തിരുവനന്തപുരം: ഓണക്കാലത്ത് കരകൗശല-കൈത്തറി രംഗങ്ങളിലെ തൊഴിലാളികളെ സഹായിക്കുന്നതിനായി ‘ഗിഫ്റ്റ് എ ട്രഡീഷന്‍’ പദ്ധതിയുമായി കോവളം വെള്ളാറിലെ കേരള ആര്‍ട്ട്‌സ് ആന്‍ഡ് ക്രാഫ്റ്റ്‌സ് വില്ലേജ്. ഓണസമ്മാനമായി കൈത്തറി, പരമ്പരാഗത ഉത്പന്നങ്ങള്‍ നല്‍കുന്ന പദ്ധതിയാണ് ഗിഫ്റ്റ് എ ട്രഡീഷന്‍.
ദശാബ്ദങ്ങളായി പ്രതിസന്ധിയിലൂടെ കടന്നു പോയിക്കൊണ്ടിരിക്കുന്ന കൈത്തറിമേഖലയെ കൊവിഡും ലോക്ക്ഡൗണുകളും ദേശീയതലത്തിലുള്ള സാമ്പത്തികത്തകര്‍ച്ചയുമെല്ലാം കൂടുതല്‍ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ ഓണക്കാലത്ത് അവരില്‍ കുറച്ചുപേര്‍ക്കെങ്കിലും ആശ്വാസം പകരുക എന്ന ഉദ്ദേശ്യത്തോടെയാണ് സംസ്ഥാന ടൂറിസം വകുപ്പിന്റെയും സഹകരണമേഖലയുടെയും സംയുക്തസംരംഭമായ കേരള ആര്‍ട്‌സ് ആന്‍ഡ് ക്രാഫ്റ്റ്‌സ് വില്ലേജ് ഒരു വിപണനപരിപാടിക്കു രൂപം നല്കിയിരിക്കുന്നത്.
ഇടനിലക്കാരും ലാഭേച്ഛയുമില്ലാതെ ഉത്പാദകരില്‍നിന്ന് അവരുടെ വിലയ്ക്ക് ഉത്പന്നങ്ങള്‍ വാങ്ങി ആ വിലയ്‌ക്കൊപ്പം പാക്കിങ്ങിന്റെയും അയച്ചുകൊടുക്കലിന്റെയും ചെലവുകള്‍ മാത്രം ചേര്‍ത്ത തുകയ്ക്ക് പ്രിയപ്പെട്ടവര്‍ക്ക് ഓണസമ്മാനമായി നല്‍കാനാണ് പദ്ധതിയിലൂടെ ഉദ്ദേശിക്കുന്നത്. ആവശ്യമായവ തെരഞ്ഞെടുത്ത് ഓണ്‍ലൈന്‍ ആയി വാങ്ങുകയും അയച്ചു കൊടുക്കുകയും ചെയ്യാം.
ടൂറിസം മന്ത്രി പി.എ. മുഹമ്മദ് റിയാസാണ് ‘ഗിഫ്റ്റ് എ ട്രെഡീഷന്‍’ പദ്ധതി ഉദ്ഘാടനം ചെയ്യുന്നത്. 2021 ജൂണ്‍ 29 ന് വൈകിട്ട് 5-ന് കോവളത്തെ കേരള ആര്‍ട്‌സ് ആന്‍ഡ് ക്രാഫ്റ്റ്‌സ് വില്ലേജിലാണ് ഉദ്ഘാടന ചടങ്ങ്.
ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്റ്റ് കോപ്പറേറ്റീവ് സൊസൈറ്റിയാണ് കരകൗശലകലാകാരന്മാര്‍ക്കും കൈത്തറിത്തൊഴിലാളികള്‍ക്കും മികച്ച വരുമാനവും അന്തസുറ്റ ജീവിതവും ഉറപ്പാക്കുക എന്ന ദൗത്യവുമായി ടൂറിസം വകുപ്പിനുവേണ്ടി കോവളത്തുള്ള കേരള ആര്‍ട്‌സ് ആന്‍ഡ് ക്രാഫ്റ്റ്‌സ് വില്ലേജ് ഏറ്റെടുത്തു പുനര്‍നിര്‍മ്മിച്ചു നടത്തുന്നത്.
