മങ്കടയില്‍ ടി.എ അഹമ്മദ് കബീര്‍; ഭൂരിപക്ഷം ഇടിഞ്ഞു
Daily News
മങ്കടയില്‍ ടി.എ അഹമ്മദ് കബീര്‍; ഭൂരിപക്ഷം ഇടിഞ്ഞു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 19th May 2016, 4:06 pm

കഴിഞ്ഞ തവണത്തെ അപേക്ഷിച്ച് മങ്കട മണ്ഡലത്തില്‍ നേരിയ ഭൂരിപക്ഷത്തിന്റെ ഉറപ്പിലാണ് ടി.എ അഹമ്മദ് കബീര്‍ ജയിച്ചത്. 1508 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ 69165 വോട്ടുകളാണ് അഹമ്മദ് കബീര്‍ നേടിയത്. രണ്ടാം സ്ഥാനത്തുള്ള റഷീദ് അലിക്ക് 67567 വോട്ടുകളാണ് കിട്ടിയത്. ബി.ജെ.പിയുടെ ബി. രതീഷിന് 6641 വോട്ടുകളാണ് കിട്ടിയത്. വെല്‍ഫെയര്‍പാര്‍ട്ടി സ്ഥാനാര്‍ത്ഥി ഹമീദ് വാണിയമ്പലത്തിന് 3999 വോട്ടുകള്‍ കിട്ടി. എസ്.ഡി.പി.ഐക്ക് 1456 വോട്ടും പി.ഡി.പക്ക് 273 വോട്ടുമാണ് ലഭിച്ചത്. നോട്ടയ്ക്ക് 479 പേര്‍ വോട്ടുകുത്തി.

കഴിഞ്ഞ തവണ 23953 വോട്ടുകളുടെ ഭൂരിപക്ഷത്തിന് ജയിച്ച ടി.എ അഹമ്മദ് കബീറിന് ഇത്തവണ നേരിയ ഭൂരിപക്ഷമാണ് മണ്ഡലത്തിലെ ജനങ്ങള്‍ നല്‍കിയത്. ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ ജില്ലാ പഞ്ചായത്ത് സ്ഥാനാര്‍ത്ഥിയായി മത്സരിച്ച് ഉജ്ജ്വല വിജയം കൈവരിച്ചയാളാണ് എല്‍.ഡി.എഫിന്റെ അഡ്വ ടി.കെ റഷീദലി

വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ് ഹമീദ് വാണിയമ്പലവും ബി.ജെ.പി സ്ഥാനാര്‍ത്ഥിയായ ബി രതീശും എസ്.ഡി.പി ഐയുടെ അഡ്വക്കറ്റ് എ.എ റഹീമും കനത്ത പ്രചരണമാണ് മണ്ഡലത്തില്‍ നടത്തിയിരുന്നത്.

1977 മുതലുള്ള തെരഞ്ഞെടുപ്പ് ചരിത്രമെടുത്താല്‍ ലീഗ് ഏഴു തവണയും ഇടതുപക്ഷ സ്വതന്ത്രന്‍ രണ്ടു തവണയും ഇവിടെ വിജയിച്ചിട്ടുണ്ട്. അത് കൊണ്ട് തന്നെ ലീഗിന്റെ ഒരു കുത്തക മണ്ഡലം ആണ് മങ്കട. 2001ലും 2006ലും ഇടതുപക്ഷ സ്വതന്ത്രനായി മഞ്ഞളാംകുഴി അലി ഇവിടെ നിന്നും തെരഞ്ഞെടുക്കപ്പെട്ടു എന്നതൊഴിച്ചാല്‍ ഇടതുപക്ഷത്തിന് ഈ മണ്ഡലത്തില്‍ വിജയിക്കാനായിട്ടില്ല. 2011ല്‍ അലി ലീഗിലേക്ക് ചേക്കേറിയപ്പോള്‍ മണ്ഡലം അഹമ്മദ് കബീറിനൊപ്പമെത്തി. 2001ല്‍ കെ.പി.എ മജീദിനെയും 2006ല്‍ മുനീറിനെയുമാണ് അലി ഇവിടെ പരാജയപ്പെടുത്തിയത്.

2011 തെരഞ്ഞെടുപ്പില്‍ അഹമ്മദ് കബീറിന് 67756 വോട്ടുകളാണ് ലഭിച്ചത്. സി.പി.ഐ.എമ്മിന്റെ ഖദീജ സത്താറിന് 44163 വോട്ടുകളാണ് ലഭിച്ചത്.

ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ഇ. അഹമ്മദിന് 23461 വോട്ടുകളുടെ ഭൂരിപക്ഷമാണ് മണ്ഡലത്തില്‍ നിന്നും ലഭിച്ചത്. പി.കെ സൈനബയ്ക്ക് 36227 വോട്ടുകളാണ് ലഭിച്ചിരുന്നത്. എന്നാല്‍ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ അപ്രതീക്ഷിതമായ തിരിച്ചുവരവാണ് എല്‍.ഡി.എഫ് നടത്തിയത്. അങ്ങാടിപ്പുറം, പുഴക്കാട്ടിരി, മൂര്‍ക്കനാട്, മങ്കട പഞ്ചായത്തുകളില്‍ ഇടതുപക്ഷം ശക്തമായി തിരിച്ചുവന്നു.

അഹമ്മദ് കബീര്‍ മുത്തേങ്ങാടാന്‍: സ്വതന്ത്രന്‍: 218
എം.കെ അഹമ്മദുല്‍ കബീര്‍: സ്വതന്ത്രന്‍: 119
അന്‍വര്‍ ഷക്കീല്‍ ഒമര്‍ : സ്വതന്ത്രന്‍: 92