| Tuesday, 5th November 2019, 9:00 pm

കെ.എ.എസ് നിങ്ങള്‍ക്കറിയേണ്ടതെല്ലാം

ഡൂള്‍ന്യൂസ് ഡെസ്‌ക്

കേരള അഡ്മിനിസ്ട്രേറ്റീവ് സര്‍വീസ്- കെ.എ.എസിനായി കാത്തിരിക്കുകയാണ് ഉദ്യോഗാര്‍ത്ഥികള്‍. കെ.എ.എസിന്റെ പ്രാഥമിക പരീക്ഷ 2020 ഫെബ്രുവരിയില്‍ നടത്തുമെന്ന് പി.എസ്.സി അറിയിച്ചിട്ടുണ്ട്. 2019 ഡിസംബര്‍ നാലാണ് അപേക്ഷ അയക്കേണ്ട അവസാന തിയതി.

കെ.എ.എസ് ഓഫീസര്‍ ജൂനിയര്‍ സ്‌കെയിലിലേക്കുള്ള അപേക്ഷയാണ് പി.എസ്.എസി പുറപ്പെടുവിച്ചിരിക്കുന്നത്. 3 സ്ട്രീമുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. 21 വയസു മുതല്‍ 32 വയസുവരെ പ്രായമുള്ളവര്‍ക്ക് അതായത് 02.01.1987 നും 1.1.98 നും ഇടയില്‍ ജനിച്ചവര്‍ക്ക് സ്ട്രീം 1 ലേക്ക് അപേക്ഷ സമര്‍പ്പിക്കാം

സ്ട്രീം 2 ലേക്ക് 21 വയസിനും 40 വയസിനും ഇടയിലുള്ളവര്‍ക്ക് അതായത് 2.1.1979 നും 1.1.1998 നും ഇടയില്‍ ജനിച്ചവര്‍ക്ക് അപേക്ഷിക്കാം. സ്ട്രീം 3 ലേക്ക് 2019 ജനുവരി 1 ന് 50 വയസ് പൂര്‍ത്തിയാകാത്തവര്‍ക്ക് അപേക്ഷിക്കാം

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

എങ്ങനെയാണ് പരീക്ഷയുടെ ഘടന, ഏതൊക്കെ സിലബസില്‍ നിന്നാണ് ചോദ്യങ്ങള്‍ തുടങ്ങി കെ.എ.എസ് പ്രാഥമിക പരീക്ഷയുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും ഉദ്യോഗാര്‍ത്ഥികള്‍ക്കായി ചുവടെ കൊടുക്കുന്നു.

ആദ്യപരീക്ഷയില്‍ മലയാളത്തില്‍ ചോദ്യങ്ങള്‍ ഉണ്ടാകില്ല. ഒ.എം.ആര്‍ രീതിയിലാണ് പരീക്ഷ നടക്കുക. ഒന്നാം പേപ്പറിന് (ജനറല്‍) 100 മാര്‍ക്കും രണ്ടാം പേപ്പറില്‍ പൊതുവിജ്ഞാനത്തിന് 50 മാര്‍ക്കുമാണ് നല്‍കുന്നത്.

ഭരണഭാഷ, പ്രാദേശിക ഭാഷാ നൈപുണ്യത്തിന് അതായത് മലയാളം/ തമിഴ്/ കന്നട 30, ഇംഗ്ലീഷ് നൈപുണ്യത്തിന് 20 എന്നിങ്ങനെയാണ് മാര്‍ക്ക്.

പ്രാഥമിക ഭാഷ സ്‌ക്രീനിങ് ടെസ്റ്റ് മാത്രമായിരിക്കും. രണ്ട് മണിക്കൂര്‍ ദൈര്‍ഘ്യമുള്ള പ്രധാന പരീക്ഷയില്‍ 100 മാര്‍ക്കിന്റെ മൂന്ന് പേപ്പറുണ്ട്. സംവരണ സമുദായങ്ങള്‍ക്കുള്ള ഇളവ് കൂടി പരിഗണിച്ച് പ്രാഥമിക പരീക്ഷയുടെ അടിസ്ഥാനത്തില്‍ പ്രധാന പരീക്ഷയ്ക്കുള്ള ഏകീകൃത യോഗ്യതാ ലിസ്റ്റ് പ്രസിദ്ധീകരിക്കും.

അഭിമുഖത്തിന് 50 മാര്‍ക്കാണ്. ഇത് കൂടി ഉള്‍പ്പെടുത്തി 350 മാര്‍ക്കാണ് അന്തിമ റാങ്ക് നിര്‍ണയത്തിന് പരിഗണിക്കുക.

കെ.എ.എസിനായി എന്തൊക്കെ പഠിക്കണം.?

