സംസ്ഥാനചരിത്രത്തിലെ ഏറ്റവും ഭീതിതമായ പ്രളയകാലം ഒരു ജനത അതിന്റെ സര്‍വ്വ തീവ്രതയോടെയും അനുഭവിച്ചിട്ട് മാസങ്ങള്‍ തികഞ്ഞതേയുള്ളൂ. 493 ജീവനുകള്‍, പതിനായിരക്കണക്കിന് കോടി രൂപയുടെ നാശനഷ്ടങ്ങള്‍, ഇപ്പോഴും സ്വാഭാവിക ജീവിതത്തിലെത്തിയിട്ടില്ലാത്ത പതിനായിരങ്ങള്‍, അതിന്റെയും നൂറു മടങ്ങായ തിരിച്ചെടുക്കാനാവാത്ത പാരിസ്ഥിതിക – ജൈവശൃംഖലയുടെ അതിഗുരുതരനാശങ്ങള്‍, മുങ്ങിയൊടുങ്ങിയ കൃഷിയിടങ്ങള്‍ വിളകള്‍, നികത്താനാവാത്ത ഭീമമായ ടൂറിസം വരുമാനനഷ്ടം തുടങ്ങി ഒരു കൊച്ചു സംസ്ഥാനത്തെ സാമ്പത്തികമായി പതിറ്റാണ്ട് പിറകിലേക്ക് വലിച്ചുകൊണ്ടുപോയ പ്രളയം ബാക്കിവച്ച ദുരിതങ്ങള്‍ നിരവധി.
എത്രയെളുപ്പമാണ് ആ കടുംപ്രളയദുരിതകാലം നമ്മള്‍ മറന്നുപോയത്. പാരമ്പര്യവിശ്വാസക്രമങ്ങളാല്‍ മണ്ണ് സംരക്ഷിച്ച, കാര്‍ഷികതയെ നെഞ്ചേറ്റിയ ഒരു ജനത നവകാലത്തിന്റെ പ്രകൃതിവിരുദ്ധ ഉപഭോക്തൃസംസ്‌കാരത്തിലേക്ക്, പ്രകൃതി ചൂഷണ വികസനത്തിലേക്ക് അന്ധമായി നടന്നു ചെന്നപ്പോള്‍ മനഃപൂര്‍വ്വം കൈയ്യൊഴിഞ്ഞ പാരിസ്ഥിതികപാഠങ്ങളുടെ, കാര്‍ഷിക പാഠങ്ങളുടെ തികട്ടലുകളാണ് യഥാര്‍ത്ഥത്തില്‍ പ്രളയമായി നുര പൊങ്ങിയത്. മലയൊലിപ്പായി, ഉരുള്‍പൊട്ടലായി ഉതിര്‍ന്നിറങ്ങിയത്.
പശ്ചിമഘട്ടത്തിനും അറബിക്കടലിനും മദ്ധ്യേ ലോകത്തിലെ തന്നെ അതിവിശിഷ്ടപരിസ്ഥിതി അനുകൂലനങ്ങളുള്ള നാടായ കേരളത്തില്‍ പ്രളയജലമൊഴിഞ്ഞ ആദ്യമാസങ്ങളില്‍ തന്നെ വരാനിരിക്കുന്ന കൊടുംവരള്‍ച്ചയുടെ ലക്ഷണങ്ങള്‍ കണ്ടുതുടങ്ങിയിരുന്നു. അന്ന് ചാലിയാറിലും പോഷകനദികളിലും ജലനിരപ്പ് ഭീതിതമായി താഴ്ന്നത് പ്രളയകാലം കഴിഞ്ഞ് രണ്ടാഴ്ച മാത്രം പിന്നിട്ടപ്പോള്‍. പ്രകൃതി നിരീക്ഷകര്‍ അഭിപ്രായപ്പെട്ടതുപോലെ മാസങ്ങള്‍ക്കിപ്പുറം മാര്‍ച്ച് ഏപ്രില്‍ മാസമാകുമ്പൊഴേക്കും ഭൂഗര്‍ഭജലനിരപ്പ് താഴ്ന്നത് ആറു മീറ്ററോളം.
