തിരുവനന്തപുരം: കേരളത്തിലെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കുള്ള ധനസമാഹരണത്തിനായി പ്രത്യേക ലോട്ടറി പ്രഖ്യാപിച്ച് ധനമന്ത്രി തോമസ് ഐസക്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിന്റെ ഭാഗമായാണ് അധിക തുക ശേഖരിക്കാനായി ലോട്ടറി കൊണ്ടുവരുമെന്ന് പ്രഖ്യാപനം.
ഓരോ ടിക്കറ്റിന്റെയും വില 250 രൂപയായിരിക്കുമെന്ന് തോമസ് ഐസക് മാധ്യമങ്ങളോടു പറഞ്ഞു. ഒക്ടോബര്‍ മൂന്നിന് നറുക്കെടുക്കുന്ന ലോട്ടറി വഴി ശേഖരിക്കുന്ന തുക മുഴുവനും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കാണ് വകയിരുത്തുക.
Also Read: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് ഇതുവരെ ലഭിച്ച സംഭാവന 539 കോടി
“ആശ്വാസ് എന്നായിരിക്കും ലോട്ടറിയുടെ പേര്. ഓരോ സീരീസിലും ഒരു ലക്ഷം രൂപയായിരിക്കും ഒന്നാം സമ്മാനം. ഇതിനു പുറമേ, 1,08,000 ടിക്കറ്റുകള്‍ക്ക് 5000 രൂപ വീതവും സമ്മാനമുണ്ടായിരിക്കും.” ധനമന്ത്രി അറിയിച്ചു.
നൂറു കോടി അധിക ഫണ്ട് ശേഖരിക്കുക എന്നതാണ് ലോട്ടറി ഏര്‍പ്പെടുത്തുന്നതിലൂടെ ഉദ്ദേശിക്കുന്നതെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു. എല്ലാ ടിക്കറ്റുകളും വിറ്റഴിക്കാന്‍ സാധിച്ചാല്‍, ചെലവുകള്‍ കിഴിച്ച് സര്‍ക്കാരിനു ബാക്കി ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്ന തുകയാണ് നൂറു കോടി.