ചരിത്രത്തെക്കുറിച്ചുള്ള ധാരണ എല്ലാ പരീക്ഷകള്‍ക്കെന്നപോലെ കെ.എ.എസിനും ബാധകമാണ്. ഇന്ത്യാ, കേരള ചരിത്രവും ലോക ചരിത്രവും ഉദ്യോഗാര്‍ത്ഥികള്‍ ശ്രദ്ധിക്കണമെന്നാണ് പി.എസ്.സി പുറത്തിറക്കിയ ജനറല്‍ ഒന്നാം പേപ്പറിന്റെ സിലബസില്‍ പറയുന്നത്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

ഇന്ത്യാ- കേരള ചരിത്രം

പ്രാചീന, മധ്യ കാലഘട്ടത്തിലെ പ്രധാന സംഭവങ്ങള്‍, കല, സംസ്‌കാരം, സാഹിത്യം, വാസ്തുവിദ്യ, സാമൂഹ്യ, സാമ്പത്തിക, മതപരമായ സാഹചര്യങ്ങള്‍, മുന്നേറ്റങ്ങള്‍, പ്രധാന രാജവംശങ്ങള്‍ തുടങ്ങിയവ ശ്രദ്ധിക്കണം

ആധുനിക കാലഘട്ടത്തില്‍ 18ാം നൂറ്റാണ്ട് മുതലുള്ള ഇന്ത്യാ ചരിത്രം, പ്രധാന സംഭവങ്ങള്‍, വ്യക്തികള്‍, പ്രശ്‌നങ്ങള്‍, സ്വാതന്ത്ര്യസമരം, 19, 20 നൂറ്റാണ്ടുകളിലെ സാമൂഹിക, മത പരിഷ്‌കരണങ്ങള്‍, ഇതിനായുള്ള മുന്നേറ്റങ്ങള്‍, സ്വാതന്ത്ര്യാനന്തര ഇന്ത്യ, സ്വാതന്ത്ര്യാനന്തര ഇന്ത്യയുടെ സംയോജനവും ഏകീകരണവും, സ്വതന്ത്ര ഇന്ത്യയും അയല്‍രാജ്യങ്ങളും എന്നിവയെക്കുറിച്ച് ഉദ്യോഗാര്‍ത്ഥികള്‍ക്ക് ധാരണയുണ്ടായിരിക്കണം

സ്വാതന്ത്ര്യത്തിന് മുമ്പുള്ള സാമൂഹിക, രാഷ്ട്രീയ മുന്നേറ്റങ്ങള്‍, കേരള സംസ്ഥാനത്തിന്റെയും രാഷ്ട്രീയ പാര്‍ടികളുടെയും രൂപീകരണം, സര്‍ക്കാരുകള്‍, പ്രധാന നിയമനിര്‍മാണങ്ങള്‍, നയങ്ങള്‍ എന്നിവയാണ് കേരള ചരിത്രത്തില്‍ ശ്രദ്ധിക്കേണ്ടത്.

18ാം നൂറ്റാണ്ട് മുതലുള്ള ലോകചരിത്രം: വ്യാവസായിക വിപ്ലവം, ലോകമഹായുദ്ധങ്ങള്‍, രാജ്യാതിര്‍ത്തികളുടെ പുനര്‍നിര്‍ണയം, കോളനിവല്‍ക്കരണവും വിമോചനവും, ആഗോളവല്‍ക്കരണം, കമ്യൂണിസം, മുതലാളിത്തം, സോഷ്യലിസം, ഈ സിദ്ധാന്തങ്ങള്‍ സമൂഹത്തിലുണ്ടാക്കിയ സ്വാധീനം തുടങ്ങിയവയാണ് ലോകചരിത്രത്തില്‍ ഉള്‍പ്പെടുന്നത്.

കേരളത്തിന്റെ സാംസ്‌കാരിക പൈതൃകവും പ്രാഥമിക പരീക്ഷയില്‍ ഉദ്യോഗാര്‍ത്ഥികള്‍ ശ്രദ്ധിക്കേണ്ട വിഷയമാണ്. തനത് കലാരൂപങ്ങള്‍, സാഹിത്യം, ശില്‍പ്പകല, വാസ്തുവിദ്യ, ഗോത്ര സംസ്‌കാരം, തീര്‍ത്ഥാടന- വിനോദസഞ്ചാര കേന്ദ്രങ്ങള്‍, നാടോടി സംസ്‌കാരം, സിനിമ, നാടകം, മലയാള സാഹിത്യ ചരിത്രവും മുന്നേറ്റവും തുടങ്ങിയവ സാംസ്‌കാരിക പൈതൃകത്തില്‍ ഉള്‍പ്പെടും.