ഉരുള്‍പൊട്ടലിന്റെ മദജലമാര്‍ത്തൊഴുകിയ ഇരിട്ടി ചീങ്കണ്ണിപ്പുഴയുള്‍പ്പെടെ വടക്ക് മലയുടഞ്ഞ ബ്രഹ്മഗിരിയുടെ താഴ് വാരങ്ങളോടൊപ്പം, പ്രളയമാര്‍ത്ത് പൊങ്ങിയ സംസ്ഥാനത്തെ മിക്ക പുഴകളും വറ്റിവരണ്ടു. ബാക്കിയിരിപ്പുള്ള വെള്ളകുഴികള്‍ സൂര്യന്റെ ചൂടിനെ ഇരട്ടിപ്പിക്കും വിധം സ്വാഭാവികജലസ്വഭാവം നശിച്ചവയായി. പകല്‍നേരം ജലോപരിതലം മുഴുക്കെ ഉഷ്ണജലമായി. മാറിമറിഞ്ഞ കാലാവസ്ഥയില്‍ ദിനാന്തരീക്ഷം അപ്പാടെ മാറിമറിഞ്ഞു. മാര്‍ച്ച് പകുതിവരെ പുലര്‍മഞ്ഞ് നീണ്ടപ്പോളും, പകല്‍ അത്യുഷ്ണത്താല്‍ ആളുകള്‍ വലഞ്ഞു.
ചൂടുകാലം എന്നത് പൊള്ളുന്ന തീവെയില്‍ക്കാലം എന്ന് തിരുത്തപ്പെട്ടു. മുപ്പത്തഞ്ച് മുതല്‍ പരമാവധി നൂറ്റിയിരുപത് കിലോമീറ്റര്‍ മാത്രം വീതിയുള്ള ഒരു കുഞ്ഞു സംസ്ഥാനത്തെ താപനില പശ്ചിമഘട്ടത്തിന്റെ തണുപ്പിനും കടല്‍ക്കാറ്റിനും പിടിച്ചുനിറുത്തുവാനുമായില്ല. അത് നാല്പതും കടന്ന് മുന്നോട്ട് കടന്നുകഴിഞ്ഞു. പുത്തന്‍ തലമുറയിലെ ശാസ്ത്രാധ്യാപകരോട് സൂര്യാഘാതം എന്ന വാക്കിന്റെ അര്‍ത്ഥം എന്താണെന്ന് പഴമക്കാര്‍ ചോദിക്കുകയാണ്. വയലിടത്തെ, വീട്ടുമുറ്റത്തെ, ഇടവഴിസഞ്ചാരങ്ങളില്‍ ഒരു മരത്തണലിനും കെടുത്താനാവാത്ത വെയില്‍പൊള്ളലിന്റെ കാരണം അവര്‍ക്ക് പുതുതായിരുന്നു.
പാരിസ്ഥിതികമായ തിരിച്ചറിവുകളുടെ നാളുകളാവും പ്രളയശേഷം എന്ന് നമ്മള്‍ ഏവരും പ്രതീക്ഷിച്ചു. ഗാഡ്ഗില്‍ റിപ്പോര്‍ട്ടിനെതിരെ കാടുകത്തിച്ച മലയോരരാഷ്ട്രീയക്കാരും, മൂന്നാര്‍ മണ്ണിലെ വെറിമൂത്ത അധിനിവേശവും, നെല്‍വയല്‍ – തണ്ണീര്‍ത്തടങ്ങളുടെ അനിയന്ത്രിത നികത്തലുകളും, പശ്ചിമഘട്ടത്തിലെ ആയിരത്തിലധികം അനധികൃത ക്വാറികളും പ്രളയാനന്തരം ഇനിയെങ്കിലും കര്‍ശനമായ പരിശോധനകള്‍ക്കും നിബന്ധനകള്‍ക്കും വിധേയമാകുമെന്നും നമ്മള്‍ കൂട്ടായി പ്രത്യാശിച്ചു. എന്നാല്‍ ഒന്നും സംഭവിച്ചില്ല.പകരം, പരിസ്ഥിതി വിരുദ്ധത ഒന്നുകൂടി ഉറപ്പിക്കുകയാണ് സര്‍ക്കാര്‍ ചെയ്തത്.
