2018 മുതല്‍ കേരളത്തില്‍ കേരള അഡ്മിനിസ്‌ട്രേറ്റീവ് സര്‍വീസ്(കെ.എ.എസ്) എന്ന പേരില്‍ സ്റ്റേറ്റ് സിവില്‍ സര്‍വീസ് സമ്പ്രദായം യാഥാര്‍ഥ്യമാവുകയാണല്ലോ? ഇതുപക്ഷേ, സംവരണവ്യവസ്ഥകളെ പൂര്‍ണമായും ഉള്‍ക്കൊള്ളാതെയാണ് നടപ്പിലാക്കുന്നത് എന്നത് ഏറെ ആശങ്കാജനകമാണ്. ഭരണ നിര്‍വഹണത്തിന്റെ പ്രധാന തലങ്ങളിലേക്ക് യുവതയെ പ്രതിഷ്ഠിക്കുന്നതിലൂടെ കൂടുതല്‍ കാര്യക്ഷമമായ ജനപക്ഷ സിവില്‍ സര്‍വീസ് സൃഷ്ടിക്കുകയാണല്ലോ കെ.എ.എസിന്റെ ലക്ഷ്യം.
സെക്രട്ടറിയേറ്റ് ഉള്‍പ്പെടെയുള്ള മുപ്പതോളം വകുപ്പുകളില്‍ ഗസറ്റഡ് തസ്തികകളിലെ 10% ഒഴിവുകളാണ് കെ.എ.എസ് വഴി നികത്താന്‍ പോകുന്നത്. ഐ.എ.എസ്സിന്റെ ഫീഡര്‍ തസ്തികയായി കെ.എ.എസ് മാറുന്നു എന്നു സാരം. ഐ.എ.എസ്സിലേക്കുള്ള സംസ്ഥാന സിവില്‍ സര്‍വീസ് ക്വാട്ട വര്‍ഷങ്ങളായി ഒഴിഞ്ഞുകിടക്കുകയാണല്ലോ? ഈ കാലതാമസം കെ.എ.എസ് വരുന്നതോടുകൂടി അപ്രസക്തമാകും എന്നു വിലയിരുത്തപ്പെടുന്നു.
ഗവണ്‍മെന്റ് സെക്രട്ടറിയേറ്റിലെ അണ്ടര്‍ സെക്രട്ടറി, റവന്യൂ വകുപ്പിലെ ഡെപ്യൂട്ടി കളക്ടര്‍, ജില്ലാ ട്രഷറി ഓഫീസര്‍, ജില്ലാ രജിസ്ട്രാര്‍,ഡി.ഇ.ഒ, നികുതി വകുപ്പിലെ അസിസ്റ്റന്റ് കമ്മീഷണര്‍ മുതലായ തസ്തികകളിലെ 10% ഒഴിവുകളിലേക്ക് ഇനി മുതല്‍ കെ.എ.എസ് വഴിയായിരിക്കും നിയമനം നടക്കുക. ചുരുക്കത്തില്‍ ഐ.എ.എസിന് താഴെ അധികാര കേന്ദ്രത്തിന്റെ വലിയൊരു നിരയായിരിക്കും കെ.എ.എസ്സിലൂടെ രൂപം കൊള്ളാന്‍ പോകുന്നത്.
കേരളത്തെ സംബന്ധിച്ചിടത്തോളം ഒരു ചിരകാല സ്വപ്നമായിരുന്നു ഐ.എ.എസിന്റെ മാതൃകയില്‍ കേരള അഡ്മിനിസേട്രറ്റിവ് സര്‍വീസ് രൂപീകരിച്ച് ഭരണനിര്‍വഹണം കാര്യക്ഷമമാക്കുക എന്നത്. ഇന്ത്യയില്‍ മിക്ക സംസ്ഥാനങ്ങളിലും സ്റ്റേറ്റ് സിവില്‍ സര്‍വീസ് സംവിധാനം നിലവിലുള്ളപ്പോള്‍ പല കാരണങ്ങളാല്‍ കേരളത്തില്‍ ഇതു നടപ്പിലാക്കാന്‍ കാലതാമസം നേരിടുകയായിരന്നു. വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഭരണപരിഷ്‌കാര വകുപ്പ് ഇതു സംബന്ധിച്ച് ശിപാര്‍ശ നല്‍കിയെങ്കിലും വര്‍ഷങ്ങളോളം ഇതു സംബന്ധിച്ച് തുടര്‍ നടപടികള്‍ ഉണ്ടായില്ലെന്നു മാത്രമല്ല ശിപാര്‍ശകള്‍ വിസ്മരിക്കപ്പെട്ട അവസ്ഥയിലുമായിരുന്നു. ഒടുവില്‍, 2018-ല്‍ സര്‍ക്കാര്‍ കെ.എ.എസ് നടപ്പിലാക്കാന്‍ തീരുമാനിക്കുകയായിരുന്നു.
