'വിവരാവകാശ കമ്മീഷണറെ തെരഞ്ഞെടുത്തത് കമ്മിറ്റി അംഗമായ ഞാൻ അറിയാതെ'; കേന്ദ്രത്തിനെതിരെ രാഷ്‌ട്രപതിക്ക് കത്തെഴുതി അധീർ രഞ്ജൻ ചൗധരി
national news
'വിവരാവകാശ കമ്മീഷണറെ തെരഞ്ഞെടുത്തത് കമ്മിറ്റി അംഗമായ ഞാൻ അറിയാതെ'; കേന്ദ്രത്തിനെതിരെ രാഷ്‌ട്രപതിക്ക് കത്തെഴുതി അധീർ രഞ്ജൻ ചൗധരി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 7th November 2023, 3:39 pm

ന്യൂദൽഹി: മുഖ്യ വിവരാവകാശ കമീഷണറെ തെരഞ്ഞെടുക്കുന്ന പ്രക്രിയകൾ തന്നിൽ നിന്ന് മറച്ചുപിടിച്ചെന്നും ജനാധിപത്യ നയങ്ങൾ കാറ്റിൽ പറത്തിയെന്നും ആരോപിച്ച് തെരഞ്ഞെടുപ്പ് കമ്മിറ്റി അംഗവും കോൺഗ്രസ്‌ നേതാവുമായ അധീർ രഞ്ജൻ ചൗധരി രാഷ്‌ട്രപതി ദ്രൗപതി മുർമുവിന് കത്തെഴുതി.

പ്രതിപക്ഷത്തിന്റെ ശബ്ദം പൂർണമായും അവഗണിച്ചെന്നും ഇത് ജനാധിപത്യത്തിന് ഉചിതമല്ലെന്നും അധീർ കത്തിൽ പറയുന്നു.

നവംബർ ആറിന് മുൻ ഐ.എ.എസ് ഉദ്യോഗസ്ഥനായ ഹീരാലാൽ സമരിയയെ മുഖ്യ വിവരാവകാശ കമ്മീഷണറായി മുർമു നിയമിച്ചിരുന്നു.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള തെരഞ്ഞെടുപ്പ് കമ്മിറ്റിയുടെ യോഗത്തിന്റെ സമയം നവംബർ മൂന്നിന് വൈകുന്നേരത്തിൽ നിന്ന് രാവിലത്തേക്ക് മാറ്റിവെക്കണമെന്ന തന്റെ അഭ്യർത്ഥന അംഗീകരിച്ചില്ലെന്നും തീരുമാനം പോലും തന്നെ അറിയിച്ചില്ലെന്നും അധീർ ആരോപിച്ചു.

നവംബർ മൂന്നിന് വൈകീട്ട് ആറ് മണിക്ക് പ്രധാനമന്ത്രിയുടെ വസതിയിൽ ചേർന്ന യോഗത്തിൽ സി.ഐ.സി/ഐ.സി.എസ് ഉദ്യോഗസ്ഥരെ തെരഞ്ഞെടുക്കുകയായിരുന്നു.

‘പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയും മാത്രം ഹാജരായ യോഗത്തിൽ പ്രതിപക്ഷത്തിന്റെ മുഖമായ, സെലക്ഷൻ കമ്മിറ്റി അംഗമായ ഞാൻ ഉണ്ടായില്ല.

യോഗം നടന്ന് മണിക്കൂറുകൾക്കകം തെരഞ്ഞെടുത്ത ഉദ്യോഗസ്ഥരെ പ്രഖ്യാപിക്കുകയും വിജ്ഞാപനമിറക്കുകയും ഓഫീസിൽ അവരോധിക്കുകയും ചെയ്തു. ഇതിൽ നിന്നെല്ലാം മനസ്സിലാകുന്നത് തെരഞ്ഞെടുപ്പ് പ്രക്രിയ മുഴുവൻ മുൻകൂട്ടി തീരുമാനിച്ചതാണ് എന്നതാണ്,’ അദ്ദേഹം പറഞ്ഞു.

സുപ്രധാനമായ വിവരാവകാശ നിയമത്തിന് കീഴിലുള്ള തസ്തികകളിലേക്കുള്ള തെരഞ്ഞെടുപ്പിൽ പങ്കെടുക്കാൻ തനിക്ക് ആഗ്രഹമുണ്ടായിരുന്നു എന്നും പ്രതിപക്ഷത്തിന്റെ പ്രതിനിധി ഇല്ലാതെ എടുത്ത തീരുമാനം ജനാധിപത്യത്തിന് വിരുദ്ധമാണെന്നും അദ്ദേഹം കത്തിൽ പറഞ്ഞു.

യോഗത്തിലെ തീരുമാനങ്ങൾ തന്നെ അറിയിച്ചില്ലെന്ന് മാത്രമല്ല, തെരഞ്ഞെടുക്കപ്പെട്ട ഉദ്യോഗസ്ഥരുടെ സ്ഥാനാരോഹണത്തിൽ പങ്കെടുക്കാൻ തനിക്ക് ക്ഷണക്കത്ത് അയക്കുകയാണ് ചെയ്തതെന്നും അധീർ പറയുന്നു.

തസ്തികകളിലേക്ക് നിയമനം നടത്താൻ കേന്ദ്ര, സംസ്ഥാന സർക്കാരുകൾ നടപടികൾ സ്വീകരിക്കണമെന്നും അല്ലാത്തപക്ഷം വിവരാവകാശ നിയമം കലഹരണപ്പെട്ടത് പോലെയാകുമെന്നും ഒക്ടോബർ 30ന് സുപ്രീം കോടതി പറഞ്ഞിരുന്നു.

കേന്ദ്ര വിവരാവകാശ കമ്മീഷനിലെ (സി.ഐ.എസ്) സുതാര്യതാ പാനലിൽ വിവരാവകാശ കമ്മീഷണറായിരുന്ന സമരിയ മുഖ്യ വിവരാവകാശ കമ്മീഷണറാകുന്ന ആദ്യ ദളിത്‌ വ്യക്തിയാണ്.

ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകർ, പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്രമന്ത്രി ജിതേന്ദ്ര സിങ് എന്നിവർ സ്ഥാനരോഹണ ചടങ്ങിൽ പങ്കെടുത്തു.

Content Highlight: ‘Kept in the dark’: Congress MP Adhir Ranjan on selection of Chief Information Commissioner