പ്രകൃതിവിരുദ്ധകടുംവെട്ട് തീരുമാനങ്ങളുടെ പേരില്‍ തുടരെ ആക്ഷേപിക്കപ്പെട്ട കഴിഞ്ഞ യു ഡി എഫ് സര്‍ക്കാരിനെതിരെ തിരഞ്ഞെടുപ്പ് വേളയില്‍ പരിസ്ഥിതിക്കൊരു വോട്ട് എന്നതായിരുന്നു ഇടതുപക്ഷത്തിന്റെ പ്രധാനപ്രചാരണം എന്നത് ഓര്‍ക്കുക. പരിസ്ഥിതിയെ പ്രധാന രാഷ്ട്രീയ ആയുധവുമായി തന്നെ മുന്‍കൂര്‍പ്പിച്ചെടുത്തു. ഫലമായി പ്രത്യക്ഷരാഷ്ട്രീയമില്ലായ്മയിലും പ്രകൃതിസ്‌നേഹികളും പരിസ്ഥിതിപ്രവര്‍ത്തകരും ശാസ്ത്രാധ്യാപകരും മുന്‍പെങ്ങുമില്ലാത്ത വിധം ഇടതുപക്ഷത്തിന്റെ വരവിനായി പരസ്യ പ്രചാരണത്തിനിറങ്ങുകയുമുണ്ടായി.
ഭരണമേറി ആയിരം ദിനങ്ങള്‍ കടക്കുമ്പോള്‍, രാജ്യം തിരഞ്ഞെടുപ്പിലേക്ക് വീണ്ടും കടക്കുമ്പോള്‍ ഇടതുപക്ഷസര്‍ക്കാര്‍ ഏറ്റവും കൂടുതല്‍ വിമര്‍ശനങ്ങള്‍ എല്‍ക്കുന്നത് പരിസ്ഥിതി വിരുദ്ധമായ തുടര്‍ നടപടികളുടെ കൂടി പശ്ചാത്തലത്തിലാണ്. മൂന്നാറില്‍ പാരിസ്ഥിതികമായും സാമൂഹികമായും ഒരു ഭരണകൂടസംവിധാനത്തിന്റെ ചരിത്രപരമായ ഇടപെടലാകുമായിരുന്ന കൈയേറ്റഭൂമി തിരിച്ചുപിടിക്കല്‍ പ്രക്രിയ പരിഹാസ്യമാം വിധം പാതിവഴിക്കും മുന്‍പേ നിര്‍ത്തേണ്ടതായി വന്നു. അന്ന് ശ്രീറാം വെങ്കട്ടരാമനെന്ന യുവ ഐ എ എസ്സുകാരന്റെ സ്ഥാനചലനം സോഷ്യല്‍ മീഡിയയിലുണ്ടാക്കിയ ചലനം ചെറുതല്ല.
പശ്ചിമഘട്ടത്തെ മുച്ചൂടും മുടിക്കുന്ന ക്വാറികളുടെ നിയന്ത്രിത അകലം വെറും 50 മീറ്ററാക്കി ചുരുക്കിയപ്പോള്‍ സംഭവിച്ചത് അനുമതിയില്ലാതെ കിടന്ന 1700 പുത്തന്‍ ക്വാറികള്‍ തുരന്നുപൊന്തി എന്നതായിരുന്നു. പ്രാദേശികമായ പഠനങ്ങളില്‍ തെളിഞ്ഞത് ആ ആനുകൂല്യം പോലുമില്ലാത്ത ആയിരത്തിലധികം ക്വാറികള്‍ പശ്ചിമഘട്ടത്തിലുടനീളം വേറെയുമുണ്ടെന്നതാണ്. വിത്ത് കിളിര്‍പ്പിക്കാനാവാതെ കുടിയേറ്റജനത കിട്ടിയ കാശിന് വിറ്റുപോകുന്ന മലത്തലപ്പുകളെല്ലാം ഇന്ന് അനധികൃത ക്വാറികളാണ്. ആ വിധ പ്രദേശങ്ങളാകമാനം മാഫിയാസമാനമായ നിരീക്ഷണങ്ങളാല്‍ ഭയാതീതമായി ഇന്നും പ്രവര്‍ത്തിക്കുന്നു.
