| Thursday, 7th January 2021, 8:39 pm

കൊവിഡ് വ്യാപിക്കുന്നു; കര്‍ശന നടപടി സ്വീകരിക്കണമെന്ന് കേരളമടക്കം നാല് സംസ്ഥാനങ്ങളോട് കേന്ദ്രസര്‍ക്കാര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: കൊവിഡ് രോഗികള്‍ വര്‍ധിക്കുന്ന കേരളം അടക്കമുള്ള നാല് സംസ്ഥാനങ്ങള്‍ അതീവ ജാഗ്രത പാലിക്കണമെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം. ഇത് സംബന്ധിച്ച് നാല് സംസ്ഥാനങ്ങള്‍ക്ക് കേന്ദ്ര ആരോഗ്യ മന്ത്രാലയ സെക്രട്ടറി രാജേഷ് ഭൂഷണ്‍ കത്തയച്ചു.

കേരളം, മഹാരാഷ്ട്ര, ഛത്തീസ്ഗഢ്, പശ്ചിമ ബംഗാള്‍ എന്നീ സംസ്ഥാനങ്ങള്‍ക്കാണ് കത്തയച്ചത്. കൊവിഡ് കേസുകള്‍ വര്‍ധിക്കുന്നത് തടയാന്‍ കര്‍ശന നടപടികള്‍ സ്വീകരിക്കണമെന്ന് കത്തില്‍ പറയുന്നു.

രാജ്യത്തെ കൊവിഡ് കേസുകളുടെ 59 ശതമാനവും ഈ സംസ്ഥാനങ്ങളിലാണ്.

‘കൊവിഡിന്റെ പുതിയ വകഭേദം രാജ്യത്തും എത്തിയ സാഹചര്യത്തില്‍ പരിശോധനകളുടെ എണ്ണം ഒരു കാരണവശാലും കുറയ്ക്കരുത്. മറ്റുസംസ്ഥാനങ്ങള്‍ നടപ്പാക്കിയ പരിശോധന, രോഗികളുമായി സമ്പര്‍ക്കത്തില്‍ ഏര്‍പ്പെട്ടവരെ കണ്ടെത്തല്‍, ചികിത്സ എന്നിവ ഉള്‍പ്പെട്ട പദ്ധതി കാര്യക്ഷമമാക്കണം’, കത്തില്‍ പറയുന്നു.

മാസ്‌ക് ധരിക്കാനും സാമൂഹ്യ അകലം ഉറപ്പാക്കാനും നാല് സംസ്ഥാനങ്ങളും ജനങ്ങളോട് നിര്‍ദ്ദേശിക്കണമെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയ സെക്രട്ടറി നിര്‍ദ്ദേശിച്ചിട്ടുണ്ട്.

നേരത്തെ കന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷവര്‍ധനും സംസ്ഥാനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് നിര്‍ദേശിച്ചിരുന്നു. കേരളം, മഹാരാഷ്ട്ര, ഛത്തീസ്ഗഢ് എന്നീ സംസ്ഥാനങ്ങളിലെ കൊവിഡ് വ്യാപനത്തിന്റെ കാര്യം മന്ത്രി എടുത്തുപറഞ്ഞിരുന്നു.

വിവിധ വാക്സിനുകള്‍ രാജ്യത്തുണ്ടെങ്കിലും കൊവിഡ് വ്യാപനത്തിന് എതിരായ പോരാട്ടം വെല്ലുവിളി നിറഞ്ഞതാണെന്ന് വ്യക്തമാക്കുന്നതാണ് മൂന്ന് സംസ്ഥാനങ്ങളിലെ സ്ഥിതിവിശേഷമമെന്നും അദ്ദേഹം പറഞ്ഞിരുന്നു.

52,000 സജീവ കേസുകളുള്ള മഹാരാഷ്ട്രയാണ് രാജ്യത്ത് കൊവിഡ് വ്യാപനത്തില്‍ മുന്നില്‍നിന്നിരുന്നത്. 50,000 മരണങ്ങള്‍ മഹാരാഷ്ട്രയില്‍ ഇതുവരെ റിപ്പോര്‍ട്ടു ചെയ്തിട്ടുണ്ട്. എന്നാല്‍ കേരളത്തില്‍ സജീവ കേസുകളുടെ എണ്ണം 65,000 ആയി കുതിച്ചുയര്‍ന്നിട്ടുണ്ട്. ഛത്തീസ്ഗഢിലും പശ്ചിമ ബംഗാളിലും 9000ത്തോളം സജീവ കേസുകളാണ് നിലവിലുള്ളത്.

പശ്ചിമ ബംഗാളില്‍ 10,000 പേരും ഛത്തീസ്ഗഢില്‍ 3500 പേരും ഇതുവരെ കൊവിഡ് ബാധിച്ച് മരിച്ചിട്ടുണ്ട്.

