രാഷ്ട്രീയമല്ല, രാജ്യം ഒറ്റക്കെട്ടാണെന്ന സന്ദേശമാണത്; പ്രധാനമന്ത്രിയുടെ 'ദീപം തെളിയിക്കല്‍' കേരളം ഏറ്റെടുക്കുമെന്ന് വി.എസ് സുനില്‍ കുമാര്‍
COVID-19
രാഷ്ട്രീയമല്ല, രാജ്യം ഒറ്റക്കെട്ടാണെന്ന സന്ദേശമാണത്; പ്രധാനമന്ത്രിയുടെ 'ദീപം തെളിയിക്കല്‍' കേരളം ഏറ്റെടുക്കുമെന്ന് വി.എസ് സുനില്‍ കുമാര്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 3rd April 2020, 6:22 pm

തിരുവനന്തപുരം: രാജ്യത്തെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി നരേന്ദ്രമോദി ആഹ്വാനം ചെയ്ത ഏപ്രില്‍ അഞ്ചിന് രാത്രി ഒമ്പത് മണിക്ക് ദീപം തെളിയിക്കണമെന്ന നിര്‍ദ്ദേശം കേരളം ഏറ്റെടുക്കുമെന്ന് മന്ത്രി വി.എസ് സുനില്‍ കുമാര്‍. പ്രധാനമന്ത്രിയുടെ ആഹ്വാനത്തിനെതിരെ വ്യാപക വിമര്‍ശനമുയരുമ്പോഴാണ് പ്രതികരണവുമായി വി.എസ് സുനില്‍ കുമാര്‍ രംഗത്തെത്തിയിരിക്കുന്നത്.

പ്രധാനമന്ത്രിയുടെ ആഹ്വാനത്തില്‍ രാഷ്ട്രീയം കാണേണ്ടതില്ല. അത് ഒരുമയുടെ സന്ദേശമാണെന്നും സുനില്‍ കുമാര്‍ പറഞ്ഞു. ഏഷ്യാനെറ്റ് ന്യൂസാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.

‘ലോക് ഡൗണില്‍ എല്ലാവരും വീട്ടില്‍ ഒറ്റപ്പെട്ട് കഴിയുകയാണ്. എങ്കിലും ഈ മഹാമാരിയെ പ്രതിരോധിക്കാന്‍ രാജ്യം ഒറ്റക്കെട്ടാണെന്ന സന്ദേശമാണ് പ്രധാനമന്ത്രി മുന്നോട്ടുവെക്കുന്നത്. അതില്‍ രാഷ്ട്രീയം കാണേണ്ടതില്ല. രാജ്യം മുഴുവനും കൊറോണയ്‌ക്കെതിരെ അണിനിരിക്കുകയാണെന്ന് നമുക്ക് ലോകത്തിന് കാണിച്ച് കൊടുക്കാനാവും’, വി.എസ് സുനില്‍കുമാര്‍ പറഞ്ഞു.

പ്രധാനമന്ത്രിയുടെത് പ്രശംസ മാത്രം ലക്ഷ്യം വെച്ചുള്ള വിവേക ശൂന്യമായ ആഹ്വാനമാണെന്നാണ് രാജ്യത്തെ പ്രതിപക്ഷ പാര്‍ട്ടികളെല്ലാം പ്രതികരിച്ചത്. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളായ പി ചിദംബരവും ശശി തരൂരുമെല്ലാം ഇതിനെതിരെ രംഗത്തെത്തിയിരുന്നു.

തൃണമൂല്‍ കോണ്‍ഗ്രസ് എം.പി മഹുവ മൊയ്ത്രയും പ്രധാനമന്ത്രിയുടെ നിര്‍ദ്ദേശത്തെ വിമര്‍ശിച്ച് ട്വീറ്റ് ചെയ്തിരുന്നു. സംസ്ഥാനങ്ങള്‍ക്കുള്ള വിഹിതം പ്രഖ്യാപിക്കാതെ മോദി എന്താണ് ചെയ്യുന്നതെന്നും മഹുവ മൊയ്ത്ര ചോദിച്ചു.

പ്രധാനമന്ത്രിയുടെ നിര്‍ദേശത്തെ പരിഹസിച്ചുക്കൊണ്ട് മുന്‍ ഐ.എ.എസ് ഉദ്യോഗസ്ഥന്‍ കണ്ണന്‍ ഗോപിനാഥനും രംഗത്തെത്തി. ടോര്‍ച്ചിനും ബാറ്ററിക്കും മെഴുകുതിരിക്കും ഇതുവരെ ക്ഷാമം ഉണ്ടായിരുന്നില്ല. ഇപ്പോള്‍ അതുംകൂടിയായെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.

ഏപ്രില്‍ അഞ്ച് ഞായറാഴ്ച രാത്രി 9 മണിയ്ക്ക് 9 മിനിറ്റ് വീട്ടിലെ ലൈറ്റണച്ച് ടോര്‍ച്ച്, മൊബൈല്‍ ലൈറ്റ് എന്നിവ പ്രകാശിപ്പിക്കണമെന്നാണ് പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തോടുള്ള വീഡിയോ സന്ദേശത്തില്‍ ആവശ്യപ്പെട്ടത്.