വൃക്ഷസംരക്ഷണ നിയമഭേദഗതിയും, അനധികൃത നിര്‍മ്മാണസാധൂകരണവും മറ്റൊരു പരിഹാസ്യതയായി മാറി. എവിടെയും അനധികൃത നിര്‍മാണങ്ങള്‍ സാധ്യമാണെന്നും പില്‍ക്കാലത്ത് നാമമാത്രമായ പിഴയൊടുക്കിക്കൊണ്ട് സാധൂകരണം നേടിയെടുക്കാനാവും എന്ന ധൈര്യവും കൈയേറ്റവൃന്ദങ്ങള്‍ക്ക് ഉണ്ടാക്കിക്കൊടുക്കുവാന്‍ ഈ നടപടി സഹായകമായി.
ചെറിയ സംസ്ഥാനത്തെ വര്‍ദ്ധിത ജനപ്പെരുപ്പം മൂലം വാസസ്ഥാനങ്ങള്‍ക്കും, വ്യവസായങ്ങള്‍ക്കും വേണ്ടി സംരക്ഷിതഭൂനിയമങ്ങളില്‍ ഇളവ് വരുത്താം എന്ന ആലോചനയാണ് നെല്‍വയല്‍-തണ്ണീര്‍ത്തട സംരക്ഷണ നിയമഭേദഗതിയെന്ന ദയനീയ ഉത്തരവ്. രാജ്യത്തിന് തന്നെ മാതൃകയായി 2008ല്‍ വി എസ് സര്‍ക്കാര്‍ കൊണ്ടുവന്ന പൊന്നരിവാള്‍ നിയമമായിരുന്നു അതെന്നോര്‍ക്കണം. ഈ ഭരണത്തില്‍ പിണറായി സര്‍ക്കാര്‍ കൊണ്ടുവന്ന ഈ ഭേദഗതി റദ്ദാക്കണം എന്നാവശ്യപ്പെട്ട് 2018 ആഗസ്ത് 12ന് കേരളത്തിലെ സകല പരിസ്ഥിതി-കര്‍ഷക സംഘടനകളും കൂടി സംഘടിപ്പിച്ച കണ്‍വെന്‍ഷന്‍ മാറ്റിവെക്കേണ്ടി വന്നത് ഇതേ പ്രളയത്താല്‍ ആയിരുന്നെന്നത് കൂടി കൂടെ ഓര്‍ക്കാം.