ഗവണ്‍മെന്റ് അംഗീകരിച്ച സ്‌പെഷ്യല്‍ റൂള്‍സ് പ്രകാരം മൂന്ന് തലങ്ങളിലായിട്ടായിരിക്കും കെ.എ.എസിലേക്ക് നിയമനം നടക്കുക. മൂന്ന് തലങ്ങളിലേക്കും പി.എസ്.സി തന്നെ പരീക്ഷ നടത്തിയായിരിക്കും നിയമനം നടത്തുക എന്ന പ്രത്യേകതയുമുണ്ട്. സ്ട്രീം – 1 – ല്‍ നേരിട്ടുള്ള നിയമനമായിരിക്കും നടത്തുക. ബിരുദധാരികളായ 21-നും 32-നും മധ്യേ പ്രായമുള്ള ഏതൊരു ഉദ്യോഗാര്‍ഥിക്കും സ്ട്രീം – 1 -ലേക്ക് അപേഷിക്കാവുന്നതാണ്. നിലവിലെ ചട്ടങ്ങള്‍ക്കനുസൃതമായി പട്ടിക, പിന്നോക്ക വിഭാഗങ്ങള്‍ക്ക് യഥാക്രമം 5 വര്‍ഷം, 3 വര്‍ഷം എന്നിങ്ങനെ പ്രായത്തില്‍ ഇളവ് ലഭിക്കും. സ്ട്രീം – 2 -ല്‍ ബൈ ട്രാന്‍സ്ഫര്‍ വഴിയായിരിക്കും നിയമനം നടത്തുക. സര്‍ക്കാര്‍ സര്‍വീസിലെ ബിരുദധാരികളായ നോണ്‍ ഗെസറ്റഡ് ജീവനക്കാര്‍ക്കാണ് ഈ സ്ട്രീമിലേക്ക് അപേക്ഷിക്കാന്‍ കഴിയുക.
ഈ സ്ട്രീമിലും ദലിത് , ആദിവാസി, പിന്നോക്ക വിഭാഗങ്ങള്‍ക്ക് നേരത്തെ സൂചിപ്പിച്ചത് പോലെ നിയമാനുസൃത വയസ്സിളവ് ലഭിക്കും. സ്ട്രീം-3-ലും ബൈ ട്രാന്‍സ്ഫര്‍ നിയമനം തന്നെയാണ് ശിപാര്‍ശ ചെയ്യപ്പെട്ടിട്ടുള്ളത്. നിലവില്‍ സര്‍ക്കാര്‍ സര്‍വീസില്‍ ജോലി ചെയ്യുന്ന ഗെസറ്റഡ് തസ്തികകളിലുള്ള ജീവനക്കാര്‍ക്ക് മാത്രമെ സ്ട്രീം – 3 -ല്‍ അപേക്ഷിക്കാന്‍ കഴിയൂ എന്ന പ്രത്യേകതയുമുണ്ട്. ഈ സ്ട്രീമില്‍ ദലിത്, ആദിവാസി ,പിന്നോക്ക വിഭാഗങ്ങള്‍ക്ക് വയസ്സിളവ് അനുവദനീയമല്ലെന്ന് മാത്രമല്ല അപേക്ഷകന് 50 വയസ്സ് തികയാന്‍ പാടില്ലെന്ന നിബന്ധനയുമുണ്ട്.
കെ.എ.എസ് നിയമനവുമായി ബന്ധപ്പെട്ട് തയ്യാറാക്കിയ സെക്രട്ടറി തല സമിതിയുടെ കരടില്‍ സ്ട്രീം – 1 ലും സ്ട്രീം – 2 ലും ആദ്യം സംവരണതത്വങ്ങള്‍ പാലിക്കപ്പെടണമെന്ന് നിര്‍ദ്ദേശിക്കപ്പെട്ടിരുന്നു. സമതിതല കരട് റിപ്പോര്‍ട്ട് ഈ രണ്ട് സ്ട്രീമുകളിലേക്കുള്ള നിയമനങ്ങളെ ഡയറക്ട് റിക്രൂട്ട്‌മെന്റ് എന്നും സ്ട്രീം – 3 ലേക്കുള്ള നിയമനത്തെ സ്ഥാനക്കയറ്റം എന്ന നിലയിലുമാണ് വ്യവസ്ഥ ചെയ്തിരുന്നത്. എന്നാല്‍ കരട് റിപ്പോര്‍ട്ടിന്മേല്‍ നടന്ന സര്‍ക്കാര്‍ തല ചര്‍ച്ചയില്‍ രാഷ്ട്രീയ പാര്‍ട്ടികളുടെയും സര്‍വീസ് സംഘടനകളുടെയും എതിര്‍പ്പിനെത്തുടര്‍ന്ന് രണ്ടും മൂന്നും സ്ട്രീമുകളിലേക്കുള്ള നിയമനങ്ങളില്‍ സംവരണം ഒഴിവാക്കപ്പെടുകയായിരുന്നു.
