കഴിഞ്ഞ ദിവസമായിരുന്നു കേരളം തങ്ങളുടെ ഏഴാം സന്തോഷ് ട്രോഫി കിരീടത്തില്‍ മുത്തമിട്ടത്. കരുത്തരായ ബംഗാളിനെ ഷൂട്ടൗട്ടില്‍ പരാജയപ്പെടുത്തിയായിരുന്നു കേരളം ഇന്ത്യന്‍ ഫുട്‌ബോളിന്റെ നെറുകയിലേക്ക് ഒരിക്കല്‍ക്കൂടി നടന്നുകയറിയത്.
മത്സരത്തിന്റെ നിശ്ചിത സമയത്തില്‍ ഗോള്‍രഹിത സമനിലയെ തുടര്‍ന്ന് അധികസമയത്തേക്ക് നീണ്ട മത്സരത്തില്‍ ബംഗാളായിരുന്നു ആദ്യഗോള്‍ നേടിയത്. തുടര്‍ന്ന് ഫൈനല്‍ വിസിലിന് നാല് മിനിറ്റ് ബാക്കി നില്‍ക്കെ കേരളം ഈക്വലൈസര്‍ ഗോള്‍ സ്വന്തമാക്കുകയായിരുന്നു. തുടര്‍ന്നാണ് ജേതാക്കളെ നിര്‍ണയിക്കാന്‍ മത്സരം ഷൂട്ടൗട്ടിലേക്ക് നീങ്ങിയത്.
കേരളത്തിന്റെ കിക്കെടുക്കാന്‍ വന്ന അഞ്ച് പേരുടേയും ഷോട്ടുകള്‍ ബംഗാള്‍ ഗോള്‍കീപ്പറെ കടന്ന് വലയിലെത്തിയപ്പോള്‍ 5-4നായിരുന്നു ഷൂട്ടൗട്ടില്‍ കേരളം വിജയം കൈപ്പിടിയിലൊതുക്കിയത്.
2018ന് ശേഷമുള്ള കേരളത്തിന്റെ ആദ്യ കിരീട നേട്ടമാണിത്. 2018 സന്തോഷ് ട്രോഫി ഫൈനലില്‍ കേരളം കീഴടക്കിയതും ഇതേ ബംഗാളിനെ തന്നെയായിരുന്നു.
ഈ സീസണിലേതടക്കം നാല് തവണയാണ് കേരളവും ബംഗാളും ഫൈനലില്‍ ഏറ്റുമുട്ടിയത്. ഈ നാല് തവണയും വിജയികളെ നിശ്ചയിച്ചതാവട്ടെ ഷൂട്ടൗട്ടിലൂടെയും!
1989ലും 1994ലും 2018ലുമായിരുന്നു ഇതിന് മുമ്പ് കേരളവും ബംഗാളും സന്തോഷ് ട്രോഫിയുടെ ഫൈനലില്‍ കൊമ്പുകോര്‍ത്തത്.
1989ല്‍ ഗുവാഹത്തിയില്‍ നടന്ന ഫൈനലിലായിരുന്നു ഇരുവരും ആദ്യമായേറ്റുമുട്ടിയത്. നിശ്ചിതസമയത്ത് ഇരുടീമുകളും 1-1ന് സമനില പാലിച്ചതോടെയായിരുന്നു മത്സരം ഷൂട്ടൗട്ടിലേക്ക് നീങ്ങിയത്. ആവേശകരമായ ഷൂട്ടൗട്ടില്‍ 4-3ന് കേരളത്തെ തോല്‍പിച്ച് ബംഗാള്‍ കിരീടത്തില്‍ മുത്തമിടുകയായിരുന്നു.
1994ല്‍ ഒഡീഷയിലെ കട്ടക്കായിരുന്നു വേദി. 2-2നായിരുന്നു ഇരുവരും അന്ന് സമനിലയില്‍ പിരിഞ്ഞത്. അന്നും ഷൂട്ടൗട്ടില്‍ ബംഗാളിനായിരുന്നു അവസാനത്തെ ചിരി. 5-3നായിരുന്നു ബംഗാളിന്റെ വിജയം.
ശേഷം രണ്ടര പതിറ്റാണ്ടോളം കഴിഞ്ഞാണ് ഇരുവരും ഫൈനലില്‍ ഏറ്റമുട്ടിയത്. ബംഗാളിന്റെ കളിത്തട്ടകമായ കൊല്‍ക്കത്തയായിരുന്നു ഫൈനലിന്റെ വേദി. അന്ന് നിശ്ചിത സമയത്തും അധികസമയത്തും ഇരുവരും 2-2ന് സമനിലയില്‍ പിരിയുകയായിരുന്നു.
കേരളത്തിന്റെ ഗോള്‍വല കാത്ത ഭൂതത്താന്‍ വി. മിഥുന്റെ പ്രകടനമായിരുന്നു കേരളത്തെ വിജയത്തിലേക്കെത്തിച്ചത്. ബംഗാളിന്റെ രണ്ട് കിക്കുകള്‍ തടുത്തിട്ട മിഥുന്‍ 4-2ന് കപ്പ് കേരളത്തിന്റെ കൈകളില്‍ വെച്ചുകൊടുക്കുകയായിരുന്നു. ആറാം കിരീടമായിരുന്നു അന്ന് കേരളം സ്വന്തമാക്കിയത്.
ഇന്ന്, കേരളത്തിന്റെ, മലപ്പുറത്തിന്റെ മണ്ണില്‍ കേരളം വീണ്ടും കപ്പുയര്‍ത്തിയതും ഷൂട്ടൗട്ടിലൂടെ തന്നെ. തോല്‍പിച്ചതാവട്ടെ അതേ ബംഗാളിനേയും…