| Wednesday, 3rd March 2021, 2:26 pm

സോഷ്യല്‍ മീഡിയയില്‍ സി.പി.ഐ.എമ്മും ബി.ജെ.പിയും ഇഞ്ചോടിഞ്ച്; ഇടം കണ്ടെത്താനാകാതെ കോണ്‍ഗ്രസ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: കേരളത്തില്‍ നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് പിന്നാലെ സോഷ്യല്‍ മീഡിയയിലും പോരാട്ടം ശക്തമാകുന്നു. കൂടുതല്‍ പോസ്റ്റുകളിലൂടെയും എന്‍ഗേജ്‌മെന്റ്‌സിലൂടെയും സമൂഹ മാധ്യങ്ങളില്‍ സ്വാധീനം ഉറപ്പിക്കാനാണ് കേരളത്തിലെ പ്രമുഖ രാഷ്ട്രീയ പാര്‍ട്ടികള്‍ ശ്രമിക്കുന്നത്.

കൊവിഡ് കാലത്ത് നടക്കുന്ന തെരഞ്ഞെടുപ്പായതുകൊണ്ടു തന്നെ ഫേസ്ബുക്ക്, ട്വിറ്റര്‍, ഇന്‍സ്റ്റഗ്രാം.വാട്‌സ്ആപ്പ് തുടങ്ങിയ സോഷ്യല്‍മീഡിയകള്‍ക്ക് വലിയ പ്രാധാന്യം നല്‍കണമെന്ന നിര്‍ദേശവും രാഷ്ട്രീയ പാര്‍ട്ടികള്‍ നേതാക്കള്‍ക്ക് നല്‍കിയിട്ടുണ്ട്.

കഴിഞ്ഞ ഏഴു ദിവസങ്ങളിലെ കണക്കെടുക്കുമ്പോള്‍ ഫേസ്ബുക്കില്‍ ടോട്ടല്‍ എന്‍ഗേജ്‌മെന്റ്‌സില്‍ ബി.ജെ.പിയാണ് മുന്നില്‍. 281000 ആണ് ബി.ജെ.പിയുടെ ടോട്ടല്‍ എന്‍ഗേജ്‌മെന്റ്‌സ്. തൊട്ടുപിന്നില്‍ സി.പി.ഐ.എം ആണ്. 276000 ആണ് സി.പി.ഐ.എമ്മിന്റെ ടോട്ടല്‍ എന്‍ഗേജ്‌മെന്റ്‌സ്.

ഫേസ്ബുക്കില്‍ കൂടുതല്‍ കമന്റുകളും ഷെയറുകളും ലഭിച്ചിരിക്കുന്നത് സി.പി.ഐ.എമ്മിനാണ്. കഴിഞ്ഞ ഏഴു ദിസവങ്ങളായി ബി.ജെ.പി ഫേസ്ബുക്കിലെ സ്വാധീനം ഉറപ്പിക്കാന്‍ കൂടുതല്‍ പോസ്റ്റുകളിടുന്നുണ്ട്.

അതേസമയം കോണ്‍ഗ്രസ് സി.പി.ഐ.എമ്മിനേക്കഴിഞ്ഞും ബി.ജെ.പിയെക്കഴിഞ്ഞും സമൂഹ മാധ്യമങ്ങളിലെ ഇടപെടലുകളില്‍ ബഹുദൂരം പിന്നിലാണ്. ഇതുവരെ 53,300 ഇന്ററാക്ഷന്‍സ് മാത്രമാണ് കോണ്‍ഗ്രസിന് ഫേസ്ബുക്കില്‍ ലഭിച്ചിരിക്കുന്നത്. മുസ്‌ലിം ലീഗിന് ഇത് 68000 ആണ്.

സോഷ്യല്‍ മീഡിയകളുടെ സ്വാധീനം വലിയ രീതിയില്‍ വര്‍ദ്ധിച്ചതിന് ശേഷമുള്ള ആദ്യ നിയമസഭാ തെരഞ്ഞെടുപ്പ് എന്ന നിലയില്‍ രാഷ്ട്രീയ പാര്‍ട്ടികളെല്ലാം വലിയ പ്രാധാന്യമാണ് ഫേസ്ബുക്ക് ഉള്‍പ്പെടെയുള്ള മാധ്യമങ്ങളിലൂടെയുള്ള പ്രചരണങ്ങള്‍ക്ക് നല്‍കുന്നത്. വരും ദിവസങ്ങളില്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ തങ്ങളുടെ സോഷ്യല്‍ മീഡിയയിലെ ഇടപെടലുകളില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തുകയും ചെയ്യും.

ബി.ജെ.പിയാണ് കഴിഞ്ഞ ഏഴ് ദിവസത്തില്‍ ഏറ്റവും കുടുതല്‍ പോസ്റ്റുകള്‍ തങ്ങളുടെ ഫേസ്ബുക്ക് പേജിലൂടെ പങ്കുവെച്ചിരിക്കുന്നത്. 306 പോസ്റ്റുകളാണ് ബി.ജെ.പി പങ്കുവെച്ചത്. സി.പി.ഐ.എം 80 പോസ്റ്റുകള്‍ പങ്കുവെച്ചപ്പോള്‍ കോണ്‍ഗ്രസ് 45 പോസ്റ്റുകളും പങ്കുവെച്ചു.
മുസ്‌ലിം ലീഗ് 33 പോസ്റ്റുകളാണ് പങ്കുവെച്ചിരിക്കുന്നത്.

ഫോളോവേഴ്‌സിന്റെ കാര്യത്തിലും ബി.ജെ.പി വന്‍വളര്‍ച്ചയാണ് കൈവരിച്ചിരിക്കുന്നത്. ഇത് കഴിഞ്ഞ ഏഴുദിസവത്തിനുള്ളില്‍ വലിയ തോതില്‍ വര്‍ദ്ധിക്കുകയും ചെയ്തിട്ടുണ്ട്.

സമൂഹമാധ്യമങ്ങളിലൂടെ പോസ്റ്റ് ചെയ്യുന്ന വിഡീയോകളുടെ വ്യൂവിന്റെ കാര്യത്തിലും ബി.ജെ.പിയാണ് മുന്നില്‍. 1.83 മില്ല്യണ്‍ ആളുകളാണ് ബി.ജെ.പി പോസ്റ്റ് ചെയ്യുന്ന വിഡിയോകള്‍ കണ്ടത്. സി.പി.ഐ.എമ്മിന്റെ വീഡിയോകള്‍ 1.23 മില്ല്യണ്‍ ആളുകള്‍ കണ്ടപ്പോള്‍ കോണ്‍ഗ്രസിന്റേത് 59600 ആളുകള്‍ മാത്രമാണ് കണ്ടത്. വരും ദിവസങ്ങളിലെ സ്ഥാനാര്‍ത്ഥി പ്രഖ്യാപനം ഉണ്ടാകുന്നതോടുകൂടി സമൂഹമാധ്യമങ്ങളിലും വലിയ അങ്കം തന്നെയായിരിക്കും അരങ്ങേറുക.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Kerala Assembly Election: BJP and CPIM leads in Social Media engagements, Congress Trails

We use cookies to give you the best possible experience. Learn more