അതേ സമയം വയസ്സിളവ് നിലനിര്‍ത്തുകയും ചെയ്തു. 2 ഉം 3 ഉം സ്ട്രീമുകളിലേക്കുള്ള നിയമനം സ്ഥാനക്കയറ്റമാണെന്ന വാദമുയര്‍ത്തിയാണ് സര്‍വീസ് സംഘടനകള്‍ ഈ സ്ട്രീമുകളില്‍ സംവരണം ഏര്‍പ്പെടുത്തുന്നതിനെതിരെ നിലകൊണ്ടത്. മുന്‍പത്തെ ചര്‍ച്ചയില്‍ ദലിത്, ആദിവാസി, പിന്നോക്ക വിഭാഗങ്ങളെ പ്രതിനിധീകരിക്കാന്‍ ആരും ഉണ്ടായിരുന്നില്ല എന്നതും മറ്റൊരു പ്രധാന കാരണം തന്നെ. ഒടുവില്‍ പി.ആന്റ് എ.ആര്‍.ഡി. പുറത്തിറക്കിയ അന്തിമ ഉത്തരവും സ്ട്രീം 2-ലും സ്ട്രീം3 -ലും സംവരണം ഒഴിവാക്കുന്നതിനെ സാധൂകരിക്കുകയായിരുന്നു!
കെ.എ.എസ്സിലേക്ക് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന ഒഴിവുകളില്‍ സ്ട്രീം 1, സ്ട്രീം 2,സ്ട്രീം 3 എന്നിങ്ങനെ മൂന്നു രീതിയിലാണ് നിയമനം നടത്തുന്നത് എന്നു സൂചിപ്പിച്ചല്ലോ. സ്ട്രീം 1 ല്‍ മൊത്തം ഒഴിവുകളുടെ മൂന്നിലൊന്ന് ഭാഗം പി.എസ്.സി വഴി നേരിട്ടുള്ള നിയമനമാണ്. ഇതില്‍ സംവരണം ലഭ്യമാണ്. സ്ട്രീം 2-ല്‍ ബാക്കി മൂന്നിലൊന്ന് ഒഴിവുകള്‍ നികത്തുന്നത് ബൈ ട്രാന്‍സ്ഫര്‍ റിക്രൂട്ട്‌മെന്റ് വഴിയായിരിക്കും. നിലവില്‍ പ്രൊബേഷന്‍ പൂര്‍ത്തിയാക്കിയ നോണ്‍ഗസറ്റഡ് വിഭാഗത്തില്‍ നിന്നായിരിക്കും ഈ നിയമനം. സ്ട്രീം 3-ല്‍ മൊത്തം ഒഴിവിന്റെ മൂന്നിലൊന്നു ഭാഗവും ബൈ ട്രാന്‍സ്ഫര്‍ നിയമനമാണ്. നിലവില്‍ ഫസ്റ്റ് ഗസറ്റഡ് തസ്തികയിലോ അതിന് മുകളിലോ പ്രൊബേഷന്‍ പൂര്‍ത്തിയാക്കിയ ജീവനക്കാര്‍ക്കായിരിക്കും നിയമനം നല്‍കുക. ഇപ്രകാരം മൂന്നു സ്ട്രീമുകളിലായി നിയമനം നടത്തുന്ന കെ.എ.എസ്സില്‍, മൊത്തം ഒഴിവുകളില്‍ മൂന്നിലൊന്ന് ഭാഗം ഒഴിവുകള്‍ക്ക് മാത്രമെ നിലവില്‍ സംവരണം ബാധകമാക്കിയിട്ടുള്ളൂ അഥവാ മൂന്നില്‍ രണ്ട് ഭാഗം ഒഴിവുകളില്‍ സംവരണം വ്യവസ്ഥ ചെയ്യപ്പെട്ടിട്ടില്ല എന്നതാണ് ഏറെ ആശങ്കാജനകം.