നാലരപതിറ്റാണ്ട് കൊണ്ട് ഇല്ലാതായ ഏഴുലക്ഷത്തിലധികം ഹെക്ടര്‍ നീരിടങ്ങള്‍ക്കും മേലെയാണീ ഭേദഗതി നീളുന്നത്.ബാക്കിയിരിപ്പുള്ള ഒന്നര ലക്ഷത്തില്‍ നിന്നും നിരന്തരം പുറത്താക്കപ്പെടുന്നവ നിരീക്ഷിച്ചാല്‍, പൊതുആവശ്യങ്ങള്‍ക്ക് എത്ര വയലിടങ്ങളും നികത്താമെന്നുള്ള ഭേദഗതികള്‍ പ്രധാനമായും കീഴാറ്റൂരിനെയും കണ്ടങ്കാളിയെയും ലക്ഷ്യമിട്ടുള്ളവയായിരുന്നെന്നും കാണാനാവും. പശ്ചിമ ഘട്ടവും, ഇടനാടന്‍ ചെങ്കല്‍കുന്നുകളും, തണ്ണീര്‍ത്തടങ്ങളും വയലുകളും പുഴകളും അഴിമുഖങ്ങളും ചേരുന്ന അസാധാരണമായ ഒരു ഭൂവ്യവസ്ഥയ്ക്ക് വികസനമെന്ന ഒറ്റവാക്കിന്റെ മൂക്കുകയര്‍ മതിയാക്കില്ലെന്ന് ഈ വെള്ളപ്പൊക്കദുരന്തങ്ങളാലെങ്കിലും നിയമ ഭേദഗതികളുടെ വക്താക്കള്‍ തിരിച്ചറിയേണ്ടതുണ്ട്. ഒരു ഹെക്ടര്‍ വയലിന് എട്ടു ലക്ഷം ലിറ്റര്‍ വെള്ളം ഉള്‍ക്കൊള്ളാനുള്ള ശേഷിയുണ്ടെന്നിരികെ നികത്തിയ ഏഴു ലക്ഷത്തിലധികം ഹെക്ടര്‍ വയലുകളിലെ വെള്ളം എങ്ങോട്ട് പോകാനാണ്. വേനലില്‍ വരള്‍ച്ചാബാധിതമാക്കുന്ന മഴയില്‍ വെള്ളപ്പൊക്ക മേഖലയാകുന്ന പുത്തന്‍ പാരിസ്ഥിതിക ഗതികേടിലേക്ക് കേരളത്തെ നടത്തിക്കുന്നതാരാണ്.
ഒരു അതിപ്രളയം കഴിഞ്ഞയുടനെയായിരുന്നു കീഴാറ്റൂര്‍ വയലിന്റെ അവസാന നാളുകള്‍ രേഖപ്പെടുത്തപ്പെട്ടത്. ശേഷം ഇന്ന് കണ്ടങ്കാളിയിലെ 86 ഏക്കര്‍ അതീവലോല തണ്ണീര്‍ത്തടം നികത്തുവാനുള്ള ഉത്തരവ് ഇറങ്ങുമ്പോള്‍ കവ്വായി തീരത്തെ സ്വാഭാവിക ജൈവവ്യവസ്ഥ മാത്രമല്ല തകരുന്നത്. നികത്താന്‍ വേണ്ടുന്നതായ ലക്ഷക്കണക്കിന് ലോഡ് മണ്ണിനു വേണ്ടി കൊല ചെയ്യേണ്ടി വരുന്ന കണ്ണൂര്‍ ജില്ലയിലെ നൂറുകണക്കിന് കുന്നുകള്‍ കൂടിയാണ്. ഇലക്ട്രിക്ക് വാഹനങ്ങളുടെ കടന്നുവരവിലും പെട്രോളിയം സംഭരണശാല ആവര്‍ത്തിക്കുന്നതിലെ വൈരുദ്ധ്യം നിലനില്‍ക്കുമ്പോള്‍ തന്നെ, കണ്ടങ്കാളിയില്‍ വരാനിരിക്കുന്നത് വന്‍കിട പെട്രോളിയം ശുദ്ധീകരണ ശാലയാണെന്ന വാര്‍ത്തകളാണ് ഇപ്പോള്‍ പുറത്ത് വരുന്നത്.
കടുംവെട്ട് തീരുമാനങ്ങള്‍ക്കിടയിലും ജനകീയ പ്രക്ഷോഭങ്ങള്‍ക്ക് കീഴടങ്ങുന്ന നല്ലവഴക്കം കഴിഞ്ഞ ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ കാണിച്ചിരുന്നു എന്നത് നിഷേധിക്കാനാവാത്ത വസ്തുതയാണ്. ബിജെപിയും ഇടതുപക്ഷവും ഒറ്റക്കെട്ടായി നിന്ന് സമരം ചെയ്ത് നിര്‍ത്തിച്ച ചരിത്രം ആറന്മുളയുടേതാണ്. എന്നാല്‍ ഇന്ന് ആറന്‍മുളയ്ക്ക് പകരം നിത്യഹരിതവനത്തില്‍ എരുമേലി വിമാനത്താവളം ഉയിര്‍ക്കുമ്പോള്‍ വ്യത്യാസം വയലിടത്തിന് പകരം വനഗര്‍ഭം തുരക്കപ്പെടും എന്നത് മാത്രവുമാണ്.