ഓണപ്പുടവയായി കസവുമുണ്ടും നേര്യതും ആണ് സമ്മാനപ്പെട്ടിയിലെ പ്രധാനയിനം. കൂടാതെ ദോത്തിയും കൈത്തറി സാരി, ഗൃഹാലങ്കാരത്തിനുപറ്റുന്ന കരകൗശലവസ്തുക്കളും ഉള്‍പ്പെടുത്തിയിട്ടുണ്ട്.
ഒരു വാല്‍ക്കണ്ണാടിയോ നെട്ടൂര്‍പ്പെട്ടിയോ കാല്‍പ്പെട്ടിയോ കഥകളിരൂപമോ മഞ്ചാടിക്കുടുക്കയോ അത്തരം മറ്റ് ഉത്പന്നങ്ങളോ അവയില്‍ ചിലത് ഒന്നിച്ചോ അടങ്ങുന്ന സമ്മാനപ്പെട്ടികളുണ്ട്. ഓരോ തരം സമ്മാനപ്പെട്ടിയുടെയും വിവരങ്ങളും വിലയും അടങ്ങുന്ന ബ്രോഷറും വെബ്സൈറ്റും തയ്യാറാക്കിയിട്ടുണ്ട്. ജൂലൈ 15-നകമെങ്കിലും ഓര്‍ഡറുകള്‍ ലഭിക്കുകയാണെങ്കില്‍ ഓണത്തിനുമുമ്പുതന്നെ സമ്മാനിക്കത്തക്കവിധം നെയ്തു സംഭരിച്ചു പായ്ക്ക് ചെയ്ത് ലഭ്യമാക്കാന്‍ കഴിയും.
കേരളത്തില്‍ പ്രവര്‍ത്തിക്കുന്ന കോര്‍പ്പറേറ്റ് അടക്കമുള്ള സ്വകാര്യസ്ഥാപനങ്ങള്‍ക്കും പൊതുമേഖലയിലും സഹകരണമേഖലയിലുമൊക്കെയുള്ള സ്ഥാപനനങ്ങള്‍ക്കും പുറംനാടുകളിലുള്ള കേരളീയ സംരംഭകര്‍ക്കുമൊക്കെ അവരുടെ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്കും സ്വന്തം ഇടപാടുകാര്‍ക്കും പ്രധാന ഉപഭോക്താക്കള്‍ക്കും വിശിഷ്ഠവ്യക്തികള്‍ക്കും മറ്റു വേണ്ടപ്പെട്ടവര്‍ക്കുമൊക്കെ ഇക്കൊല്ലത്തെ ഓണസമ്മാനം ‘ഗിഫ്റ്റ് എ ട്രഡീഷന്‍’ സമ്മാനപ്പെട്ടികള്‍ ആക്കാനും കഴിയും. പ്രവാസീസംരംഭകര്‍ക്ക് അവരുടെ സ്ഥാപനങ്ങളിലെ കേരളീയരായ ജീവനക്കാരെ ഇതിനു പ്രേരിപ്പിക്കാനും കഴിയും.
വിവിധ സമ്മാനപ്പെട്ടികളിലെ ഉള്ളടക്കം കാണാനും ഉചിതമായവ തെരഞ്ഞെടുക്കാനും ഓണ്‍ലൈനായിത്തന്നെ ഓര്‍ഡര്‍ നല്കാനുമുള്ള വെബ്സൈറ്റ് ലിങ്കുകളും ചേര്‍ത്തിട്ടുണ്ട്.