തിരുവനന്തപുരം: നിയമസഭയില്‍ സ്പീക്കര്‍ക്കെതിരായ പ്രതിഷേധത്തിനിടെ പ്രതിപക്ഷ എം.എല്‍.എമാര്‍ വാച്ച് ആന്‍ഡ് വാര്‍ഡിനെ കൈയ്യേറ്റം ചെയ്‌തെന്ന ആരോപണത്തില്‍ സര്‍ക്കാരിന് തിരിച്ചടി. കൈക്ക് പൊട്ടലുണ്ടെന്ന വാച്ച് ആന്‍ഡ് വാര്‍ഡ് അംഗത്തിന്റെ വാദം തെറ്റാണെന്ന് മെഡിക്കല്‍ റിപ്പോര്‍ട്ട് പുറത്ത് വന്നു.
അക്രമത്തില്‍ പ്രതിപക്ഷ എം.എല്‍.എമാര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തിയായിരുന്നു കേസെടുത്തിരുന്നത്. ഡോക്ടകര്‍മാരുമായി സംസാരിച്ചതിന് ശേഷം കേസൊഴിവാക്കാനാണ് സര്‍ക്കാരിന്റെ നീക്കം.
കഴിഞ്ഞയാഴ്ച നടന്ന നിയമസഭ സമ്മേളനത്തിനിടെ സ്പീക്കര്‍ എ.എന്‍. ഷംസീറിനെതിരെ പ്രതിപക്ഷ എം.എല്‍.എമാര്‍ രംഗത്തെത്തിയിരുന്നു. സഭയില്‍ അടിയന്തര പ്രമേയ നോട്ടീസിന് അനുമതി നിഷേധിച്ച സ്പീക്കറുടെ നടപടിയില്‍ പ്രതിഷേധിച്ചാണ് യു.ഡി.എഫ് എം.എല്‍.എമാരുടെ നേതൃത്വത്തില്‍ പ്രതിഷേധം ആരംഭിച്ചത്. സഭാ സമ്മേളനം തടസപ്പെടുത്തിയ എം.എല്‍.എമാര്‍ നടുത്തളത്തിലിറങ്ങി പ്രതിഷേധിക്കുകയും തുടര്‍ന്ന് സ്പീക്കറുടെ ഓഫീസ് ഉപരോധിക്കുകയുമായിരുന്നു.
ഇതിനെതിരെ ഭരണപക്ഷ എം.എല്‍.എമാര്‍ രംഗത്തെത്തിയതോടെ ഇരുകൂട്ടരും തമ്മില്‍ പരസ്പരം വാക്‌പോരിലുമേര്‍പ്പെട്ടു. ഇതിനിടെ പ്രതിപക്ഷ എം.എല്‍.എമാരെ പിരിച്ചു വിടാനായി വാച്ച് ആന്‍ഡ് വാര്‍ഡ് എത്തിയതോടെ സഭക്ക് പുറത്ത് ഉന്തും തള്ളുമുണ്ടായി. കെ.കെ. രമയടക്കമുള്ള വനിത എം.എല്‍.എമാരെ വാച്ച് ആന്‍ഡ് വാര്‍ഡ് കയ്യേറ്റം ചെയ്‌തെന്ന പരാതിയും ഉയര്‍ന്നിരുന്നു.
തുടര്‍ന്നാണ് പ്രതിപക്ഷത്തിനെതിരെ ആരോപണവുമായി വാച്ച് ആന്‍ഡ് വാര്‍ഡ് അംഗങ്ങളും രംഗത്തെത്തിയത്. സംഘര്‍ഷത്തില്‍ വാച്ച് ആന്‍ഡ് വാര്‍ഡ് അംഗത്തിന്റെ കൈക്ക് പൊട്ടലുണ്ടെന്ന ആരോപണം ഉയര്‍ന്നതോടെ എം.എല്‍.എമാര്‍ക്കെതിരെ ജാമ്യമില്ലാക്കുറ്റം ചുമത്തി പൊലീസ് കേസെടുക്കുകയായിരുന്നു.
ഏഴ് വകുപ്പുകളാണ് ഇവര്‍ക്കെതിരെ ചുമത്തിയിരുന്നത്. ഇതില്‍ മൂന്നെണ്ണത്തിലാണ് ജാമ്യമില്ലാ വകുപ്പ് ചുമത്തിയത്. മെഡിക്കല്‍ റിപ്പോര്‍ട്ട് പുറത്ത് വന്നതോടെ ഈ വകുപ്പുകള്‍ ഒഴിവാക്കാനാണ് കേസന്വേഷിക്കുന്ന തിരുവനന്തപുരം മ്യൂസിയം പൊലീസിന്റെ തീരുമാനം.
Content Highlight: kerala assembly conflict , medical report revealed