കേരളത്തില്‍ യു.കെയില്‍ കണ്ടെത്തിയ കൊവിഡിന്റെ പുതിയ വകഭേദം ഇതുവരെ ആറുപേര്‍ക്ക് സ്ഥിരീകരിക്കുകയും ചെയ്തിരുന്നു.

അതേസമയം സംസ്ഥാനത്ത് ഇന്ന് 5051 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 663, കോട്ടയം 515, പത്തനംതിട്ട 514, കോഴിക്കോട് 480, മലപ്പുറം 435, ആലപ്പുഴ 432, തൃശൂര്‍ 432, കൊല്ലം 293, തിരുവനന്തപുരം 284, ഇടുക്കി 283, വയനാട് 244, പാലക്കാട് 239, കണ്ണൂര്‍ 151, കാസര്‍ഗോഡ് 86 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

യു.കെ.യില്‍ നിന്നും വന്ന 4 പേര്‍ക്ക് കഴിഞ്ഞ 24 മണിക്കൂറിനകം കൊവിഡ്-19 സ്ഥിരീകരിച്ചു. ഇതോടെ അടുത്തിടെ യു.കെ.യില്‍ നിന്നും വന്ന 47 പേര്‍ക്കാണ് ഇതുവരെ കോവിഡ്-19 സ്ഥിരീകരിച്ചത്. ഇവരുടെ സാമ്പിളുകള്‍ തുടര്‍പരിശോധനക്കായി എന്‍ഐവി പൂനെയിലേക്ക് അയച്ചിട്ടുണ്ട്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 60,613 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 8.83 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 82,85,394 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്.

കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 25 മരണങ്ങളാണ് കൊവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 3234 ആയി. ഇത് കൂടാതെ ഉണ്ടായ മരണങ്ങള്‍ എന്‍ഐവി ആലപ്പുഴയിലെ പരിശോധനയ്ക്ക് ശേഷം സ്ഥിരീകരിക്കുന്നതാണ്.

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 78 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 4489 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 448 പേരുടെ സമ്പര്‍ക്ക ഉടവിടം വ്യക്തമല്ല. എറണാകുളം 596, കോട്ടയം 480, പത്തനംതിട്ട 471, കോഴിക്കോട് 450, മലപ്പുറം 417, ആലപ്പുഴ 425, തൃശൂര്‍ 418, കൊല്ലം 284, തിരുവനന്തപുരം 176, ഇടുക്കി 263, വയനാട് 232, പാലക്കാട് 82, കണ്ണൂര്‍ 111, കാസര്‍ഗോഡ് 84 എന്നിങ്ങനേയാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.

36 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. എറണാകുളം 7, കോഴിക്കോട് 6, കണ്ണൂര്‍ 5, കൊല്ലം, തൃശൂര്‍ 4 വീതം, തിരുവനന്തപുരം 3, പത്തനംതിട്ട, വയനാട് 2 വീതം, ഇടുക്കി, പാലക്കാട്, കാസര്‍ഗോഡ് 1 വീതം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ഇന്ന് രോഗം ബാധിച്ചത്.

രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 5638 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. തിരുവനന്തപുരം 340, കൊല്ലം 270, പത്തനംതിട്ട 545, ആലപ്പുഴ 485, കോട്ടയം 349, ഇടുക്കി 65, എറണാകുളം 1102, തൃശൂര്‍ 395, പാലക്കാട് 210, മലപ്പുറം 545, കോഴിക്കോട് 517, വയനാട് 256, കണ്ണൂര്‍ 458, കാസര്‍ഗോഡ് 101 എന്നിങ്ങനേയാണ് പരിശോധനാ ഫലം ഇന്ന് നെഗറ്റീവായത്. ഇതോടെ 64,445 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 7,28,060 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,93,370 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 1,81,935 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 11,435 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 1379 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

ഇന്ന് 3 പുതിയ ഹോട്ട് സ്‌പോട്ടുകളാണുള്ളത്. പത്തനംതിട്ട ജില്ലയിലെ പന്തളം മുന്‍സിപ്പാലിറ്റി (കണ്ടെന്‍മെന്റ് സോണ്‍ സബ് വാര്‍ഡ് 31, 32), പാലക്കാട് ജില്ലയിലെ ഒറ്റപ്പാലം മുന്‍സിപ്പാലിറ്റി (27), പുതുപരിയാരം (11) എന്നിവയാണ് പുതിയ ഹോട്ട് സ്‌പോട്ടുകള്‍. ഇന്ന് 3 പ്രദേശങ്ങളെ ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കി. ഇതോടെ നിലവില്‍ ആകെ 446 ഹോട്ട് സ്‌പോട്ടുകളാണുള്ളത്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Kerala & 3 States Covid Spread Hike Central Govt Warning

We use cookies to give you the best possible experience. Learn more