ഇന്ത്യന്‍ ഭരണഘടന, കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെ ഘടന, പ്രവര്‍ത്തനം, അധികാരങ്ങള്‍, ഉത്തരവാദിത്തങ്ങള്‍. ഫെഡറല്‍ സംവിധാനവും അത് നേരിടുന്ന വെല്ലുവിളികള്‍, പ്രാദേശിക ഭരണ സംവിധാനങ്ങളുമായുള്ള അധികാര, സാമ്പത്തിക പങ്കുവയ്ക്കലും അതിലുണ്ടാകുന്ന പ്രശ്‌നങ്ങളും ഉദ്യോഗാര്‍ത്ഥികള്‍ അറിഞ്ഞിരിക്കണം.

ഭരണഘടനാ സ്ഥാപനങ്ങള്‍, അവയുടെ ചുമതലകള്‍, അധികാരങ്ങള്‍, പഞ്ചായത്തീരാജ്, പബ്ലിക് പോളിസി ആന്‍ഡ് ഗവേണന്‍സ്, ഉദാരവല്‍ക്കരണം, സ്വകാര്യവല്‍ക്കരണം, ആഗോളവല്‍ക്കരണം എന്നിവ ഭരണത്തിലുണ്ടാക്കിയ അനന്തരഫലങ്ങള്‍. വനിതാ, മനുഷ്യാവകാശ, ബാലാവകാശ, പട്ടികജാതി പട്ടികവര്‍ഗ കമിഷനുകള്‍, ഈ വിഷയങ്ങളിലെ അവകാശ സംരക്ഷണം, നിയമങ്ങള്‍. ക്വാസി ജുഡീഷ്യല്‍ ഫോറങ്ങള്‍. ഇന്ത്യയുടെ വിദേശനയം, രാജ്യാന്തര സംഘടനകള്‍, അന്തര്‍ദേശീയ ഉടമ്പടികള്‍, സംവിധാനങ്ങള്‍, ഇവയുടെ ഘടന, അധികാര പരിധി എന്നിവയെക്കുറിച്ച് ഉദ്യോഗാര്‍ത്ഥികള്‍ക്ക് കൃത്യമായ ധാരണ ഉണ്ടായിരിക്കണം

ഇന്ത്യയിലെ ജുഡീഷ്യല്‍ സംവിധാനത്തിന്റെ ഘടന, പ്രവര്‍ത്തനം, അടിയന്തരാവസ്ഥയും ഭരണഘടനാ ഭേദഗതികളുമായി ബന്ധപ്പെട്ട പ്രധാന വ്യവസ്ഥകള്‍, പൊതുതാല്‍പ്പര്യ ഹര്‍ജികള്‍, ജുഡീഷ്യല്‍ റിവ്യൂ, ലാന്‍ഡ് റവന്യൂ നിയമങ്ങള്‍, മൗലിക അവകാശങ്ങള്‍, കടമകള്‍, ഡയറക്ടീവ് പ്രിന്‍സിപ്പിള്‍സ്, അഡ്മിനിസ്‌ട്രേറ്റീവ് ലോ തുടങ്ങിവയില്‍ നിന്നുള്ള ചോദ്യങ്ങള്‍ പ്രതീക്ഷിക്കാം.

ലോജിക്കല്‍ റീസണിങ് ആന്‍ഡ് അനലിറ്റിക്കല്‍ എബിലിറ്റി, നമ്പര്‍ സീരീസ്, കോഡിങ്, ഡീകോഡിങ്, വെന്‍ ഡയഗ്രം, സിമ്പിള്‍ അരിത്തമെറ്റിക്, ക്ലോക്ക്, കലണ്ടര്‍, എയ്ജ് അധിഷ്ഠിതമായ ചോദ്യങ്ങള്‍ കെ.എ.എസിലുണ്ടാകും.

സൗരയൂഥം, ഭൂമിയുടെ ചലനം, സമയം, ഋതുക്കള്‍, ഭൂമിയുടെ ആന്തരിക ഘടന, അന്തരീക്ഷ ഘടന, കാലാവസ്ഥ, എയര്‍മാസ്സസ് ആന്‍ഡ് ഫ്രണ്ട്‌സ്, അന്തരീക്ഷ ക്ഷോഭങ്ങള്‍, സമുദ്രങ്ങള്‍, ജലദുരന്തങ്ങള്‍. കേരളത്തിന്റെയും ഇന്ത്യയുടെയും ലോകത്തിന്റെയും ഭൗതിക, സാമൂഹിക, സാമ്പത്തിക ഭൂമീശാസ്ത്രം, സുനാമി, അഗ്നിപര്‍വതങ്ങള്‍, ഭൂചലനം, മണ്ണിടിച്ചില്‍, പ്രളയം തുടങ്ങി ഭൂമിശാസ്ത്രപരമായ ധാരണ ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഉണ്ടാകേണ്ടതാണ്.

കെ.എ.എസ് വിജ്ഞാപനവുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ httsp://www.keralapsc.gov.in എന്ന വെബ്സൈറ്റില്‍ ലഭ്യമാണ്.

Kerala Administrative Service; All you want to know | Application Form

We use cookies to give you the best possible experience. Learn more