സര്‍വീസില്‍ ഒരു പ്രാവശ്യം സംവരണം ലഭിച്ചവര്‍ക്ക് വീണ്ടും സംവരണം നല്‍കേണ്ടതില്ല എന്ന ന്യായമാണ് ഉന്നിയിക്കപ്പെടുന്നത്. നിയതാര്‍ഥത്തില്‍ പുതിയ കേഡര്‍ തസ്തികയായ കെ.എ.എസില്‍ നിയമനത്തിനായി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന മൊത്തം ഒഴിവുകളില്‍ നിയമനം നടത്തുമ്പോള്‍ 50 % ഒഴിവുകളില്‍ സംവരണം പാലിക്കേണ്ടതുണ്ട്. എങ്കില്‍ മാത്രമെ ഭരണഘടന അനുശാസിക്കുന്ന വിധത്തില്‍ അധികാരത്തിന്റെ എല്ലാ തലങ്ങളിലും എല്ലാ സാമൂഹിക വിഭാഗങ്ങളുടെയും പ്രാതിനിധ്യം ഉറപ്പിക്കാന്‍ കഴിയൂ.
തിരച്ചറിയപ്പെട്ടണ്ട പ്രധാന വസ്തുത കെ.എ.എസ് എന്നത് പുതിയൊരു കേഡര്‍ എന്നതാണ്. സെക്രട്ടറിയേറ്റ് ഉള്‍പ്പെടെയുള്ള മുപ്പതോളം വകുപ്പുകളിലെ 10% ഒഴിവുകളാണ് കെ.എ.എസ്സിലൂടെ നികത്താന്‍ പോകുന്നത്. അധികാരത്തിന്റെ ഉയര്‍ന്ന തലങ്ങളില്‍ ഒരു പ്രത്യേക തട്ടിനെയായിരിക്കും കെ.എ.എസ്സിലൂടെ സൃഷ്ടിക്കപ്പെടുക എന്നു സാരം. ഇപ്രകാരം രൂപീകരിക്കപ്പെടുന്ന മൊത്തം ഒഴിവുകളില്‍ 1/3 ഭാഗം ഒഴിവുകള്‍ക്ക് മാത്രമേ സംവരണം ബാധകമാകുന്നുള്ളൂ എന്നതാണ് തിരിച്ചറിയപ്പെടേണ്ട വസ്തുത.
അതായത് നിലവില്‍ സര്‍വീസിലുള്ള ജീവനക്കാരില്‍ നിന്ന് കെ.എ.എസ്സിലേക്ക് നിയമനം നടത്തുന്ന ഒഴിവുകളില്‍ സംവരണം പാലിക്കപ്പെടുന്നില്ല. സര്‍വീസില്‍ ഒരു പ്രാവശ്യം സംവരണം ലഭിച്ചവര്‍ക്ക് വീണ്ടും സംവരണം നല്‍കുന്നത് ശരിയല്ല എന്ന വാദമാണ് ഉയര്‍ത്തിക്കാട്ടുന്നത്. എന്നാല്‍ പുതിയ കേഡര്‍ തസ്തികയായതിനാല്‍ ഭരണഘടന അനുശാസിക്കുന്ന സംവരണ പരിരക്ഷകള്‍ പ്രകാരം മൊത്തം ഒഴിവുകളുടെ 50 % സംവരണ വിഭാഗങ്ങള്‍ക്ക് ലഭിക്കേണ്ടതുണ്ട് ( 40 % പിന്നോക്ക വിഭാഗങ്ങള്‍ക്കും 10% പട്ടിക വിഭാഗങ്ങള്‍ക്കും). അങ്ങനെയെങ്കില്‍ മാത്രമെ കെ.എ.എസ്സിലൂടെ നികത്തപ്പെടുന്ന അധികാരത്തിന്റെ ഉയര്‍ന്ന വിതാനങ്ങളില്‍ എല്ലാ സാമൂഹിക വിഭാഗങ്ങളുടെയും പ്രാതിനിധ്യം ഉറപ്പാക്കി സാമൂഹിക നീതിയും ഭരണഘടനാ പരിരക്ഷകളും ഉറപ്പാക്കാന്‍ കഴിയൂ.
ഇനി കെ.എ.എസ് നിയമനങ്ങള്‍ ഉദ്യോഗക്കയറ്റത്തിലൂടെ നികത്തപ്പെടുന്ന തസ്തികകളാണെന്ന് വ്യാഖ്യാനിച്ചാല്‍ തന്നെയും ഉദ്യോഗക്കയറ്റത്തില്‍ പട്ടിക വിഭാഗങ്ങള്‍ക്ക്, സംവരണം വ്യവസ്ഥ ചെയ്യണമെന്ന 27-8-2018-ലെ സുപ്രീം കോടതി വിധയുടെ അടിസ്ഥാനത്തില്‍ ഈ വിഭാഗങ്ങള്‍ക്ക് സംവരണം നല്‍കി സാമൂഹിക നീതി പരിപാലിക്കാവുന്നതേയുള്ളൂ.