വലത് ഭരണത്തിലെ വലംകാല്‍ മന്ത്, ഇടത് ഭരണത്തില്‍ ഇടം കാലിലേക്കെന്ന് മാത്രം. വീണ്ടും കിളിര്‍ത്ത അതിരപ്പിള്ളി ചര്‍ച്ചകളും, ആലപ്പാടും, പെരിങ്ങമലയും തുടങ്ങി പലതായിനീളുന്ന പാരിസ്ഥിതിക ആശങ്കകള്‍ നിറഞ്ഞ ആയിരം ദിനങ്ങളാണ് ഈ ഭരണകാലത്ത് കടന്നു പോകുന്നത്. ഇവയെല്ലാംതന്നെ കൂട്ടിവായിച്ചാല്‍ കിട്ടുന്ന കുറെ ഉത്തരങ്ങളുണ്ട്.അതാണ് വെള്ളപ്പൊക്കമായും, മലയിടിച്ചിലായും ഒരു ജനതയ്ക്ക് മേല്‍ പതിച്ചുകൊണ്ടിരിക്കുന്നതും.
ഒരു നിയമനിര്‍മ്മാണത്തിനാല്‍ നിയന്ത്രിതമാക്കാവുന്നതും, ഓരോ ഭേദഗതിയാലും ഇരട്ടിക്കുന്നതുമായ പ്രകൃത്യാധിഷ്ഠിതമായ പ്രത്യാഘാതങ്ങളെ, അതീവഗുരുതരാവസ്ഥയെന്ന സ്റ്റേറ്റ്‌മെന്റിനാലോ, ഗാഡ്ഗിലിനെ ഓടിച്ചു വിട്ടിടത്തേക്ക് പട്ടാളത്തെ ഇറക്കിയതിനാലോ തിരിച്ചെടുക്കാനാവില്ല, പൗരധര്‍മ്മമനുസരിച്ച് വൃഥാ അടിച്ചിറക്കുന്ന അനുശോചനക്കുറിപ്പുകളാല്‍ തിരിച്ചെടുക്കാനാവാത്ത കുറെ ജീവനുകളുണ്ടതില്‍. ഒരു പ്രളയകാലത്ത് മാതൃകാപരമായി തികഞ്ഞ അസാധാരണ സംയമനത്തോടെ മൂന്നരക്കോടിയെ നയിച്ച-നിയന്ത്രിച്ച പാടവം, പ്രളയാനന്തര കേരളത്തിന്റെ പാരിസ്ഥിതിക നയങ്ങള്‍ നിശ്ചയിക്കുന്നതിലും പാലിക്കുന്നതിലും ഒരു മുഖ്യമന്ത്രി കാണിക്കേണ്ടതുണ്ട്.
പശ്ചിമഘട്ടം കുടിച്ചുവയ്ക്കുന്ന കോടമഴ ഉറവായിറ്റാണ് വേനലില്‍ താഴ്വാരം തളിര്‍ക്കുന്നതെന്ന, ഇടനാടന്‍ ചെങ്കല്‍കുന്നുകളിലെ ജലശേഖരമാണ് വേനലില്‍ വടക്കിന്റെ വയലിടങ്ങളുടെ നീരുറവകളെന്ന പ്രായോഗിക ബുദ്ധി, മലയായ മല മുച്ചൂടും തുരന്നുമുടിക്കുന്നവര്‍ക്കില്ലെങ്കിലും ഒരു ഭരണകൂടസംവിധാനത്തിന് അതുണ്ടാകേണ്ടതുണ്ട്.
