ഇന്ത്യയുടെ ആഭ്യന്തര ക്രിക്കറ്റ് ലീഗായ രഞ്ജി ട്രോഫി 2024 ജനുവരി അഞ്ചിന് നടക്കാനിരിക്കുകയാണ്. എലീറ്റ് ഗ്രൂപ്പില്‍ ആകെ 16 ഏറ്റുമുട്ടലുകളാണ് ഉദ്ഘാടന ദിവസം തന്നെ നടക്കുന്നത്.
ഇതോടെ രഞ്ജി ട്രോഫിയില്‍ തങ്ങളുടെ ആദ്യ കിരീടം ഉറപ്പിക്കാനാണ് സഞ്ജുവും സംഘവും കേരളത്തിനുവേണ്ടി ഇറങ്ങുന്നത്. സനാതന ധര്‍മ കോളേജ് ഗ്രൗണ്ടിലാണ് മത്സരം നടക്കുന്നത്. സഞ്ജുവിന്റെ മികച്ച പ്രകടനം കാണാനാണ് ആരാധകരും കാത്തിരിക്കുന്നത്. ഉത്തര്‍പ്രദേശിനോടാണ് കേരളത്തിന്റെ ആദ്യ മത്സരം.
റിങ്കു സിങ്ങിന്റെ ക്യാപ്റ്റന്‍സിലാണ് യു.പി ഇറങ്ങുന്നത്. ഇന്ത്യ- സൗത്ത് ആഫ്രിക്ക പര്യടനത്തില്‍ സഞ്ജുവും റിങ്കുവും ഇന്ത്യക്ക് വേണ്ടി മത്സരിച്ചിട്ടുണ്ടായിരുന്നു. ഇരുവരും മികച്ച ഫോം ആണ് മത്സരത്തില്‍ കാഴ്ചവെച്ചത്. ഏകദിനത്തില്‍ നിര്‍ണായക മത്സരത്തില്‍ സഞ്ജുവിന് സെഞ്ച്വറി നേടാന്‍ സാധിച്ചപ്പോള്‍ പരമ്പരയിലെ അവസാന മത്സരത്തില്‍ വിജയിക്കാനും പരമ്പര സ്വന്തമാക്കാനും ടീമിന് കഴിഞ്ഞിരുന്നു. റിങ്കു ടി-ട്വന്റിയിലും ഏകദിനത്തിലും മധ്യനിരയില്‍ ഇറങ്ങി നിര്‍ണായക മത്സരങ്ങളില്‍ മികച്ച സ്‌കോര്‍ ടീമിന് നല്‍കി.
കേരളത്തിന്റെ സ്‌ക്വാഡ്: ആനന്ദ് കൃഷ്ണ, രോഹന്‍ കുന്നുമ്മല്‍, സച്ചിന്‍ ബേബി, അക്ഷയ് ചന്ദ്രന്‍, ജലജ് സക്‌സേന, കൃഷ്ണ പ്രസാദ്, രോഹന്‍ പ്രേം, ശ്രേയസ് ഗോപാല്‍, വൈശാഖ് ചന്ദ്രന്‍, സഞ്ജു സാംസണ്‍ (ക്യാപ്റ്റന്‍), വിഷ്ണു രാജ്, വിഷ്ണു വിനോദ്, ബേസില്‍ തമ്പി, എം.ഡി. നിദീഷ്, നെടുമന്‍കുഴി ബേസില്‍, സുരേഷ് വിശ്വേശര്‍.
സൗരാഷ്ട്ര ആണ് നിലവിലെ രഞ്ജി ട്രോഫി കിരീട ജേതാക്കള്‍. ജയദേവ് ഉനദ്കട്ടിന്റെ തകര്‍പ്പന്‍ പ്രകടനത്തില്‍ രണ്ടാം തവണയാണ് സൗരാഷ്ട്ര കിരീടം സ്വന്തമാക്കിയത്.
രഞ്ജി ട്രോഫി സെമി ഫൈനല്‍ മത്സരം ഫെബ്രുവരി 17നും ഫൈനല്‍ മാര്‍ച്ച് 10നുമാണ് നടക്കുന്നത്. ആകെ മത്സരങ്ങള്‍ക്ക് 48 വേദികളാണ് നിശ്ചയിച്ചിരിക്കുന്നത്. പ്ലേറ്റ് ലീഗ് അഞ്ച് വേദികളിലായി നടക്കും.
മുന്‍ സീസണിന് സമാനമായി രഞ്ജി ട്രോഫി മത്സരങ്ങള്‍ രാവിലെ 9:30നാണ് ആരംഭിക്കുന്നത്. ലീഗ് സ്റ്റേജ് മത്സരങ്ങള്‍ നാലുദിവസത്തെ ഫോര്‍മാറ്റ് ആയി നിലനില്‍ക്കും. അതേസമയം നോക്കൗട്ട് റൗണ്ടുകള്‍ അഞ്ച് ദിവസത്തേക്ക് നീട്ടുകയും ചെയ്യും. ജിയോ സിനിമയിലും മത്സരം ലൈവ് സ്ട്രീമിങ് ഉണ്ട്.
എലീറ്റ് ഗ്രൂപ്പ് എ: ഹരിയാന, ജാര്‍ഖണ്ഡ്, മഹാരാഷ്ട്ര, മണിപ്പൂര്‍, രാജസ്ഥാന്‍, സൗരാഷ്ട്ര, സര്‍വീസസ്, വിദര്‍ഭ.
എലീറ്റ് ഗ്രൂപ്പ് ബി: ആന്ധ്ര, അസം, ബംഗാള്‍, ബിഹാര്‍, ഛത്തീസ്മഡ്, കേരളം, മുംബൈ, ഉത്തര്‍പ്രദേശ്.
എലീറ്റ് ഗ്രൂപ്പ് സി: ചണ്ഡീഗഡ്, ഗോവ, ഗുജറാത്ത്, കര്‍ണാടക, പഞ്ചാബ്, റെയില്‍വേ, തമിഴ്നാട്, ത്രിപുര.
എലീറ്റ് ഗ്രൂപ്പ് ഡി: ബറോഡ, ദല്‍ഹി, ഹിമാചല്‍ പ്രദേശ്, ജമ്മു കശ്മീര്‍, മധ്യപ്രദേശ്, ഒഡീഷ, പുതുച്ചേരി, ഉത്തരാഖണ്ഡ്.
പ്ലേറ്റ് ഗ്രൂപ്പ്: നാഗാലാന്‍ഡ്, ഹൈദരാബാദ്, മേഘാലയ, സിക്കിം, മിസോറാം, അരുണാചല്‍ പ്രദേശ്.
Content Highlight: Kerala and Uttar Pradesh will meet tomorrow in the Ranji Trophy