തിരുവനന്തപുരം: ചന്ദ്രോപരിതലത്തില്‍ സോഫ്റ്റ് ലാന്‍ഡിങ് വിജയകരമായി പൂര്‍ത്തീകരിച്ചതില്‍ അഭിമാനമുണ്ടെന്ന് വ്യവസായ മന്ത്രി പി.രാജീവ്. ഈ ദൗത്യത്തില്‍ കേരളത്തിനും പങ്കുണ്ടെന്ന് അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു. കേരളത്തില്‍ നിന്നുള്ള 6 പൊതുമേഖലാ വ്യവസായ സ്ഥാപനങ്ങളും 20ഓളം സ്വകാര്യസ്ഥാപനങ്ങളും വിജയകരമായി ലാന്റ് ചെയ്തിരിക്കുന്ന ചന്ദ്രയാന്‍ 3 ദൗത്യത്തില്‍ പങ്കാളികളായിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു.
‘ദക്ഷിണ ധ്രുവത്തില്‍ ആദ്യമായി ലാന്റ് ചെയ്തുകൊണ്ട് ചാന്ദ്രയാന്‍ 3 പുതിയ ചരിത്രം രചിക്കുമ്പോള്‍, അഭിമാനത്തോടെ കേരളവും ഈ ദൗത്യത്തില്‍ പങ്കാളികളാകുകയാണ്.
കേരളത്തില്‍ നിന്നുള്ള ആറ് പൊതുമേഖലാ വ്യവസായ സ്ഥാപനങ്ങളും 20ഓളം സ്വകാര്യസ്ഥാപനങ്ങളുമാണ് വിജയകരമായി ലാന്റ് ചെയ്തിരിക്കുന്ന ചന്ദ്രയാന്‍ 3 ദൗത്യത്തില്‍ പങ്കാളികളായിരിക്കുന്നത്. കെല്‍ട്രോണ്‍, കെ.എം.എം.എല്‍, എസ്.ഐ.എഫ്.എല്‍, ടി.സി.സി, കെ.എ.എല്‍ തുടങ്ങിയ പൊതുമേഖലാ സ്ഥാപനങ്ങളില്‍ നിന്നും എയ്‌റോപ്രിസിഷന്‍, ബി.എ.ടി.എല്‍, കോര്‍ട്ടാന്‍, കണ്ണന്‍ ഇന്‍ഡസ്ട്രീസ്, ഹിന്റാല്‍കോ, പെര്‍ഫെക്റ്റ് മെറ്റല്‍ ഫിനിഷേഴ്‌സ്, കാര്‍ത്തിക സര്‍ഫസ് ട്രീറ്റ്‌മെന്റ്, ജോജോ ഇന്‍ഡസ്ട്രീസ്, വജ്ര റബ്ബര്‍, ആനന്ദ് ടെക്‌നോളജീസ്, സിവാസു, റെയെന്‍ ഇന്റര്‍നാഷണല്‍, ജോസിത് എയര്‍സ്‌പേസ്, പി.എം.എസ് തുടങ്ങിയ സ്വകാര്യസ്ഥാപനങ്ങളില്‍ നിന്നും നിര്‍മിച്ച വിവിധ ഉല്‍പ്പന്നങ്ങള്‍ ചന്ദ്രയാന്‍ 3 ദൗത്യത്തില്‍ ഉപയോഗിച്ചിരിക്കുന്നു.
ലോകത്തിന് മുന്നില്‍ ഇന്ത്യ അഭിമാനത്തോടെ നില്‍ക്കുമ്പോള്‍, കേരളത്തിനും ഈ ദൗത്യത്തില്‍ പങ്കാളികളായതില്‍ അഭിമാനിക്കാം. വിജയകരമായ ലാന്റിങ്ങ് സാധ്യമാക്കിയ എല്ലാ ശാസ്ത്രജ്ഞരേയും മറ്റ് ജീവനക്കാരെയും അഭിനന്ദിക്കുന്നു. രാജ്യത്തിന്റെ സന്തോഷത്തില്‍ പങ്കുചേരുന്നു,’ രാജീവ് പറഞ്ഞു.
അതേസമയം ഐ.എസ്.ആര്‍.ഒ പ്രതീക്ഷിച്ച വൈകുന്നേരം 6.04ന് തന്നെയാണ് ചന്ദ്രയാന്‍ ചന്ദ്രോപരി തലം തൊട്ടത്. ചന്ദ്രയാന്റെ സോഫ്റ്റ്‌ലാന്‍ഡിങ് വിജയകരമായി പൂര്‍ത്തീകരിച്ചതായി ഐ.എസ്.ആര്‍.ഒ ഔദ്യോഗികമായി അറിയിച്ചു. ഇതോടു കൂടി ചന്ദ്രനില്‍ സോഫ്റ്റ് ലാന്‍ഡിങ് നടത്തുന്ന നാലാം രാജ്യമായി ഇന്ത്യ മാറുകയായിരുന്നു. ചന്ദ്രന്റെ ദക്ഷിണധ്രുവം തൊടുന്ന ആദ്യരാജ്യവുമാണ് ഇന്ത്യ.
വൈകുന്നേരം 5.45ന് തുടങ്ങിയ സോഫ്റ്റ് ലാന്‍ഡിങ് പ്രക്രിയ 19 മിനിറ്റുകള്‍ കൊണ്ടാണ് പൂര്‍ത്തിയായത്.
ചന്ദ്രയാന്‍ രണ്ട് ഓര്‍ബിറ്റര്‍ വഴിയാണ് ഭൂമിയില്‍ നിന്നുമുള്ള സിഗ്നലുകള്‍ ലാന്‍ഡറിലേക്ക് എത്തിക്കുന്നത്. ചന്ദ്രന്റെ ദക്ഷിണധ്രുവത്തില്‍ മാന്‍സിനസ് സി, സിംപിലിയന്‍സ് എന്‍ ഗര്‍ത്തങ്ങളുടെ ഇടയിലാണ് ചന്ദ്രയാന്‍ മൂന്ന് ഇറങ്ങിയത്.
ചന്ദ്രനില്‍ ഇറങ്ങുന്ന ലാന്‍ഡര്‍, ചന്ദ്രോപരി തലത്തില്‍ സഞ്ചരിക്കുന്ന റോവര്‍, ലാന്‍ഡറിനെ ചാന്ദ്ര ഭ്രമണപഥം വരെയെത്തിച്ച പ്രൊപ്പല്‍ഷന്‍ മൊഡ്യൂള്‍ എന്നിങ്ങനെ മൂന്ന് ഘടകങ്ങള്‍ ചേര്‍ന്നതാണ് ചന്ദ്രയാന്‍ മൂന്ന്.
CONTENT HIGHLIGHTS: Kerala also shares in success of Chandrayaan 3 mission; Kudos to the scientists: Rajiv