കേരളീയപാരിസ്ഥിതിക ഘടനയില്‍ വയലിനാല്‍ സംസ്‌കരിക്കപ്പെടുന്ന മഴശേഖരത്തെയും 44 നദികളുയിര്‍പ്പിക്കുന്ന ജീവശൃംഖലയേയും ഉള്‍ക്കൊണ്ട് നയരൂപീകരണം നടക്കേണ്ടതുണ്ട്. ആഗോളതാപനമെന്ന അറുപഴഞ്ചന്‍ പ്രയോഗം തീപ്പൊള്ളലായി തലയ്ക്ക് മുകളില്‍ വരുമ്പോളെങ്കിലും, ഭൂജലം അതിന്റെ പൊക്കിളറ്റ്
ഗര്‍ഭസ്ഥലികളില്‍ നിന്നും വീണ്ടും വീണ്ടും കീഴേക്ക് അകന്നുകൊണ്ടിരിക്കുമ്പൊഴെങ്കിലും അതിന്റെ ഗുരുതരാവസ്ഥ നമ്മെയാകെ ചിന്തിപ്പിക്കേണ്ടതുണ്ട്.
പ്രളയാനന്തര നവകേരള നിര്‍മ്മാണമെന്നാല്‍ തകര്‍ന്ന പാലങ്ങളും കെട്ടിടങ്ങളും പഴയതിനേക്കാള്‍ ഉറപ്പില്‍ സ്ഥാപിക്കുകയെന്നതാവരുത്. മറിച്ച് നമുക്ക് നഷ്ടപ്പെട്ട സ്വാഭാവിക പരിസ്ഥിതിയുടെ പുനഃസംസ്ഥാപനമാവണമത്. തികച്ചും ഉപരിപ്ലവമായ രാഷ്ട്രീയ ചര്‍ച്ചകള്‍ കൊണ്ടോ, മതബന്ധിതവാഗ്വാദങ്ങള്‍ കൊണ്ടോ, അതിവേഗവികസനവാക്യംകൊണ്ടോ ഒളിച്ചുവെക്കാവുന്ന ഒന്നായിരുന്നില്ല കഴിഞ്ഞ പ്രളയകാലം, ഇപ്പോളും പാതിവഴി എത്തിയിട്ടില്ലാത്ത പുനരധിവാസചര്‍ച്ചകളോടൊപ്പം തന്നെ നിലനില്‍പ്പിന്റെ പാരിസ്ഥിതികരാഷ്ട്രീയം പൊതുസമൂഹം ചര്‍ച്ചചെയ്തു തുടങ്ങണം.
പശ്ചിമഘട്ടത്തിലെ മലതുരന്ന് പാര്‍ക്ക് പണിഞ്ഞ, കായല്‍ നികത്തി റിസോര്‍ട്ട് വികസിപ്പിച്ച, മൂന്നാര്‍ കൈയ്യേറ്റങ്ങള്‍ക്ക് ചൂട്ട് പിടിക്കുന്ന എന്ന് തുടങ്ങി വസ്തുതാപരമായി കുറ്റാരോപിത ജനപ്രതിനിധികളുള്ളപ്പോള്‍ ഇടതുപക്ഷത്തിന് പ്രാഥമികമായി തന്നെ പ്രകൃതിവിരുദ്ധമുഖം ചാര്‍ത്തപ്പെടുക സ്വാഭാവികം. എങ്കിലും, പരിസ്ഥിതി വിഷയങ്ങളില്‍ ഇടതുപക്ഷത്തിനോളം ഇടപെടലുകള്‍ മറ്റാര്‍ക്കും സാധിക്കില്ലെന്ന ബോധ്യം ബാക്കിയിരിപ്പുള്ളവരെ ഉള്‍ക്കൊള്ളാന്‍, ഇനിയെങ്കിലും സമകാലിക ഇടതുപക്ഷത്തിനു സാധ്യമാകേണ്ടതുണ്ട്