുണ്ട്. ചടയമംഗലം സീറ്റ് ലീഗിന് നല്‍കാനുള്ള തീരുമാനത്തിനെതിരെ കോണ്‍ഗ്രസില്‍ നിന്ന് തന്നെ പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്. കോണ്‍ഗ്രസ് നേതാവ് പ്രയാര്‍ ഗോപാലകൃഷ്ണന്‍ തനിക്ക് മത്സരിക്കാന്‍ താത്പര്യമുണ്ടെന്ന് അറിയിച്ചിട്ടുണ്ട്.

പാലക്കാട് മണ്ഡലത്തില്‍ ഷാഫി പറമ്പിലിനെതിരെ പാലക്കാട് മുന്‍ ഡി.സി.സി പ്രസിഡന്റ് എ വി ഗോപിനാഥ് മത്സരിച്ചേക്കുമെന്നുള്ള സൂചനകളുണ്ട്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Kerala Assembly election High command pre-poll survey says UDF will get majority

We use cookies to give you the best possible experience. Learn more