തിരുവനന്തപുരം: ഹൈക്കോടതിയിലെ സിറ്റിങ് ജഡ്ജിയ്‌ക്കെതിരെ അനാവശ്യ ആരോപണങ്ങള്‍ ഉന്നയിച്ച് കത്തെഴുതുകയും അത് മാധ്യമങ്ങള്‍ക്ക് ചോര്‍ത്തി നല്‍കുകയും ചെയ്ത സംഭവത്തില്‍ വ്യവസായി കൊച്ചൗസേപ്പ് ചിറ്റിലപ്പള്ളിയ്‌ക്കെതിരെ കോടതിയലക്ഷ്യ നടപടികള്‍ സ്വീകരിക്കാന്‍ അഡ്വക്കേറ്റ് ജനറലിന്റെ അനുമതി.
കോടതിയുടെ അന്തസിനെ ഹനിയ്ക്കുന്ന നടപടിയാണ് ചിറ്റിലപ്പള്ളിയുടെ ഭാഗത്ത് നിന്നുണ്ടായതെന്ന് എ.ജി സി.പി സുധാകരപ്രസാദ് വിലയിരുത്തി. ജസ്റ്റിസ് ദേവന്‍ രാമചന്ദ്രനെതിരെയാണ് ചിറ്റിലപ്പള്ളി ചീഫ് ജസ്റ്റിസിന് കത്തെഴുതിയത്.
ചിറ്റിലപ്പള്ളിയുടെ ഉടമസ്ഥതയിലുള്ള വണ്ടര്‍ ലാ അമ്യൂസ്‌മെന്റ് പാര്‍ക്കിലെ റൈഡില്‍ നിന്നും വീണ് പരുക്കേറ്റ തൃശൂര്‍ സ്വദേശി വിജേഷ് വിജയന് നഷ്ടപരിഹാരം വൈകുന്നുവെന്ന പരാതിയില്‍ ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ചിറ്റിലപ്പള്ളിയെ വിമര്‍ശിച്ചിരുന്നു. ഇത് മാധ്യമങ്ങളില്‍ വാര്‍ത്തയാവുകയും ചെയ്തിരുന്നു. എന്നാല്‍ തനിക്കെതിരായ പരാമര്‍ശം മാനഹാനി ഉണ്ടാക്കിയെന്ന് കാണിച്ചാണ് ചിറ്റിലപ്പള്ളി ചീഫ് ജസ്റ്റിസിന് കത്തെഴുതിയത്.
കേസിന്റെ ഭാഗമല്ലാതിരുന്ന ചിറ്റിലപ്പള്ളി സത്യാവസ്ഥ പരിശോധിക്കാതെ മാധ്യമ റിപ്പോര്‍ട്ടുകള്‍ മാത്രം പരിഗണിച്ചാണ് പരാതി നല്‍കിയതെന്നും എ.ജി പറയുന്നു. വിഷയം ചീഫ് ജസ്റ്റിന്റെ ശ്രദ്ധയില്‍പ്പെടുത്തുക മാത്രമായിരുന്നു ഉദ്ദേശമെങ്കില്‍ പരാതി മാധ്യമങ്ങള്‍ക്ക് എന്തിനാണ് ചോര്‍ത്തി നല്‍കിയതെന്നും ഇത് കോടതിയെ അപമാനിക്കുന്നതിന് വേണ്ടിയാണെന്നും എ.ജി ഉത്തരവില്‍ പറയുന്നു.
ചിറ്റിലപ്പള്ളിക്കെതിരെ മാധ്യമവാര്‍ത്തകള്‍ പോലെ ജഡ്ജി ഒരു പരാമര്‍ശവും നടത്തിയിട്ടില്ലെന്ന് നഷ്ടപരിഹാരക്കേസില്‍ ഹാജരായ അഭിഭാഷകന്‍ അഡ്വക്കേറ്റ് സജു. എസ് നായര്‍ കഴിഞ്ഞയാഴ്ച സത്യവാങ്മൂലം നല്‍കിയിട്ടുണ്ടെന്നും എ.ജി ചൂണ്ടിക്കാണിക്കുന്നു.