തിരുവനന്തപുരം: സംവരണത്തെ പരിഹസിച്ച് കെ.എസ്.യു യൂണിയന് മാഗസിൻ. കേരള അഗ്രികള്‍ച്ചറല്‍ യൂണിവേഴ്സിറ്റിയിലെ മണ്ണൂത്തി ഹോര്‍ട്ടികള്‍ച്ചര്‍ ക്യാമ്പസ് യൂണിയനാണ് സംവരണത്തെ പരിഹസിച്ച് കൊണ്ടുള്ള മാഗസിൻ പുറത്തിറക്കിയത്.
കഴിഞ്ഞ ദിവസം പുറത്തിറക്കിയ മാഗസിനിലാണ് സംവരണത്തെ പരിഹസിച്ച് കൊണ്ടുള്ള കാര്‍ട്ടൂണ്‍ ഉള്‍പ്പെടുത്തിയത്. ഇതിന്റെ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
സംവരണത്തെ തുടര്‍ന്ന് എസ്.സി, എസ്.ടി, ഒ.ബി.സി വിഭാഗങ്ങള്‍ക്ക് ലഭിച്ചതിന്റെ ബാക്കി മാത്രമാണ് ജനറല്‍ കാറ്റഗറിക്ക് ലഭിക്കുള്ളൂ എന്നാണ് കാര്‍ട്ടൂണില്‍ പറയുന്നത്.
കാര്‍ട്ടൂണിനെതിരെ വിമര്‍ശനവുമായി എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി പി.എം. ആര്‍ഷോ രംഗത്തെത്തി. കെ.എസ്.യുവിന്റെ രാഷ്ട്രീയ പഠനത്തിന്റെ മോഡ്യൂള്‍ തയ്യാറാക്കുന്നത് സംഘപരിവാര്‍ ഫാക്ടറികളിലാണെന്നാണ് ആര്‍ഷോ പ്രതികരിച്ചത്.
‘ കേരള അഗ്രികള്‍ച്ചറല്‍ യൂണിവേഴ്സിറ്റിയിലെ മണ്ണൂത്തി ഹോര്‍ട്ടികള്‍ച്ചര്‍ ക്യാമ്പസ് യൂണിയന് പുറത്തിറക്കിയ മാഗസിനാണിത്. ആ യൂണിയനെ നയിക്കുന്ന വിദ്യാര്‍ത്ഥി സംഘടനയുടെ പേര് കെ.എസ്.യു എന്നാണ്. അവരുടെ രാഷ്ട്രീയ പഠനത്തിന്റെ മോഡ്യൂള്‍ തയ്യാറാക്കുന്നത് സംഘപരിവാര്‍ ഫാക്ടറികളിലാണ്,’ ആര്‍ഷോ ഫേസ്ബുക്കില്‍ കുറിച്ചു.
റഫറന്‍സില്‍ മനുസ്മൃതിയും വെറുപ്പിന്റെ അച്ചടി മഷിയും കാണാമെന്നും ഫേസ്ബുക്കില്‍ കാര്‍ട്ടൂണ്‍ പങ്കുവെച്ച് കൊണ്ട് ആര്‍ഷോ പറഞ്ഞു.
Content Highlight: Kerala Agriculture University’s KSU Union magazine ridicules reservation